ന്യൂ ഇയര്‍-ക്രിസ്തുമസ് അവധിക്കാലത്ത് അന്തര്‍ സംസ്ഥാന യാത്ര നിരക്കില്‍ പകൽകൊള്ള. വിമാന കമ്പനികളും ബസുടമകളും യാത്രക്കാരിൽ നിന്നും ഇപ്പോഴുള്ളതിന്‍റെ ഇരട്ടിയിലധികം ചാര്‍ജാണ് ഈടാക്കുന്നത്. അവധിക്കാലത്തെ യാത്രയെ മുതലെടുത്താണ് വർധന. ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഡിസംബര്‍ 15 മുതല്‍ തന്നെ ചാര്‍ജ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇക്കണോമി ക്ലാസില്‍ മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ശരാശരി 7308 രൂപയാണെങ്കില്‍ ക്രിസ്തുമസിന് തലേന്ന് ഇത് ആറിരട്ടിയിലധികമാണ്.
ചിലവ് താങ്ങാനാവാതെ ആകാശയാത്ര ഒഴിവാക്കി അന്തര്‍ സംസ്ഥാന സ്വകാര്യ ബസിനെ ആശ്രയിക്കാൻ തീരുമാനിച്ചാലും രക്ഷയില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രക്ക് സ്വകാര്യ ബസുകളെല്ലാം അവധിക്കാലത്ത് ഈടാക്കുന്നത് ഭീമമായ തുകയാണ്.
സാധാരണ ദിവസങ്ങളിൽ 800 രൂപ മുതൽ 2000 രൂപ വരെ ഈടാക്കുന്ന വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ മൂവ്വായിരം മുതല്‍ നാലായിരം രൂപവരെയായി വർധിച്ചിരിക്കുന്നു. വരും ദിവസങ്ങളിൽ വീണ്ടും വർധിക്കാനാണ് സാധ്യത. വർധന തീരുമാനിച്ചതിനാൽ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള അവസരം ഇപ്പോൾ നൽകുന്നില്ലെന്നാണ് ആക്ഷേപം. മറ്റ് സംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാർഥികളും തൊഴിലാളികളുമുൾപ്പെടെയുള്ളവരാണ് ദുരിതം പേറുന്നത്. എല്ലാ സീസണിലും ഈ കൊള്ള നടക്കാറുണ്ടെങ്കിലും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.