തിരുവനന്തപുരം: കെട്ടിടം വാടകക്ക് എടുക്കുന്നവര്‍ക്കും ഉടമകള്‍ക്കും ഇരുട്ടടിയായി പുതിയ സ്റ്റാമ്പ് ഡ്യൂട്ടി പരിഷ്കാരം. ഭൂമി, കെട്ടിടം എന്നിവ പാട്ടത്തിനോ വാടകയ്ക്കോ നല്‍കുമ്പോഴുള്ള ഉടമ്പടിക്ക് കരാർ കാലത്തെ ആകെ വാടകയുടെ വാർഷിക ശരാശരി കണക്കുകൂട്ടി അതിന്റെ എട്ടു ശതമാനമായിരുന്നു നേരത്തേ സ്റ്റാമ്പ് ഡ്യൂട്ടി. 10 മുതൽ 20 വർഷം വരെയുള്ള കരാറുകൾക്ക് 16 ശതമാനവും. പുതിയ നിയമ പ്രകാരം ഭൂമിയുടെ ന്യായവിലയും, കെട്ടിടത്തിന്റെ വിലയും നിശ്ചയിച്ചാണ് സ്റ്റാമ്പ് ഡ്യൂട്ടി നല്‍കേണ്ടത്. കഴിഞ്ഞ ബജറ്റിലെ ഈ ശിപാർശ ഏപ്രിൽ ഒന്നിന് നിലവിൽ വന്നതോടെ പാട്ടം, വാടക കരാറുകൾക്ക് അതിഭീമമായ സ്റ്റാമ്പ് ഡ്യൂട്ടി വർധനയാണ് വന്നിരിക്കുന്നത്.
പ്രതിമാസം ശരാശരി 90,000 രൂപ വാടക ലഭിക്കുന്ന കെട്ടിടമോ ഭൂമിയോ 20 വര്‍ഷകാലാവധിക്ക് പാട്ടത്തിന് നല്കുമ്പോള് അതിന്റെ വാർഷിക ശരാശരിയുടെ 16 ശതമാനമായ 1,72,800 രൂപയാണ് സ്റ്റാമ്പ് ഡ്യൂട്ടിയായി മുമ്പ് നല്‍കേണ്ടിയിരുന്നത്. പുതിയ ക്രമീകരണ പ്രകാരം കുറഞ്ഞത് 8,64,000 രൂപ സ്റ്റാമ്പ് ഡ്യൂട്ടി നല്‍കണം. ഇതിനു പുറമേയാണ് രജിസ്ട്രേഷന് ഫീസ്. ഉടമക്ക് വാടകക്കാരന് സെക്യൂരിറ്റിയായി നല്കുന്ന തുകയ്ക്കും സ്റ്റാമ്പ് ഡ്യൂട്ടി നല്‍കണം.
കെട്ടിടവും ഭൂമിയും പാട്ടത്തിനോ വാടകയ്ക്കോ നല്കുമ്പോള് വാടക /പാട്ടത്തുക നിശ്ചയിക്കുന്നത് വാടകക്കാരും ഭൂവുടമയും തമ്മിലാണ്. ഭൂമിപാട്ടത്തിനു നല്കുമ്പോള് തുച്ഛമായ പാട്ടത്തുകയാണ് പലയിടത്തും ഭൂവുടമക്ക് നല്‍കുന്നത്. ഇത്തരത്തിലുള്ള പാട്ടക്കരാറുകള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വളരെ കുറച്ച് സ്റ്റാമ്പ് ഡ്യൂട്ടിയാണ് ഇതുവരെ ചെലവായിരുന്നത്. ഇനി ന്യായവില അടിസ്ഥാനമാക്കി സ്റ്റാമ്പ് ഡ്യൂട്ടി നിശ്ചയിക്കുന്നത് ഭൂമി പാട്ടത്തിനെടുത്ത് കൃഷിയും കച്ചവടവും ചെയ്യുന്നവര്‍ക്ക് ചെലവ് വർധിപ്പിക്കും. ഇതിനൊപ്പം 11 മാസത്തെ വാടക കരാറുകള്‍ക്ക് 200 രൂപയായിരുന്നത് 500 രൂപയാക്കി. എന്നാല്‍, മറ്റു കരാറുകള്‍ക്കുള്ള സ്റ്റാമ്പ് ഡ്യൂട്ടി 200ല്‍ മാറ്റമില്ലാതെ തുടരുന്നു. കെട്ടിട വാടകയുടെ 18 ശതമാനം ജി.എസ്.ടിയായും അടയ്ക്കണം. ഇതിനു പുറമേയാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള കെട്ടിട നികുതി അടയ്ക്കേണ്ടത്.
- നേരത്തെ ഭൂമി, കെട്ടിടം എന്നിവ പാട്ടത്തിനോ വാടകയ്ക്കോ നല്‍കുമ്പോഴുള്ള ഉടമ്പടിക്ക് കരാർ കാലത്തെ ആകെ വാടകയുടെ വാർഷിക ശരാശരി കണക്കുകൂട്ടി അതിന്റെ എട്ടു ശതമാനമായിരുന്നു സ്റ്റാമ്പ് ഡ്യൂട്ടി. 10 മുതൽ 20 വർഷം വരെയുള്ള കരാറുകൾക്ക് 16 ശതമാനവും.
- പുതിയ നിയമ പ്രകാരം ഭൂമിയുടെ ന്യായവിലയും, കെട്ടിടത്തിന്റെ വിലയും നിശ്ചയിച്ചാണ് സ്റ്റാമ്പ് ഡ്യൂട്ടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.