56 വർഷം മുമ്പ് ലഡാക്കിൽ വിമാനം തകർന്ന് മരിച്ച സൈനികന്റെ സംസ്കാരം ഇന്ന് ജന്മനാട്ടിൽ

തിരുവനന്തപുരം: ഹിമാചലിലെ മഞ്ഞുമലയിൽ 56 വർഷം മുമ്പ് വിമാനം തകർന്ന് വീരമൃത്യു വരിച്ച സൈനികൻ തോമസ് ചെറിയാന്‍റെ സംസ്കാരം ഇന്ന് ജന്മനാടായ പത്തനംതിട്ടയിലെ ഇലന്തൂരിൽ നടക്കും.

വ്യാഴാഴ്ച ഉച്ചക്ക് 12.30ന് ശംഖുമുഖം ആഭ്യന്തര ടെർമിനലിൽ പ്രത്യേക സൈനിക വിമാനത്തിലാണ് മൃതദേഹമെത്തിച്ചത്. കേന്ദ്രസർക്കാറിനെ പ്രതിനിധാനം ചെയ്ത്​ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും സംസ്ഥാന സർക്കാറിനായി മന്ത്രി വീണാ ജോർജും ആദരം അർപ്പിച്ചു.

പാങ്ങോട് സൈനിക ക്യാമ്പിലെ മോർച്ചറിൽ സൂക്ഷിച്ച മൃതദേഹം രാവിലെ 10.30 ഓടെ സൈനിക അകമ്പടിയിൽ പത്തനംതിട്ട ഇലന്തൂരിലെ വീട്ടിലെത്തിക്കും.

പരിശീലനം പൂർത്തിയാക്കി ആദ്യ നിയമനം നേടിയ ലേ ലഡാക്കിലേക്ക് സഹപ്രവർത്തകർക്കൊപ്പം പോകുമ്പോൾ 22ാം വയസ്സിലാണ് ദുരന്തത്തിന് ഇരയായത്.1968 ഫെബ്രുവരി ഏഴിനാണ് ഹിമാചൽ പ്രദേശിലെ റോത്താങ്​ പാസിൽ 102 സൈനികർ സഞ്ചരിച്ച വ്യോമസേന വിമാനം കാണാതായത്. ഒമ്പതുപേരുടെ മൃതദേഹങ്ങൾ മാത്രമേ ഇതുവരെ കണ്ടെടുക്കാനായിരുന്നുള്ളൂ.

കരസേനയുടെ ഡോഗ്രാ സ്കൗട്ടിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ 24ന് ആരംഭിച്ച തിരച്ചിലിലാണ് തോമസ് ചെറിയാൻ, ആർമി മെഡിക്കൽ കോർപ്സിലെ ശിപായി ഉത്തരാഖണ്ഡ് സ്വദേശി നാരായൺ സിങ്​, പയനിയർ യൂനിറ്റിലെ മൽഖാൻ സിങ്​ എന്നിവരുടെ മൃതദേഹങ്ങൾ കിട്ടിയത്. യൂനിഫോമിലെ നെയിം ബാഡ്ജും അതിലെ 7093526 എന്ന നമ്പറും കത്തിയ പേ ബുക്കിന്‍റെ അവശേഷിച്ച ഭാഗവുമാണ് മൃതദേഹം തിരിച്ചറിയാൻ സഹായകമായത്.

കരസേന ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ വിഭാഗത്തിൽ ക്രാഫ്റ്റ്മാനായിരുന്നു തോമസ്. 18ാം വയസ്സിൽ സൈന്യത്തിൽ ചേർന്നു. ലേയിലേക്ക് പോകുന്നെന്ന തോമസിന്‍റെ കത്ത് വീട്ടിൽ കിട്ടിയതിന്‍റെ പിറ്റേന്നാണ്​ ദുരന്തം.

Tags:    
News Summary - IAF's 1968 crash: Bodies of soldiers come home after 56 yrs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.