ഇടുക്കി മുഴുവൻ ഷട്ടറുകളും തുറന്നതിനു പിന്നാലെ ഇടമലയാർ ഡാമും തുറക്കുന്നു

കൊച്ചി: ഇടുക്കി ഡാമിന്‍റെ മുഴുവൻ ഷട്ടറുകളും തുറന്നതിനു പിന്നാലെ ഇടമലയാർ ഡാം ഇന്ന് തുറക്കും. ഡാമിന്‍റെ പരമാവധി സംഭരണ ശേഷി 169 മീറ്ററാണെന്നിരിക്കെ 163.2 ലാണ് ഇപ്പോൾ ജലനിരപ്പ്. ഇതേതുടർന്നാണ് വെള്ളം തുറന്നു വിടാൻ തീരുമാനിച്ചിരിക്കുന്നത്.

രാവിലെ 10ഓടെയാണ് ഡാം തുറക്കുക. ആദ്യഘട്ടത്തിൽ സെക്കൻഡിൽ 50,000 ലിറ്റർ മുതൽ ഒരു ലക്ഷം ലിറ്റർ വരെ വെള്ളം തുറന്നുവിടാനാണ് തീരുമാനം. ഈ വെള്ളം എത്തുക ഭൂതത്താൻ അണക്കെട്ടിലാണ്. ഇടുക്കിയിൽനിന്നുള്ള വെള്ളവും ഇവിടെയാണ് എത്തുന്നത്.

ഇതോടെ പെരിയാറില്‍ ജലനിരപ്പുയരുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് എറണാകുളം ജില്ല ഭരണകൂടം അറിയിച്ചു. മുൻകരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും ജനം ജാഗ്രത പാലിക്കണമെന്നും ജില്ല കലക്ടര്‍ രേണു രാജ് അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് ആഗസ്റ്റ് 12 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.

ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിൽനിന്ന്​ പുറത്തേക്ക്​ ഒഴുക്കുന്ന വെള്ളത്തിന്‍റെ അളവ്​ വർധിപ്പിച്ചു

തൊടുപുഴ: ജലനിരപ്പ്​ ഉയർന്നതിനെത്തുടർന്ന്​ ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിൽനിന്ന്​ പുറത്തേക്ക്​ ഒഴുക്കുന്ന വെള്ളത്തിന്‍റെ അളവ്​ വർധിപ്പിച്ചു. തുറന്നുവെച്ചിരുന്ന ഷട്ടറുകൾ അധികം ഉയർത്തിയും കൂടുതൽ ഷട്ടറുകൾ തുറന്നുമാണ്​ ജലനിരപ്പ്​ താഴ്ത്താനുള്ള ശ്രമം. ഇടുക്കിയുടെ അഞ്ച്​ ഷട്ടറും തുറന്നു. തിങ്കളാഴ്ച​ വൈകീട്ടത്തെ കണക്കുപ്രകാരം ഇടുക്കിയിൽ 2386.34 അടിയും മുല്ലപ്പെരിയാറിൽ 139.45 അടിയുമാണ്​ ജലനിരപ്പ്​. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് സ്പിൽവേയിലൂടെ ഒഴുക്കുന്ന വെള്ളത്തിന്‍റെ അളവ് വർധിപ്പിച്ചതിനാലും ഇടുക്കിയിൽ ജലനിരപ്പ് ഗണ്യമായി ഉയരുകയാണ്​​. 

Tags:    
News Summary - idamalayar dam too will open today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.