ചെറുതോണി: അധിക ജലം ക്രമീകരിക്കുന്നതിനായി ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് തുറന്നു. രാവിലെ 10 മണിയോടെ അണക്കെട്ടിന്‍റെ മൂന്നാമത്തെ ഷട്ടർ 40 സെന്‍റീമീറ്റർ ഉയർത്തിയാണ് സെക്കൻഡിൽ 40 ഘനയടി (40,000 ലിറ്റർ) വെള്ളം പെരിയാറി നദിയിലേക്ക് ഒഴുക്കി വിടുന്നത്. ഏഴാം തവണയാണ് ഇടുക്കി അണക്കെട്ട് തുറക്കുന്നത്. ഒരു വർഷത്തിനിടെ മൂന്നാം തവണ അണക്കെട്ട് തുറക്കുന്നത് ചരിത്രത്തിലാദ്യമാണ്.
അണക്കെട്ടിലെ ജലനിരപ്പ് അപ്പർ റൂൾ ലെവലായ 2400.03 അടിക്ക് മുകളിലെത്താനുള്ള സാധ്യത കണക്കിലെടുത്താണ് അധിക ജലം ക്രമീകരിക്കാനുള്ള കെ.എസ്.ഇ.ബിയുടെ നടപടി. കൂടാതെ, ഇന്ന് രാവിലെ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്ന് വെള്ളം ഒഴുക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ കൂടി പരിഗണിച്ചാണ് അധികൃതരുടെ തീരുമാനം.
രാവിലെ രേഖപ്പെടുത്തിയത് പ്രകാരം 2399.40 അടിയാണ് നിലവിലെ ജലനിരപ്പ്. 1397.296 ഘനയടി വെള്ളമാണ് സംഭരണിയിലുള്ളത്. സംഭരണശേഷിയുടെ 95.73 ശതമാനമാണിത്. 2403.00 അടിയാണ് അണക്കെട്ടിന്‍റെ ആകെ സംഭരണശേഷി. കഴിഞ്ഞ വർഷം ഇതേ സമയത്ത് 2393.18 അടി വെള്ളമാണ് ജലസംഭരണിയിൽ ഉണ്ടായിരുന്നത്.
അണക്കെട്ട് തുറക്കുന്ന സാഹചര്യത്തിൽ ചെറുതോണി ടൗൺ, പെരിയാറിന്‍റെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഡാം തുറക്കുന്ന സമയം വെള്ളപ്പാച്ചിൽ ഉണ്ടാകുന്ന സ്ഥലങ്ങളിലെ പുഴ മുറിച്ചു കടക്കുന്നതും ഈ സ്ഥലങ്ങളിലെ മീൻപിടിത്തവും നിരോധിച്ചിരിക്കുന്നു. നദിയിൽ കുളിക്കുന്നതും തുണി അലക്കുന്നത് ഒഴിവാക്കുക. വീഡിയോ, സെൽഫി എടുക്കൽ, ഫേസ്ബുക് ലൈവ് എന്നിവ കർശനമായി നിരോധിച്ചിരിക്കുന്നു.
ഈ മേഖലകളിൽ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾ പൊലീസിന് നിർദേശങ്ങൾ കർശനമായി പാലിക്കണം. മാധ്യമപ്രവർത്തകർ അവർക്ക് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രം ചിത്രീകരണം നടത്തേണ്ടതാണ് എന്നും ജില്ലാ കലക്ടർ അറിയിച്ചു.
സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അടുത്ത മൂന്നു മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അണക്കെട്ട് തുറക്കുന്നത് ഏഴാം തവണ, ഒരു വർഷത്തിനിടെ മൂന്നാം തവണ
ജലനിരപ്പ് പൂർണ സംഭരണശേഷിയിലേക്ക് എത്തിയതിനെത്തുടർന്ന് ഇടുക്കി അണക്കെട്ട് ഏഴാം തവണയാണ് തുറക്കുന്നത്. അധിക ജലം ക്രമീകരിക്കുന്നതിന്‍റെ ഭാഗമായാണ് അണക്കെട്ടിെൻറ മൂന്നാമത്തെ ഷട്ടർ 40 സെ.മീ. ഉയർത്താൻ തീരുമാനിച്ചത്. ഒരു വർഷത്തിനിടെ മൂന്നു തവണ അണക്കെട്ട് തുറക്കുന്നത് ചരിത്രത്തിലാദ്യമാണ്.
1981 ഒക്ടോബർ 29, 1992 ഒക്ടോബർ 12, 2018 ആഗസ്റ്റ് ഒമ്പത്, 2018 ഒക്ടോബർ ആറ് , 2021 ഒക്ടോബർ 19 തീയതികളിലാണ് ഇതിന് മുമ്പ് ഇടുക്കി അണക്കെട്ട് തുറന്നത്.
1981 ഒക്ടോബർ 29നാണ് ആദ്യമായി ഡാം തുറന്നത്. ചെറുതോണിയിലെ അഞ്ച് ഷട്ടറും 15 ദിവസം തുറന്നുവെച്ചു. 1992 ഒക്ടോബർ 12 ന് അഞ്ച് ദിവസം തുറന്നു.
26 വർഷത്തിന് ശേഷം പ്രളയകാലത്ത് 2018 ആഗസ്റ്റ് ഒമ്പതിനാണ് മൂന്നാമത് തുറന്നത്. സെപ്റ്റംബർ ഏഴ് വരെ 29 ദിവസം ഷട്ടറുകൾ 70 സെ.മീ. തുറന്നുവെച്ചു. 15 മിനിറ്റ് കൊണ്ട് 50 സെ.മീ. ഉയർത്തി സെക്കൻഡിൽ 50 ഘനമീറ്റർ വെള്ളം പുറത്തേക്കൊഴുക്കി. ചെറുതോണിയാറിേലക്ക് വെള്ളം ഇരച്ചെത്തിയതോടെ ആദ്യം പാലവും തുടർന്ന് ചെറുതോണി ടൗണും വെള്ളത്തിലായി.
2018 ഒക്ടോബർ ആറിന് തുറന്നെങ്കിലും വെള്ളം ശാന്തമായൊഴുകി കടന്നുപോയി.
2021 ഒക്ടോബർ 19ന് തുറന്ന മൂന്ന് ഷട്ടറിൽ രണ്ടെണ്ണം 22നും മൂന്നാമത്തേത് 27 നും അടച്ചു. തുടർന്ന് നവംബർ 14ന് അണക്കെട്ടിന്‍റെ ഒരു ഷട്ടർ വീണ്ടും 40 സെന്‍റീമീറ്റർ ഉയർത്തി സെക്കൻഡിൽ 40,000 ലിറ്റർ ജലം പെരിയാറിലേക്ക് ഒഴുക്കിവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.