തൊടുപുഴ: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി ഡാമിന്‍റെ ഷട്ടർ ചൊവ്വാഴ്ച പുലർച്ചെ ആറിന് തുറന്നു. ജലനിരപ്പ് 2401 അടി എത്തിയതോടെ ഒരു ഷട്ടർ 40 സെന്‍റിമീറ്ററാണ് തുറന്നത്. മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ ജലം ഒഴുകിയെത്തിയതിനെ തുടർന്നാണ് ഇടുക്കി ഡാം തുറക്കേണ്ടിവന്നത്. പെരിയാർ തീരത്ത് അതീവ ജാഗ്രത നിർദേശം നൽകി.
40 മുതൽ 150 വരെ ഘനയടി വെള്ളം ഒഴുക്കിവിടും. മൂന്ന് സൈറണുകൾ മുഴക്കിയതിന് ശേഷമാണ് ഡാം തുറന്നത്.
മുല്ലപ്പെരിയാർ ഡാം കഴിഞ്ഞ ദിവസം തുറന്നതിനെ തുടർന്നാണ് ഇടുക്കി ഡാമിൽ ജലനിരപ്പ് ക്രമാതീതമായി കൂടിയത്. രാത്രി വൈകിയാണ് മുല്ലപ്പെരിയാറിന്റെ ഒമ്പത് ഷട്ടറുകൾ തമിഴ്‌നാട് ഉയർത്തിയത്. തുടർന്ന് വള്ളക്കടവിൽ ഉൾപ്പെടെ പലയിടത്തും വെള്ളം കയറിയിരുന്നു.
രാത്രിയിൽ മുല്ലപ്പെരിയാർ ഡാം തുറന്നുവിട്ടതിനെതിരെ മന്ത്രി റോഷി അഗസ്റ്റിൻ രൂക്ഷമായി പ്രതികരിച്ചിരുന്നു. മുന്നറിയിപ്പില്ലാതെ രാത്രി ഷട്ടറുകൾ തുറന്നതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും ജലനിരപ്പ് 142 അടിയിലെത്തുന്നതിന് മുമ്പ് ഇത്തരത്തിൽ ഡാം തുറന്നുവിട്ടത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
മുല്ലപ്പെരിയാറിൽ ഇന്നലെ രാത്രി തുറന്ന ഒമ്പത് ഷട്ടറുകളിൽ എട്ടും അടച്ചു. തുറന്ന ഒരു ഷട്ടറിലൂടെ 142 ഘനയടി വെള്ളമാണ് ഒഴുക്കുന്നത്. നിലവിൽ ജലനിരപ്പ് 141.85 അടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.