ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി ഡാം തുറന്നപ്പോൾ

ഇടുക്കി ഡാം തുറന്നു; ചെറുതോണി പുഴയിലൂടെ വെള്ളം പെരിയാറിലേക്ക്

ചെറുതോണി: ശക്​തമായ മഴയെ തുടർന്ന്​ ജലനിരപ്പ്​ ഉയർന്ന സാഹചര്യത്തിൽ ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് തുറന്നു. രാവിലെ 10.59 മണി മുതൽ ചെറുതോണി ഡാമിന്‍റെ മൂന്ന്​ ഷട്ടറുകൾ 35 സെന്‍റീമീറ്റർ വീതമാണ് ഉയർത്തിയത്. സെക്കൻഡിൽ 100 ക്യുമക്സ് വെള്ളമാണ് (ഒരു ലക്ഷം ലിറ്റര്‍) ചെറുതോണി പുഴയിലൂടെ പുറത്തേക്ക് ഒഴുക്കിവിടുന്നത്.

അണക്കെട്ടിന്‍റെ ഷട്ടറുകൾ തുറക്കുന്നതിന്‍റെ മുന്നോടിയായി രാവിലെ 10.49ന് ആദ്യ മുന്നറിയിപ്പ് സൈറൺ മുഴങ്ങി. തുടർന്ന് 10.50നും 10.55നും രണ്ടും മൂന്നും സൈറണുകൾ മുഴങ്ങിയതിന് പിന്നാലെ 10.59ന് അണക്കെട്ടിന്‍റെ മൂന്നാമത്തെ ഷട്ടർ ആദ്യം തുറന്നു. ചെറുതോണിയിലെ ജലനിരപ്പ് വിലയിരുത്തി 12 മണിയോടെ രണ്ടാമത്തെ ഷട്ടറും 12.30ഒാടെ നാലാമത്തെ ഷട്ടറും ഉയർത്തി.

Full View

ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി, ജില്ല കലക്ടർ ഷീബ ജോർജ്, വൈദ്യുതി ബോർഡ് ചീഫ് എൻജിനീയർ സുപ്രിയ എസ്. ഡെപ്യൂട്ടി ചീഫ് എൻജിനീയർ പ്രസന്നകുമാർ, എക്സിക്യൂട്ടീവ് ആർ. ശ്രീദേവി എന്നിവരുടെ സാന്നിധ്യത്തിൽ ഷട്ടറുകൾ തുറന്നത്.

ചെറുതോണി ഡാമിന്‍റെ ഷട്ടറുകൾ തുറന്നതോടെ വെള്ളം ആദ്യം ചെറുതോണി പുഴയിലൂടെ ഒഴുകി പെരിയാറിലേക്ക് കുതിച്ചു. അവിടെനിന്ന്​ വെ​ള്ളം ത​ടി​യ​മ്പാ​ട്​-​ക​രി​മ്പ​ൻ ച​പ്പാ​ത്തി​ലൂ​​ടെ എ​റ​ണാ​കു​ളം ജി​ല്ല അ​തി​ർ​ത്തി​യാ​യ ലോ​വ​ർ പെ​രി​യാ​ർ, പാം​ബ്ല അ​ണ​ക്കെ​ട്ട്​ വ​ഴി നേ​ര്യ​മം​ഗ​ലം, ഭൂതത്താൻകെട്ട്​ അണക്കെട്ടിലൂടെ കീരമ്പാറയിൽ എത്തും.

ചെറുതോണി അണക്കെട്ടിന്‍റെ മൂന്നാമത്തെ ഷട്ടർ തുറന്നപ്പോൾ

തുടർന്ന് കോടനാട്​, മലയാറ്റൂർ, കാലടി, നെടുമ്പാശ്ശേരി, ആലുവ, ഏലൂർ, എന്നിവിടങ്ങളിലൂടെ ഒഴുകി അറബിക്കടലിലും കടമകുടി കായലിലും ചേരും. സമീപ വില്ലേജുകളായ ഇടുക്കി, തങ്കമണി, ഉപ്പുതോട്​, കഞ്ഞിക്കുഴി എന്നിവിടങ്ങളിലെ കുടുംബങ്ങളെയാകും കാര്യമായി ബാധിക്കാനാണ് സാധ്യത. 

അണക്കെട്ട്​ തുറക്കുന്നതിന്‍റെ ഭാഗമായി ശക്​തമായ മുൻകരുതൽ നടപടി സ്വീകരിച്ചിട്ടുണ്ട്​. തീരദേശത്ത് അതീവ ജാഗ്രത പുലര്‍ത്താനും ആളുകൾ അനാവശ്യമായി പെരിയാറിൽ ഇറങ്ങാതിരിക്കാനും രാത്രികാല യാത്രകള്‍ നിയന്ത്രിക്കാനും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ അടക്കമുള്ളവർ അണക്കെട്ട് സന്ദർശിക്കുന്നു

2403 അടിയാണ്​ അണക്കെട്ടിന്‍റെ പൂർണ സംഭരണശേഷി. ഇന്ന് രാവിലെ​ എട്ട്​ വരെയുള്ള കണക്ക്​ പ്രകാരം 2398.04 അടിയാണ്​ ജലനിരപ്പ്​. ഇത്​ സംഭരണശേഷിയു​ടെ 94.19 ശതമാനമാണ്​. ജലനിരപ്പ് 2396.86 അടി കടന്നതിനെ തുടർന്ന്​ തിങ്കളാഴ്​ച രാവിലെ ഏഴിന് ഇടുക്കി​ കലക്​ടർ ഒാറഞ്ച്​ അലർട്ടും​ രാത്രിയോടെ റെഡ്​ അലർട്ടും​ പ്രഖ്യാപിച്ചിരുന്നു. 

അഞ്ചാം തവണയാണ് ഇടുക്കി അണക്കെട്ട് തുറക്കുന്നത്. 1981 ഒക്​ടോബർ 29നാണ്​ ആദ്യമായി ഡാം തുറന്നത്​. 1992 ഒക്​ടോബർ 12, 2018 ആഗസ്​റ്റ്​ ഒമ്പത്​, ഒക്​ടോബർ ആറ്​ എന്നീ തീയതികളിലും ഇടുക്കി അണക്കെട്ട്​ തുറന്നിരുന്നു​. മൂന്നു വർഷം മുമ്പ് 2018ൽ മഹാപ്രളയകാലത്താണ്​ അവസാനമായി അണക്കെട്ട് തുറന്നത്.

ഇടുക്കി അണക്കെട്ട് തുറക്കുന്നത് കാണാനെത്തിയ പ്രദേശവാസികൾ

1981 ഒക്​ടോബർ 29ന് ചെറു​തോണിയിലെ അഞ്ച്​ ഷട്ടറുകളും 15 ദിവസം തുറന്നുവെച്ചു. 1992 ഒക്​ടോബർ 12 മുതൽ അഞ്ച്​ ദിവസം തുറന്നു. 26 വർഷത്തിന്​ ശേഷം 2018 ആഗസ്​റ്റ്​ ഒമ്പതിനാണ്​ മൂന്നാമത്​ തുറന്നത്​. സെപ്​റ്റംബർ ഏഴുവരെ 29 ദിവസം ഷട്ടറുകൾ 70 സെ.മീ തുറന്നുവെച്ചു. 15 മിനിറ്റ്​ കൊണ്ട്​ 50 സെൻറിമീറ്റർ ഉയർത്തി സെക്കൻഡിൽ 50 ഘനമീറ്റർ വെള്ളം പുറത്തേക്കൊഴുക്കി.

Tags:    
News Summary - Idukki Dam shutters Open Again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.