തൊടുപുഴ - പുളിയൻമല സംസ്ഥാന പാതയിൽ കുളമാവ് മുതൽ ചെറുതോണി വരെ ഭാഗങ്ങളിൽ വഴിയോരത്തെ വൻമരങ്ങൾ യാത്രക്കാർക്ക് ഭീഷണിയാണ്. ഇടുക്കി വന്യജീവി സങ്കേതത്തിന് നടുവിലൂടെ കടന്നു പോകുന്ന റോഡിൽ മഴക്കാലങ്ങളിൽ മരം വീഴ്ചയും ഗതാഗത തടസ്സവും പതിവാണ്. പോരാത്തതിന് ഈ ഭാഗത്ത് മണ്ണിടിച്ചിലിനും സാധ്യത ഏറെ. ശക്തമായ മഴയുള്ള ദിവസങ്ങളിൽ ഈ റോഡിൽ രാത്രി യാത്രക്ക് നിരോധനമുണ്ട്. ഹൈറേഞ്ചിലെ പ്രധാന പാതകളിലൊന്നായ അടിമാലി - കുമളി റോഡിലും മഴക്കാലങ്ങളിൽ അപകടം പതിയിരിക്കുന്നു. പാംബ്ല മുതൽ കട്ടപ്പന വരെ ഭാഗങ്ങളിൽ റോഡിന് ഒരു ഭാഗത്ത് വൻ പാറക്കെട്ടുകളും കൂറ്റൻ മരങ്ങളും ഭീതി വിതക്കുന്നു. 2018ലെ മഹാപ്രളയകാലത്ത് ഈ റോഡിൽ പാറ വീണും മരം മറിഞ്ഞും മണ്ണിടിഞ്ഞും നിരന്തരം ഗതാഗത തടസ്സങ്ങളുണ്ടായിട്ടുണ്ട്. നേര്യമംഗലം മുതൽ പാംബ്ല വരെ ഭാഗങ്ങളിൽ ഭീഷണി റോഡിന് ഇരുവശത്തും അപകടാവസ്ഥയിലുള്ള വൻമരങ്ങളാണ്. വനമേഖലയിൽ മണ്ണിടിച്ചിലിനും പാറ വീഴ്ചക്കും സാധ്യതയുള്ള മേഖലകളും ഏറെ. കൊച്ചി-മധുര ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെ ഇടങ്ങളിലും അതീവ ശ്രദ്ധയോടെ വേണം യാത്ര ചെയ്യാൻ.
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ തൊടുപുഴ- പാലാ റോഡിൽ ചൂരപ്പട്ട ഭാഗത്തെ പാറക്കെട്ട് അപകട സാധ്യതയുയർത്തുന്നു. നിർമാണ സമയത്ത് റോഡിലെ കയറ്റം കുറക്കുന്നതിന്റെ ഭാഗമായി മണ്ണും കല്ലും നീക്കം ചെയ്തതിന്റെ ബാക്കി പത്രമാണ് റോഡരികിലെ വലിയ പാറക്കെട്ട്. ഇതിനുമുകളിൽ അടർന്ന് താഴേക്ക് പതിക്കാറായ നിലയിൽ ഒട്ടേറെ പാറക്കല്ലുണ്ട്. 200 മീറ്ററോളം നേരെ കിടക്കുന്ന റോഡ് താരതമ്യേന തിരക്കൊഴിഞ്ഞ ഭാഗമായതിനാൽ ഇവിടെ ആളുകൾ വാഹനം നിർത്തി ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യുന്നത് പതിവാണ്. കാറിനുമുകളിലേക്ക് പാറക്കല്ലുകളും മണ്ണും മരവും പതിച്ച് ഇവിടെ അപകടമുണ്ടായിട്ടുണ്ട്. വലിയ മഴയുള്ള സമയത്തും രാത്രിയുമെല്ലാം ഇവിടെ വാഹനങ്ങൾ നിർത്തിയിരിക്കുന്നത് കാണാം. മഴ തുടങ്ങിയതോടെ പാറക്കെട്ടിൽ നിന്ന് വെള്ളം ഒലിച്ചിറങ്ങുന്നുണ്ട്. ഒപ്പം കല്ലും മരങ്ങളും താഴേക്ക് പതിക്കാനുള്ള സാധ്യതയും ഏറെ. കനത്ത മഴ ആരംഭിച്ചതോടെ മൂന്നാറിൽ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിൽ വ്യാപകമായി. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽപ്പെട്ട ഹെഡ് വർക്സ് ഡാം മുതൽ റീജനൽ ഓഫിസ് കവല വരെ 14 ഇടങ്ങളിലാണ് വ്യാപക മണ്ണിടിച്ചിലുണ്ടായത്. പൊലീസ് സ്റ്റേഷൻ മുതൽ സിഗ്നൽ പോയിന്റ് വരെ പല ഭാഗത്തും ചെറുതും വലുതുമായ ഒട്ടേറെ മണ്ണിടിച്ചിലുണ്ടായി. ഒരാഴ്ച മുമ്പ് ഹെഡ്വർക്സ് ഡാമിന് താഴ്ഭാഗത്തായി രണ്ട് വലിയ പാറകൾ ദേശീയ പാതയിലേക്ക് അടർന്നുവീണിരുന്നു. ദേശീയപാത വീതി കൂട്ടലിന്റെ ഭാഗമായി വ്യാപകമായി മലകൾ അരിഞ്ഞുമാറ്റിയതിനെ തുടർന്നാണ് ഇത് സംഭവിച്ചത്. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന പള്ളിവാസൽ മുതൽ ദേവികുളം വരെഭാഗത്ത് യാത്ര ചെയ്യുന്നവർ ഏറെ ജാഗ്രത പാലിക്കണം.
മഴ ശക്തമായാൽ മണ്ണിടിയും, മരവും വീഴും. മലമുകളിൽ നിന്ന് പാറക്കല്ലുകളും നിലം പൊത്തും. കോട്ടയം - കുമളി റോഡിൽ 35ാം മൈൽ മുതൽ വണ്ടിപ്പെരിയാർ വരെ, കയറ്റിറക്കങ്ങളും കൊടുംവളവുകളും നിറഞ്ഞ 37 കിലോമീറ്റർ ദൂരത്തെ അവസ്ഥയാണിത്. അമലഗിരി, പുല്ലുപാറ, കടുവാപ്പാറ, കുട്ടിക്കാനം, മത്തായി കൊക്ക എന്നിവിടങ്ങളിലെല്ലാം തന്നെ കാലവർഷക്കാലത്ത് ഗതാഗത തടസ്സം പതിവാണ്. മത്തായി കൊക്കയിൽ റോഡിന്റെ സംരക്ഷണ ഭിത്തി കഴിഞ്ഞ ദിവസം ഒലിച്ചുപോയിരുന്നു. ഇവിടെ ഏതുസമയത്തും മണ്ണിടിച്ചിലുണ്ടാകാം. വളഞ്ഞങ്ങാനം മുതൽ അമലഗിരി വരെ ഭാഗങ്ങളിൽ മലമുകളിലെ പാറക്കല്ലുകൾ മണ്ണുമായി ബന്ധം വേർപെട്ട് നിൽക്കുന്നതായി ഭൗമശാസ്ത്രഞ്ജർ കണ്ടെത്തിയിരുന്നു. മഴ തുടർച്ചയായി പെയ്താൽ ഇവ അടർന്നുവീഴാം.
നിർമാണം നടക്കുന്ന മലയോര ഹൈവേയുടെ ഭാഗമായ കട്ടപ്പന-ചപ്പാത്ത് റൂട്ടിൽ ഒരാഴ്ച മുമ്പ് രണ്ടിടത്താണ് റോഡിലേക്ക് മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടത്. വെള്ളിലാംകണ്ടത്തിന് സമീപവും സ്വരാജ് പെരിയോൻ കവലക്ക് സമീപവും.
മഴവെള്ളം വീണുകുഴഞ്ഞ മണ്ണിലൂടെ കടന്നുപോകാൻ ശ്രമിച്ച ബസ് അപകടകരമായി തെന്നിമാറിയ സംഭവവുമുണ്ടായി. വളരെ ഉയരത്തിൽ അരിഞ്ഞിറക്കിയ വശങ്ങളിൽ സംരക്ഷണ ഭിത്തി നിർമിക്കാൻ കാലതാമസം നേരിടുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. ഉയരം കുറച്ചും ഇടവിട്ടും നിർമിക്കുന്ന ഭിത്തികൾ ആവശ്യമായ സംരക്ഷണം നൽകാൻ പര്യാപ്തമല്ലെന്നാണ് പരാതി
മഴയിൽ നാടുകാണി മലയിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ ഇതുവഴി മഴക്കാല യാത്ര സൂക്ഷിക്കണം. കഴിഞ്ഞ മാസമുണ്ടായ കനത്ത മഴയിൽ നാടുകാണി ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളജിന് സമീപത്ത് റോഡ് ഇടിഞ്ഞ് അപകടാവസ്ഥയിലായി. തൊടുപുഴ - പുളിയന്മല സംസ്ഥാന പാതയിലാണ് റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞത്.
മഴയെത്തുന്നതോടെ ഇവിടെ കൂടുതൽ ഇടിയാനും ഹൈറേഞ്ചിലേക്കുള്ള യാത്ര തടസ്സപ്പെടാനും സാധ്യതയുണ്ട്.
കഴിഞ്ഞ മാസം 10ാം വളവു മുതൽ നാടുകാണി വരെ ഒട്ടേറെ സ്ഥലങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. ഇവയെല്ലാം താൽക്കാലികമായി നീക്കം ചെയ്തെങ്കിലും മണ്ണിടിഞ്ഞ് റോഡ് അപകടാവസ്ഥയിലായ ഭാഗത്ത് സംരക്ഷണഭിത്തി കെട്ടാൻ നടപടിയായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.