മലപ്പുറം: മലപ്പുറം ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി സംബന്ധിച്ച് കള്ളക്കണക്കിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് കൊടുത്താൽ മലപ്പുറം ആർ.ഡി.ഡിയുടെ അവസാനത്തെ റിപ്പോർട്ടാകും അതെന്ന് ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ജില്ല കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞകാലത്തൊക്കെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി മലപ്പുറത്ത് സീറ്റ്ക്ഷാമമില്ലെന്ന് പറഞ്ഞത് ആർ.ഡി.ഡി കൊടുത്ത കണക്കുകൾ അംഗീകരിച്ചുകൊണ്ടാണ്. നിരന്തരം വിദ്യാഭ്യാസമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച ആളാണ് മലപ്പുറത്തുള്ള ആർ.ഡി.ഡി. അദ്ദേഹത്തെയാണ് സർക്കാർ ഇപ്പോൾ കമീഷനായി വെച്ചിരിക്കുന്നത്.
ഇനിയൊരു കള്ളറിപ്പോർട്ടും കള്ളക്കണക്കും ആർ.ഡി.ഡി ഉണ്ടാക്കിയാൽ ആ കൈകൊണ്ട് പിന്നെയൊരു കള്ളറിപ്പോർട്ട് എഴുതാൻ അവസരമില്ലാത്തവിധം ഞങ്ങൾ ആ അധ്യായം അവസാനിപ്പിക്കുമെന്ന് സൂചിപ്പിക്കാൻ ആഗ്രഹിക്കുകയാണ്.
മലപ്പുറത്ത് പതിനായിരക്കണക്കിന് വിദ്യാർഥികൾ പഠനത്തിന് അവസരമില്ലാതെ പെരുവഴിയിലലയുമ്പോൾ കള്ളക്കണക്കെഴുതി വിദ്യാഭ്യാസമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചത് ഉദ്യോഗസ്ഥൻമാരാണ്. രണ്ടംഗ കമീഷൻ കാര്യങ്ങൾ പഠിക്കുമ്പോൾ വസ്തുതപരമായി വിശകലനം ചെയ്യണം.
വിദ്യാഭ്യാസമന്ത്രിക്ക് കള്ളറിപ്പോർട്ട് നൽകി ഈ വിഷയം അവസാനിപ്പിക്കാമെന്ന് ആരും കരുതേണ്ടതില്ല. മലപ്പുറം എന്നു കേൾക്കുന്നത് ഇടതുപക്ഷത്തിന് അലർജിയാണ്.
മലപ്പുറത്തെ കുട്ടികൾ കോപ്പിയടിച്ചാണ് പരീക്ഷയിൽ വിജയിക്കുന്നതെന്ന് പറഞ്ഞവരാണ് സി.പി.എമ്മുകാർ. പുതിയൊരു കമീഷന്റെ ആവശ്യമില്ലെന്നും പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് കൃത്യമായ പരിഹാരം നിർദേശിച്ച കാർത്തികേയൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കാനുള്ള ഇച്ഛാശക്തിയാണ് സർക്കാർ കാണിക്കേണ്ടതെന്നും വി.എസ്. ജോയ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.