കൊച്ചി: സംസ്ഥാനത്തെ സഹകരണബാങ്കുകളിൽ രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും കോടികളുടെ അനധികൃത നിക്ഷേപമുണ്ടെന്നതടക്കം വിവരങ്ങളടങ്ങിയ റിപ്പോർട്ടുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കണക്കിൽ വെളിപ്പെടാത്ത അക്കൗണ്ടുകളിലാണ് നിക്ഷേപമെന്നും റിസർവ് ബാങ്കിനും വിവിധ കേന്ദ്ര മന്ത്രാലയങ്ങൾക്കും കൈമാറുന്നതിന് തയാറാക്കിയ പ്രാഥമിക റിപ്പോർട്ട് പറയുന്നു.
സി.പി.എം ഭരിക്കുന്ന സംഘങ്ങളിലെ നിയമപരമല്ലാത്ത പാർട്ടി ഇടപെടലാണ് റിപ്പോർട്ടിൽ മുഖ്യ ഊന്നൽ. സംസ്ഥാനത്തെ 80 ശതമാനം സഹകരണ ബാങ്കുകളുടെയും നിയന്ത്രണം സി.പി.എമ്മിനായിരിക്കെ ചട്ടങ്ങൾ തീർത്തും കാറ്റിൽ പറത്തി ഏകപക്ഷീയമാണ് ഭരണസമിതികളുടെ പ്രവർത്തനം. നിയമം ലംഘിച്ചും വായ്പകൾ അനുവദിക്കാൻ പാർട്ടി സ്പെഷൽ സെൽ പ്രവർത്തിക്കുന്നെന്നും ജില്ല-സംസ്ഥാന നേതാക്കളുടെ അറിവോടെയാണ് ക്രമക്കേടെന്നും റിപ്പോർട്ട് പറയുന്നു.
കരുവന്നൂർ ഉൾെപ്പടെ സഹകരണ ബാങ്കുകളിൽ പാർട്ടി രഹസ്യ അക്കൗണ്ടുകൾ സൂക്ഷിച്ചത് പുറമെ സ്വത്തുവിവരങ്ങൾ സി.പി.എം മറച്ചുെവച്ചതായി ഇ.ഡി കണ്ടെത്തിയിരുന്നു. സി.പി.എമ്മിന് തൃശൂരില്‍ കരുവന്നൂരിലടക്കം 81 അക്കൗണ്ടുണ്ടെന്നും ഇതില്‍ 99 ശതമാനവും വെളിപ്പെടുത്താത്തവയാണെന്നും സി.പി.എമ്മിന്റെ രഹസ്യ അക്കൗണ്ടുകളെക്കുറിച്ച് ഇ.ഡി തെരഞ്ഞെടുപ്പ് കമീഷന് നല്കിയ കത്തിൽ ആരോപിക്കുന്നു.
സംസ്ഥാനത്തെ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട് കേരള പൊലീസ് രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളുടെയും വിശദാംശങ്ങൾ ശേഖരിക്കുന്നതിനും ആരോപിത സംഘങ്ങളിൽ പിടിമുറുക്കുന്നതിനും ഇ.ഡി നടപടി തുടങ്ങിയിട്ടുണ്ട്. ഇവയിൽ കോൺഗ്രസ് നേതൃത്വം നൽകുന്നതടക്കം ഭരണസമിതികളുണ്ട്. കരുവന്നൂർ, കണ്ടല സഹകരണ ബാങ്കുകളിലെ വായ്പാത്തട്ടിപ്പുകളിൽ അന്വേഷണം തുടരുന്നതിനിടെയാണ് ഇത്തരത്തിൽ പരാതിയുള്ള മറ്റ് ബാങ്കുകളിലേക്കും ഇ.ഡിയുടെ അന്വേഷണം നീണ്ടതും റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറാൻ ഉറച്ചതും. കരുവന്നൂരിന് പുറമെ കണ്ടല, മാവേലിക്കര, തുമ്പൂർ, നടക്കൽ, മൂന്നിലവ്, മൈലപ്ര, ചാത്തന്നൂർ, കോന്നി, മാരായമുട്ടം, പെരുങ്കാവിള അടക്കം സഹകരണ ബാങ്കുകളിൽ നിക്ഷേപകർക്ക് പണം നഷ്ടപ്പെട്ടതായി നേരത്തേ പ്രാഥമിക പരിശോധനക്ക് ശേഷം ഇ.ഡി കേന്ദ്ര ധന-സഹകരണ മന്ത്രാലയങ്ങൾക്ക് റിപ്പോർട്ട് നൽകിയിരുന്നു.
സംസ്ഥാനത്തെ സഹകരണബാങ്കുകൾ കേന്ദ്രീകരിച്ച് നടക്കുന്ന തട്ടിപ്പിനെക്കുറിച്ചുള്ള ഇ.ഡി റിപ്പോർട്ടിൽ കേരള സ്റ്റേറ്റ് റബർ കോഓപറേറ്റിവ് ലിമിറ്റഡിനെ (റബ്കോ) സംബന്ധിച്ചും പരാമർശമുണ്ട്.
കരുവന്നൂർ സഹകരണബാങ്കിൽനിന്ന് 2005-06 കാലഘട്ടത്തിൽ എട്ടുകോടി രൂപ റബ്കോക്ക് നൽകിയിട്ടുണ്ട്. ഈ തുകയോ അതിന്റെ പലിശയോ ഇതുവരെ തിരിച്ചടച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് നൂറോളം സഹകരണ ബാങ്കുകളിൽനിന്ന് 450 കോടി രൂപ റബ്കോയിൽ എത്തിയതായി വ്യക്തമായതെന്ന് ഇ.ഡി പറയുന്നു. 2023 മാർച്ചിലെ റിപ്പോർട്ടുപ്രകാരം റബ്കോയുടെ സഞ്ചിതനഷ്ടം 905.65 കോടി രൂപയായിരിക്കെ ഇടപാടിൽ ധനദുർവിനിയോഗം സംശയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.