മലപ്പുറം: കേരള ബാങ്ക് രൂപവത്കരിച്ചതിന് പിറകെ ജില്ല ബാങ്കുകളിൽ നടപ്പാക്കിയ ശമ്പള വർധന ക്രമപ്പെടുത്തുന്നതിെൻറ ഭാഗമായി നടന്ന സർവിസ് ബുക്ക് പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. കേരള ബാങ്കിന് കീഴിലെ 13 ജില്ല ജോയൻറ് ഡയറക്ടർ/ഓഡിറ്റർമാർ സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിലാണ് പി.എസ്.സി വഴി നിയമനം ലഭിക്കേണ്ട നിരവധി ഉദ്യോഗാർഥികളുടെ അവസരം നഷ്ടമാക്കിയ ഗുരുതര ക്രമക്കേടുകൾ അക്കമിട്ട് നിരത്തിയത്. ചട്ടവിരുദ്ധമായി പ്രമോഷൻ നടത്തിയത് മൂലം പി.എസ്.സി വഴി നിയമിക്കേണ്ട തസ്തികകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു, നിയമവിരുദ്ധമായി പാർട്ട് ടൈം സ്വീപ്പർമാർക്ക് പ്യൂൺ തസ്തികയിൽ കയറ്റം നൽകി, അനുപാതം പാലിക്കാതെ ഡെപ്യൂട്ടി മാനേജർ തസ്തികയിൽ പ്രമോഷൻ നടത്തി, മാനദണ്ഡം കാറ്റിൽ പറത്തി 31 ജൂനിയർ അക്കൗണ്ടൻറുമാർക്ക് സീനിയർ അക്കൗണ്ടൻറ് തസ്തികയിൽ ജോലിക്കയറ്റം നൽകി എന്നീ ക്രമക്കേടുകളാണ് കണ്ടെത്തിയത്.
അധിക യോഗ്യതയുള്ളവർക്ക് ശമ്പളത്തിൽ ഇൻക്രിമെൻറിന് വ്യവസ്ഥയുണ്ട്. ഇത് അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കാൻ പാടില്ല. എന്നാൽ, ചട്ടവിരുദ്ധമായി അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിച്ച് അധിക ശമ്പളം അനുവദിച്ചതായും കണ്ടെത്തി. വഴിവിട്ട നിയമനങ്ങളും സ്ഥാനക്കയറ്റവും ബോധ്യപ്പെട്ട സാഹചര്യത്തിൽ അനധികൃതമായി കൂടുതൽ തുക കൈപറ്റിയവരിൽനിന്ന് തിരിച്ചുപിടിക്കാനും സർവിസ് ബുക്കിലെ ന്യൂനതകൾ പരിഹരിക്കാനും സഹകരണ വകുപ്പ് പ്രത്യേക സമിതിയെ നിയോഗിച്ചതായും റിപ്പോർട്ടിൽ പറയുന്നു. 2022 മാർച്ച് 31നകം സമിതി നടപടി പൂർത്തിയാക്കണം.
1995ന് ശേഷം ജില്ല ബാങ്കുകളിൽ പ്യൂൺ മുതൽ തസ്തികകളിൽ പി.എസ്.സി വഴിയാണ് നിയമനം. എന്നാൽ, സ്വീപ്പർ തസ്തികയിൽ ഇപ്പോഴും നേരിട്ട് നിയമിക്കാം. 23,000 രൂപയോളമാണ് ശമ്പളം. 15 ലക്ഷത്തോളം രൂപവരെ ഈ ജോലിക്കുവേണ്ടി ബാങ്കിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ പാർട്ടികൾ വാങ്ങുന്നുണ്ട്. ഏഴ് വർഷം സ്വീപ്പറായി തുടർന്നാൽ പ്യൂൺ പ്രൊമോഷന് അർഹരാകും. എട്ട് പ്യൂൺ തസ്തികകളിൽ പി.എസ്.സി നിയമനം നടക്കുേമ്പാൾ ഒരാളെ പ്രമോഷനിലൂടെ ഭരണ സമിതിക്ക് നിയമിക്കാം. നാല് ക്ലർക്കുമാരെ പി.എസ്.സി നിയമിക്കുേമ്പാൾ ഒരാളെ ബാങ്കിന് നിശ്ചയിക്കാമെന്നാണ് ചട്ടം. ഈ പഴുതുകൾ ഉപയോഗിച്ചാണ് ക്രമക്കേടുകൾ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.