കോഴിക്കോട്: ഇടുക്കിയിലെ കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ കോഴിമല എസ്.ടി കോളനിയിൽ 40 ലക്ഷം ചെലവഴിച്ചിട്ടും കുടിവെള്ളം ലഭിച്ചില്ലെന്ന് ധനകാര്യ റിപ്പോർട്ട്. കോളനിയിൽ ഹാംലെറ്റ് വികസന പദ്ധതിയിൽ ലഭിച്ച ഒരു കോടി രൂപയിൽ 40,05,125 രൂപയും ചെലവഴിച്ചിരിക്കുന്നത് കുടിവെള്ള പദ്ധതിക്കായാണ്.
ഫീൽഡ് തല പരിശോധനയിൽ ഈ കുടിവെള്ള പദ്ധതി ഉപയോഗ ശൂന്യമായ നിലയിലാണ്. കോഴിമല ആദിവാസി കോളനിയിലെ കുടിവെള്ള പദ്ധതിയുടെ തുടർ നടത്തിപ്പ് ഗുണഭോക്തൃ സമിതിയെ ഏൽപ്പിച്ചത് സംബന്ധിച്ച വിവരങ്ങൾ ഫയലിൽ ലഭ്യമല്ല. ഈ പദ്ധതിയിൽ നിന്നും ഒരു തവണ പോലും കുടിവെള്ളം ലഭിച്ചിട്ടില്ലെന്ന് കോളനി നിവാസികൾ അറിയിച്ചു.
രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണ് കോഴിമല എസ്.ടി കോളനി നിലവിൽ 40,05,125 രൂപ ചെലവഴിച്ച് നിർമിച്ചിരിക്കുന്ന കുടിവെള്ള പദ്ധതി ഉപയോഗ ശൂന്യമായ നിലയിലാണ്. കുടിവെള്ള പദ്ധതിക്കായി സ്ഥാപിച്ചിരിക്കുന്നത് ഡീസൽ എൻജിൻ മോട്ടോർ ആണ്. നിലവിലെ സാഹചര്യത്തിൽ ഇന്ധനത്തിനുള്ള ചിലവ് കോളനി നിവാസികളിൽ നിന്ന് കണ്ടെത്തുക പ്രയാസമാണ്.
തദ്ദേശ വകുപ്പിന്റെ 2016 നവംമ്പർ 10 ലെ ഉത്തരവ് പ്രകാരം പട്ടികജാതി-വർഗ വിഭാഗത്തിൽപ്പെട്ടവർ ഗുണഭോക്താക്കളായ കുടിവെള്ള പദ്ധതികളുടെ വൈദ്യുതി ചാർജ് പഞ്ചായത്ത് ഫണ്ടിൽ നിന്ന് നൽകണമെന്ന് നിർദേശിച്ചിരുന്നു. അതിനാൽ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് ഈ പദ്ധതിയുടെ തുടർ നടത്തിപ്പ് തെരഞ്ഞെടുത്ത ഗുണഭോക്തൃ സമിതിക്ക് കൈമാറി തുടർ വർത്തനങ്ങൾ നടത്തുന്നതിനുള്ള നിർദേശം ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർക്ക് നിർദേശം നൽകണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ .
പട്ടികജാതി-വർഗ പട്ടിക വകുപ്പിന്റെ 2013 സെപ്തംബർ മൂന്നിലെ ഉത്തരവ് പ്രകാരമാണ് ഹാംലെറ്റ് (ഗ്രാമ വികസന) പദ്ധതിക്ക് ഭരണാനുമതി നൽകിയത്. 2013ഡിസംബർ 27ലെ ഉത്തരവ് പ്രകാരം ഈ പദ്ധതി നിർവഹണത്തിനായി വിശദമായ മാർഗരേഖ പുറപ്പെടുവിച്ചു. ഈ മാർഗരേഖ പ്രകാരം തെരഞ്ഞെടുക്കപ്പെട്ട ആദിവാസി കോളനികളിലെ നിർമാണ പ്രവർത്തനങ്ങൾ വിവിധ അക്രിഡറ്റഡ് ഏജൻസികൾ വഴി നടപ്പിലാക്കുന്നതിനാണ് നിർദേശിച്ചിരുന്നത്.
ഒരോ കോളനികളിലെയും പ്രവർത്തികൾ നിർവഹിക്കുന്ന അക്രിഡറ്റേഡ് ഏജൻസികളെ തെരഞ്ഞെടുത്തത് സർക്കാർ ആയിരുന്നു. ഓരോ കോളനിയിലും ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഈ പദ്ധതി പ്രകാരം നടപ്പിലാക്കേണ്ടത്. നിർവഹണ ഏജൻസികളുമായി കരാറിൽ ഏർപ്പെടുമ്പോൾ 25 ലക്ഷം രൂപ നിർവഹണ ഏജൻസിക്ക് അഡ്വാൻസായി അനുവദിക്കാനും മാർഗരേഖയിൽ നിർദേശിച്ചിരുന്നു. പട്ടികജാതി -വർഗ വകുപ്പിന്റെ 2014 ജൂൺ 30ലെ ഉത്തരവ് പ്രകാരം 2014-15 വർഷത്തെ ഹാംലെറ്റ് വികസന പദ്ധതി നടപ്പിലാക്കുന്നതിനായി 22 കോളനികളെ തിരഞ്ഞെടുത്തിരുന്നു.
അത് പ്രകാരം ഇടുക്കി ജില്ലയിലെ വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലെ നാടുകാണി തുമ്പച്ചി കോളനി, കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ കോഴിമല എസ്.ടി കോളനി എന്നീ പട്ടിക വർഗ കോളനികളെയാണ് ഹാംലെറ്റ് പദ്ധതി പ്രകാരം തിരഞ്ഞെടുത്തിരുന്നത്. ഈ കോളനികളിലെ നിർമാണ ചുമതലകൾ ഏൽപ്പിച്ചിരുന്നത് കേരള ഇറിഗേഷൻ ആന്റ് ഇൻഫ്രാസൂച്ചർ ഡെവലപ്പിടമെൻറ് കേർപ്പറേഷൻ എന്ന സ്ഥാപനത്തെയാണ്. കരാറിൽ ഏർപ്പെട്ട് ആറ് മാസത്തിനുള്ളിൽ പദ്ധതി പ്രവർത്തനങ്ങൾ പൂർത്തീകരിക്കേണ്ടതാണെന്നും മാർഗരേഖയിൽ നിഷ്കർഷിച്ചിരുന്നു.
കോഴിമല എസ്.ടി കോളനിയിൽ ഹാംലെറ്റ് വികസന പദ്ധതി നടപ്പിലാക്കുന്നതിനായി 2015 മാർച്ച് 10ന് കേരള ഇറിഗേഷൻ ആൻറ് ഇൻഫ്രാസച്ചർ ഡെവലപ്പ്‌മെൻറ് കോർപ്പറേഷനും ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസറും തമ്മിൽ കരാറിൽ ഒപ്പുവെച്ചു. പ്രോജക്ട് ഓഫീസറുടെ 2015 മാർച്ച് 20 ലെ ഉത്തരവ് പ്രകാരം കേരള ഇറിഗേഷൻ ആൻഡ് ഇൻഫ്രാസച്ചർ ഡേവലപ്പ്മെന്റ്റ് കോർപ്പറേഷന് 25 ലക്ഷം രൂപ അഡ്വാൻസായി അനുവദിച്ച് നൽകി.
പ്രവർത്തിയുടെ അന്തിമ ബിൽ പ്രകാരം പ്രവർത്തി പൂർത്തീകരിച്ചത് 2016 മാർച്ച് എട്ടിനാണ്. പ്രവർത്തിയുടെ നിലവിലെ അവസ്ഥ സംബന്ധിച്ച് ജില്ലാ ധനകാര്യ പരിശോധനാ സ്ക്വാഡ് കോഴിമല ആദിവാസി കോളനിയിൽ ഫീൽഡ് തല പരിശോധന നടത്തിയപ്പോഴാണ് കുടിവെള്ളം ഇപ്പോഴും ലഭ്യമല്ലെന്ന് വ്യക്തമായിത്. പദ്ധതി മോണിറ്ററിങ് നടത്തേണ്ട പട്ടികവർഗ വകുപ്പിലെ ഉദ്യോസ്ഥരുടെ കെടുകാര്യസ്ഥതയാണ് ഇതിന്റെ പ്രധാന കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.