തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ കണക്ക് പ്രകാരം വോട്ടർമാരുടെ ലിംഗാനുപാതത്തിൽ കേരളം ഇന്ത്യയിൽ രണ്ടാം സ്ഥാനത്തെത്തി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 1,43,36,133 സ്ത്രീ വോട്ടർമാരുണ്ട്. ഇത് മൊത്തം വോട്ടർമാരുടെ 51.56 ശതമാനം ആണ്. സംസ്ഥാനത്ത് മൊത്തം രേഖപ്പെടുത്തിയ വോട്ടിന്റെ 52.09 ശതമാനം സ്ത്രീകളാണെന്നതും ശ്രദ്ധേയമാണ്.
1000 പുരുഷ വോട്ടർമാർക്ക് 946 സ്ത്രീ വോട്ടർമാർ എന്ന ദേശീയ ശരാശരിയെക്കാൾ കൂടുതലാണ് നിലവിൽ കേരളത്തിലെ വോട്ടർമാരുടെ ലിംഗാനുപാതം. നിരന്തര പരിശ്രമങ്ങളുടെയും സുസ്ഥിര ബോധവൽക്കരണ പരിപാടികളിലൂടെയുമാണ് സംസ്ഥാനം നേട്ടം കൈവരിച്ചത്. ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനുമുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധത ഇതിലൂടെ വ്യക്തമാകുന്നു.
2024 ലെ ലോകസഭാ പൊതുതെരഞ്ഞെടുപ്പിൽ രജിസ്റ്റർ ചെയ്ത സ്ത്രീ വോട്ടർമാരിൽ 71.86 ശതമാനം സമ്മതിദാന അവകാശം വിനിയോഗിച്ചു. കേരളത്തിന്റെ ആകെ പോളിംഗ് ശതമാനമായ 72.04 ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണെന്നതും ശ്രദ്ധേയമാണ്. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലുള്ള സ്ത്രീകളുടെ ആവേശവും അർപ്പണബോധവും കേരളത്തിന്റെ നേട്ടത്തിന് കാരണമായി.
2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിദേശ വോട്ടർമാരുടെ രജിസ്‌ട്രേഷനിലും പോളിംഗ് ശതമാനത്തിലും കേരളം മുന്നിലെത്തി. ശക്തമായ പ്രവാസി ബന്ധവും ജനാധിപത്യ പങ്കാളിത്തത്തോടുള്ള പ്രതിബദ്ധതയുമാണ് കേരളത്തെ മുന്നിലെത്തിച്ചത്. കേരളത്തിൽ രജിസ്റ്റർ ചെയ്ത 89,839 വിദേശ വോട്ടർമാരിൽ 83,765 പുരുഷന്മാരും 6,065 സ്ത്രീകളും ഒമ്പത് പേർ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവരുമാണ്.
ഇന്ത്യയുടെ വിദേശ വോട്ടർമാരിൽ ഏറ്റവും കൂടുതൽ കേരളത്തിൽ നിന്നുള്ളവരാണ്. രാജ്യത്തുടനീളം 1,19,374 വിദേശ ഇലക്ടർമാർ രജിസ്റ്റർ ചെയ്തതിൽ 2,958 പേർ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് കമീഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ പ്രോഗ്രാമിന് കീഴിലുള്ള വോട്ടർമാർക്കുള്ള ബോധവൽക്കരണ പരിപാടികൾ ലിംഗാനുപാതത്തിലെ കുറവ് പരിഹരിക്കുന്നതിന് നിർണായക പങ്ക് വഹിച്ചു.
സാമൂഹിക കൂട്ടായ്മകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള സഹകരണം, പ്രാദേശിക പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിയവ സ്ത്രീകളെ ശാക്തീകരിക്കുന്നതിനും ജനാധിപത്യ പ്രകിയയിൽ വോട്ടർമാരുടെ നിസംഗത കുറയ്ക്കുന്നതിനും കാരണമായി. 367 ട്രാൻസ്ജൻഡർ വോട്ടർമാരുൾപ്പെടെയുള്ള പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങൾക്ക് പ്രാതിനിധ്യം നൽകുന്ന പ്രവർത്തനങ്ങളാണ് കേരളം നടത്തിയത്. വൈവിധ്യപൂർണമായ ജനാധിപത്യത്തോടുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധതയെ ഇത് ശക്തിപ്പെടുത്തി.
തെരഞ്ഞെടുപ്പ് കമീഷൻ, സംസ്ഥാന, ജില്ലാ ഭരണകൂടങ്ങൾ, പൗരസമൂഹം, വോട്ടർമാർ എന്നിവരുടെ കൂട്ടായ പരിശ്രമത്തിന്റെ തെളിവായും രാജ്യമാതൃകയായും കേരളത്തിന്റെ സ്ത്രീ വോട്ടർമാരിലെ ലിംഗാനുപാതത്തിലെ വർധനവ് മാറുന്നതായും കേന്ദ തെരഞ്ഞെടുപ്പ് കമ്മീഷൻ പത്രകുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.