ജാതി അധിക്ഷേപം: പി.വി ശ്രീനിജന്‍ എം.എൽ.എയുടെ പരാതിയിൽ സാബു എം. ജേക്കബിനെതിരെ കേസ്

കോലഞ്ചേരി: ട്വന്‍റി-20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബിനെതിരെ പട്ടികജാതി പീഡന നിരോധന നിയമ പ്രകാരം പൊലീസ് കേസെടുത്തു. കുന്നത്തുനാട് എം.എൽ.എ പി.വി ശ്രീനിജിന്‍റെ പരാതിയിലാണ് സാബു എം. ജേക്കബിനെ ഒന്നാം പ്രതിയാക്കി പുത്തൻകുരിശ് പൊലീസ് കേസെടുത്തത്.

ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്‍റ് ഡീനാ ദീപക്കാണ് രണ്ടാം പ്രതി. കഴിഞ്ഞ മലയാള മാസം ചിങ്ങം ഒന്നിന് ഐക്കരനാട് കൃഷി ഭവൻ സംഘടിപ്പിച്ച കർഷക ദിനാഘോഷത്തിൽ ഉദ്ഘാടകനായി എത്തിയ എം.എൽ.എയെ വേദിയിൽ വച്ച് പരസ്യമായി അപമാനിച്ച കാരണം ചൂണ്ടിക്കാട്ടി എം.എൽ.എ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

പട്ടികജാതിയിൽപ്പെട്ട ആളാണെന്ന് അറിഞ്ഞു കൊണ്ട് സമൂഹത്തിൽ ഒറ്റപ്പെടുത്തണമെന്നും അവഹേളിക്കണമെന്നും മണ്ഡലത്തിൽ നടത്തുന്ന പരിപാടികളിൽ എം.എൽ.എയോടൊപ്പം വേദി പങ്കിടുന്നതിന് ട്വന്‍റി-20 എന്ന പ്രാദേശിക പാർട്ടിയുടെ പഞ്ചായത്ത് അംഗങ്ങളെ വിലക്കിക്കൊണ്ട് പ്രസ്താവന ഇറക്കിയെന്നുമാണ് പരാതി. ഇതിനായി ഗൂഢാലോചന നടത്തി ട്വന്‍റി-20 പാർട്ടി പ്രവർത്തകരെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച് പട്ടികജാതിക്കാരനായ തന്നെ സാമൂഹ്യ വിലക്ക് ഏർപ്പെടുത്തിയെന്നും എം.എൽ.എ പരാതി ചൂണ്ടിക്കാട്ടുന്നു.

നിരന്തരം വിവേചനപരമായി പെരുമാറുന്നതായി ആരോപിച്ച് എം.എൽ.എ രംഗത്ത് വന്നിരുന്നു. എം.എൽ.എയും ട്വന്റി 20യും തമ്മിലുള്ള തുറന്ന പോരിൽ ആദ്യമായി രജിസ്റ്റർ ചെയ്യുന്ന പൊലീസ് കേസാണിത്.

Tags:    
News Summary - In the complaint of PV Sreenijan MLA, Case against Sabu M. Jacob

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.