1. കൊല്ലപ്പെട്ട ഫാത്തിമ 2. അറസ്​റ്റിലായ അലക്സും കവിതയും

വയോധികയെ കഴുത്തറുത്ത് കൊന്ന് സ്വർണം കവർന്ന സംഭവം: യുവതിയും യുവാവും അറസ്റ്റിൽ

അടിമാലി: വീട്ടിൽ അതിക്രമിച്ചുകയറി വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ യുവതിയെയും യുവാവിനെയും അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കിളികൊല്ലൂർ എം.ജി നഗറിൽ സേവ്യർ ക്വാർട്ടേഴ്സിൽ അലക്സ് യേശുദാസൻ (35), കൊല്ലം ഡീസന്‍റുമുക്ക് കല്ലുവിള കുന്നേൽ കവിത സുകേഷ് (36) എന്നിവരെയാണ്​ പാലക്കാട് ജില്ലയിലെ കുഴൽമന്ദത്ത്​ ബസിൽ സഞ്ചരിക്കുന്നതിനിടെ പിടികൂടിയത്.

അടിമാലി കുര്യൻസ്​പടി നെടുവേലി കിഴക്കേതിൽ ഫാത്തിമയാണ്​ (70) കൊല്ലപ്പെട്ടത്​. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് 5.45നും 6.30നും ഇടക്കായിരുന്നു കൊല. സംഭവ ദിവസം മകൻ സുബൈർ വൈകീട്ട് നാലിന് ടൗണിൽ പോയിരുന്നു. രാത്രി എട്ടോടെ വീട്ടിലെത്തിയപ്പോഴാണ് ഉമ്മയെ മരിച്ചനിലയിൽ കണ്ടെത്തിയത്. മുറിയിൽ മുളകുപൊടി വിതറി തെളിവ് നശിപ്പിച്ചിരുന്നു.

പൊലീസ് പറയുന്നതിങ്ങനെ: കൊല്ലം ഇ.എസ്.ഐ ആശുപത്രിയിൽ ഡ്രൈവറായിരുന്ന അലക്സും കവിതയും സഹപാഠികളായിരുന്നു. മൂന്നുമാസം മുമ്പ് ഈ ആശുപത്രിയിൽ ചികിത്സക്കെത്തിയ കവിത അലക്സിനെ കാണുകയും അടുത്ത ബന്ധത്തിലാവുകയും ചെയ്തു. ഇതിനിടെ ഇരുവരും പോക്സോ കേസിൽ പിടിയിലായി. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ഇരുവരും വിവിധയിടങ്ങളിൽ ജോലി അന്വേഷിച്ചിരുന്നു. കഴിഞ്ഞ 11ന് അടിമാലിയിലെത്തി സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തു. ഡ്രൈവിങ് വശമുള്ള അലക്സ് പലയിടത്തും ജോലിക്ക് ശ്രമിക്കുകയും വാടകവീട് അന്വേഷിക്കുകയും ചെയ്തു.

കൊല്ലപ്പെട്ട ഫാത്തിമയുടെ വീടിന് സമീപം വാടകവീട് തേടിയാണ് എത്തിയത്. ഫാത്തിമ ഇവരോട്​ കുശലം അന്വേഷിച്ചു. ഇതോടെ ഫാത്തിമയുമായി അടുത്തു. ഇതിനിടെ വീട്ടിനുള്ളിൽ നിരീക്ഷണം നടത്തി മടങ്ങി. 13ന് വൈകീട്ട് അഞ്ചോടെ വീണ്ടും അലക്സും കവിതയും ഫാത്തിമയുടെ വീട്ടിലെത്തി. മകൻ പുറത്ത് പോയെന്നും മറ്റാരും വീട്ടിലില്ലെന്നും മനസ്സിലാക്കി. കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാൻ അടുക്കളയിലേക്ക് പോയ ഫാത്തിമയുടെ വായ്​ ഇരുവരും പൊത്തിപ്പിടിക്കുകയും ബലമായി ബെഡ് റൂമിലേക്ക് വലിച്ചുകൊണ്ടു പോവുകയും ചെയ്തു. കറിക്കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നശേഷം മാലയും കൈയിൽ കിടന്ന രണ്ട് വളകളും മൊബൈൽ ഫോണും അപഹരിച്ച് കടന്നു.

ആദ്യം ഒരു വള വിൽക്കാൻ ശ്രമിച്ചു. ഇത് മുക്കുപണ്ടമായതിനാൽ വിൽപന നടന്നില്ല. പിന്നീട് മാല അടിമാലിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയംവെച്ച് 60,000 രൂപ വാങ്ങി. ടാക്സിയിൽ കോതമംഗലത്തെത്തി. എറണാകുളത്തെത്തി ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചു. തങ്ങളുടെ ചിത്രം പൊലീസിന് ലഭിച്ചതായി സൂചന ലഭിച്ചു. ഉടൻ ഇവിടെനിന്ന്​ തൃശൂരിലെത്തി മുടിയും മറ്റും വെട്ടി രൂപംമാറ്റി.

എന്നാൽ, ഫാത്തിമയുടെയും കവിതയുടെയും ഫോൺ ലൊക്കേഷൻ പൊലീസിന് ലഭിച്ചു. തുടർന്ന് സഞ്ചാരപാത മനസ്സിലാക്കിയാണ് പിടികൂടിയത്. ഫാത്തിമയുടെ ഫോൺ, മാലയുടെ ലോക്കറ്റ്, വള എന്നിവ കസ്റ്റഡിയിലെടുത്തു. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ടാക്സി കാർ ഡ്രൈവറുടെ മൊഴിയും സി.സി ടി.വി ദൃശ്യങ്ങളും അയൽവാസികളുടെ മൊഴിയും പ്രതികളെ വേഗത്തിൽ പിടികൂടാൻ സഹായിച്ചു.

ജില്ല പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്‍റെ നിർദേശപ്രകാരം ഇടുക്കി ഡിവൈ.എസ്​.പി സാജു വർഗീസിന്‍റെ നേതൃത്വത്തിൽ അടിമാലി എസ്.എച്ച്​.ഒ ജോസ് മാത്യു, മുരിക്കാശേരി എസ്.എച്ച്.ഒ അനിൽകുമാർ, എസ്.ഐമാരായ സി.എസ്. അഭിറാം, ഉദയകുമാർ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപവത്​കരിച്ചാണ് പ്രതികളെ പിടികൂടിയത്. ഇടുക്കി മുരിക്കാശേരി സ്വദേശിനിയായ പാലക്കാട് എ.എസ്.പി അശ്വതി ജിജിയുടെ നേതൃത്വത്തിൽ പാലക്കാട് പൊലീസും പ്രതികളെ പിടികൂടാൻ സഹായിച്ചു.

Tags:    
News Summary - Incident of killing an elderly woman and robbing her of gold: woman and man arrested in adimali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.