തിരുവനന്തപുരം: ബാലരാമപുരത്ത് കാണാതായ രണ്ടു വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റ് ഉടനെന്ന് സൂചന. ആൾമറയുള്ള കിണറ്റിൽ നിന്നാണ് രണ്ടു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ, കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മയുടെ സഹോദരൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിയിരിക്കുകയാണ്. കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണകാരണം കൃത്യമായി പറയാൻ കഴിയൂ. എന്നാൽ, കൊലപാതകം തന്നെയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കുടുംബത്തിന്റെ മൊഴികൾ പരസ്പരബന്ധമില്ലാത്തതാണ്. ഇന്നലെ ആ വീട്ടിൽ എന്തൊക്കൊയൊ സംഭവിച്ചതായാണ് സംശയം. കുടുംബം വലിയ സാമ്പത്തിക പ്രയാസം നേരിടുന്നുണ്ട്. കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും പണം മോഷ്ടിക്കപ്പെട്ടതായി കാണിച്ച് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതി വ്യാജമാണെന്ന് പൊലീസ് പറഞ്ഞു. വീടനടുത്ത് നിന്ന് കുരുക്കിട്ട കയർ കണ്ടെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ കുടുംബം കൂട്ട ആത്മഹത്യക്ക് പദ്ധതിയിട്ടിരുന്നോ എന്നതടക്കമുള്ള സംശയം ബലപ്പെടുകയാണ്.
ഇതിനിടെ, മാതാവിന്റെ സഹോദരൻ കിടന്ന മുറിയിൽ തീപ്പിടിച്ചതായാണ് കുടുംബം പറയുന്നത്. തീ അണച്ചതിനു ശേഷം തിരികെയെത്തിയപ്പോൾ കുഞ്ഞിനെ കാണാനില്ലായിരുന്നുവെന്നും പറയുന്നു. കിണറിനടുത്ത് പുറത്തുള്ള ആരെയോ കണ്ടതായി കുട്ടിയുടെ അമ്മ പൊലീസിന് മൊഴി നൽകി.
ഇന്ന് രാവിലെ ഏഴോടെയാണ് തിരുവനന്തപുരം കോട്ടുകാൽ സ്വദേശികളായ ശ്രീതു, ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു എന്ന രണ്ടുവയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
കുട്ടിയെ കാണാതായത് ശ്രദ്ധയിൽപ്പെട്ട ഉടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ, സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് തുടക്കത്തിൽ തന്നെ നാട്ടുകാർ പറഞ്ഞിരുന്നു. കിണറിന് കൈവരിയുണ്ട്. വീടിനുപുറത്ത് ഇറങ്ങാത്ത കുട്ടിയാണെന്ന് മാതാവ് പറയുന്നു.
ഇതിനിടെ, ഈ വീട്ടിൽ തീപിടുത്തമുണ്ടായതായി പറയുന്നു. പുലർച്ചെ 5.30 ഓടെ കുഞ്ഞ് കരയുന്നത് കേട്ടുവെന്ന് മാതാവ് പറയുന്നു. സംഭവ സ്ഥലത്ത് എത്തുമ്പോൾ വീട്ടിൽ നിന്നും മണ്ണെണ്ണയുടെ ഗന്ധമുണ്ടായിരുന്നു എന്ന് സ്ഥലം എം.എൽ.എ. എം. വിൻസന്റും പറഞ്ഞു. ദുരൂഹത ഉടൻ ഒഴിവാകുമെന്നും പൊലീസ് കൃത്യമായ അന്വേഷണം നടത്തുന്നുവെന്നും എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.