മലപ്പുറം: കീഴുപറമ്പ് ജി.വി.എച്ച്.എസ് സ്കൂളിൽ സ്വാതന്ത്ര്യദിന ആഘോഷ പരിപാടിയിൽ വി.ഡി സവർക്കറെ ഉൾപ്പെടുത്താൻ ശ്രമം നടന്നതായി പരാതി. സ്കൂളിൽ തിങ്കളാഴ്ച നടന്ന സ്വാതന്ത്ര്യദിന ഘോഷയാത്രയിലാണ് സവർക്കറെ ഉൾപ്പെടുത്താൻ ശ്രമം നടന്നത്. പരിപാടിയുടെ ഭാഗമായി എഴുപത്തഅഞ്ച് സ്വാതന്ത്രസമര സേനാനികളുടെ പുനരാവിഷ്കരണം നടത്താനായിരുന്നു സ്കൂൾ പി.ടി.എ അധികൃതർ തീരുമാനിച്ചത്. ഇതിനായി സ്കൂളിലെ ഒരു അധ്യാപികയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
ഈ പട്ടികയിലാണ് വി.ഡി സവർക്കാരെയും ഉൾപ്പെടുത്തിത്. എന്നാൽ സ്കൂളിലെ ഘോഷയാത്ര ആരംഭിക്കുന്നതിന് മുമ്പ് സ്കൂളിലെ അധ്യാപകരുടെ ശ്രദ്ധയിൽ ഇക്കാര്യം പെടുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ സവർക്കറുടെ വേഷമണിഞ്ഞ വിദ്യാർഥിയെ ഗ്രീൻ റൂമിലെത്തിച്ച് സവർക്കർ എന്നെഴുതിയ പേപ്പർ സ്കൂൾ അധികൃതർ എടുത്തു മാറ്റുകയായിരുന്നു. എന്നാൽ കുട്ടിയുടെ ഫോട്ടോ പുറത്ത് വന്നതോടെ സംഭവം വിവാദമായി.
എന്നാൽ സ്വാതന്ത്ര്യസമരസേനാനികളോടൊപ്പം സവർക്കറെ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടില്ല.ഇത് ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ നീക്കം ചെയ്തു. സംഭവത്തിൽ ഉത്തരവാദിത്വമുള്ള അധ്യാപികയോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും സ്കൂൾ അധികൃതർ പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധിച്ച് സ്കൂളിലേക്ക് ഇന്ന് കീഴുപറമ്പ് പഞ്ചായത്ത് യൂത്ത് ലീഗിൻറെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവർത്തകർ സ്കൂൾ ഹെഡ്മാസ്റ്റർക്ക് പരാതിയും നൽകിയിട്ടുണ്ട്.കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.കുറ്റക്കാർക്കെതിരെ നടപടി ഇല്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നാണ് കീഴുപറമ്പ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.