തിരുവനന്തപുരം: തൊഴിലിടങ്ങളിൽ സ്ത്രീകൾ സുരക്ഷിതല്ലെന്നും പണിയിടങ്ങളിൽ അവർ ആക്രമിക്കപ്പെടുന്ന സംഭവങ്ങളിൽ വലിയ വർധനയുണ്ടാകുന്നതായും കണക്കുകൾ. പരിഹാരം കാണേണ്ട ആഭ്യന്തര പരാതി പരിഹാര സമിതി പലയിടത്തും പേരിന് പോലുമില്ല. ഉള്ള ഇടങ്ങളിൽ പലതും നിർജീവവുമാണ്. പരാതികൾ ഒത്തുതീർപ്പാക്കാനുള്ള സമ്മർദം പലപ്പോഴും ഈ സമിതികളിൽനിന്ന് തന്നെ ഉണ്ടാകുന്നതായും ആക്ഷേപമുണ്ട്. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതു മുതൽ കഴിഞ്ഞമാസം വരെയുള്ള കണക്ക് പരിശോധിച്ചാൽ ഏഴു വർഷത്തിനിടെ തൊഴിലിടങ്ങളിൽ സ്ത്രീകൾ ആക്രമിക്കപ്പെട്ട 370 ലധികം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കായികവും ലൈംഗികവുമായ ആക്രമണങ്ങൾ ഇതിൽ ഉൾപ്പെടും. മാനസികമായും ജാതീയമായുമുള്ള അതിക്രമങ്ങൾ പുറമെ. പരാതിപ്പെടാത്ത സംഭവങ്ങൾ ഇതിലുമേറെ വരും. പലതും തൊഴിലിടങ്ങളിൽ തന്നെ ഒതുക്കി തീർക്കുന്നതിനാലാണ് പരാതികൾ ഉയരാത്തതെന്നു സ്ത്രീകളുടെ അവകാശങ്ങൾക്കായി നിലകൊള്ളുന്ന സംഘടനാ പ്രതിനിധികൾ പറയുന്നു.
ജോലി നഷ്ടപ്പെടുമെന്ന ആശങ്കയും വീണ്ടും അതേ സ്ഥലത്ത് ജോലി ചെയ്യുമ്പോൾ നേരിടേണ്ടിവന്നേക്കാവുന്ന ബുദ്ധിമുട്ടുകളും പരിഗണിച്ച് പലരും ഒത്തുതീർപ്പിന് നിർബന്ധിതരാകുന്നതാണു സാഹചര്യം. സഹപ്രവർത്തകരിൽനിന്നും പുറത്തുനിന്നുള്ളവരിൽനിന്നുമുള്ള അതിക്രമങ്ങൾ സ്ത്രീകൾക്ക് നേരെ പെരുകിവരികയാണ്. തൊഴിലിടങ്ങളിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ സ്വയം പ്രതിരോധ പരിശീലനം ഉൾപ്പെടെ ലഭ്യമാക്കുന്നുണ്ടെങ്കിലും കാര്യമായ ഫലമുണ്ടായിട്ടില്ല.
തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന കുറ്റകൃത്യങ്ങൾക്കെതിരെ അവബോധം നൽകാനും അവ കൈകാര്യം ചെയ്യാനും നടപടി സ്വീകരിച്ചിട്ടുള്ളതായാണ് സർക്കാർ അവകാശവാദം. പത്തിൽ കൂടുതൽ സ്ത്രീകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെല്ലാം ആഭ്യന്തര പരാതി സമിതി തൊഴിലുടമ രൂപവത്കരിക്കണമെന്നു നിയമവുമുണ്ട്. ഇത്തരം സമിതികളിൽനിന്നു ലഭിക്കുന്ന പരാതികളിലാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. എന്നാൽ, പലയിടത്തും ഇത്തരം സമിതികളേയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.