തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാവിഭാഗം ഉപഭോക്താക്കൾക്കും വെള്ളക്കരം കിലോലിറ്ററിന് (1000 ലിറ്റർ) 10 രൂപ കൂട്ടിയിട്ടും പ്രതിവർഷമുള്ള അഞ്ച് ശതമാനം താരിഫ് വർധന പിൻവലിക്കില്ലെന്നുറപ്പിച്ച് ജലവകുപ്പ്. അധികവായ്പ അനുവദിക്കുന്നതിനുള്ള കേന്ദ്രവ്യവസ്ഥ പ്രകാരമാണ് 2021 മുതൽ അഞ്ച് ശതമാനം താരിഫ് വർധന നടപ്പിൽവരുത്തുന്നത്.
വർഷങ്ങളായി ജലക്കരം വർധിപ്പിച്ചിട്ടില്ലെന്ന ന്യായം ഉന്നയിച്ചായിരുന്നു കഴിഞ്ഞ വർഷം വരെ പ്രതിവർഷ താരിഫ് വർധന നടപ്പാക്കിയത്. വെള്ളക്കരം കൂടിയതിനാൽ ഇക്കുറി ഒഴിവാക്കിയിട്ടുണ്ടെങ്കിലും അടുത്ത വർഷം മുതൽ വർധന തുടരുമെന്നാണ് ജലവകുപ്പ് വ്യക്തമാക്കുന്നത്.
പ്രതിവർഷം താരിഫ് വർധനയിലൂടെ 35.79 കോടിയുടെ അധികവരുമാനമാണ് കിട്ടിയത്. ലിറ്ററിന് ഒരു പൈസ നിരക്കിലെ പുതിയ വെള്ളക്കര വർധനയോടെ ജല അതോറിറ്റിക്ക് പ്രതിമാസം ലഭിക്കുന്നത് 30 കോടിയാണ്. ഉപഭോക്താക്കളുടെ ദ്വൈമാസ ബില്ലിൽ 100 മുതൽ 1000 രൂപയുടെ വരെയാണ് വർധന വന്നിട്ടുള്ളത്. ഇതുവഴി മാത്രമുള്ള വാർഷിക വരുമാനം 360 കോടിയാണ്. എന്നാൽ പ്രതിമാസം 41.5 കോടിയുടെ നഷ്ടത്തിലോടുന്ന സ്ഥാപനത്തെ സംബന്ധിച്ച് 30 കോടിയുടെ വരുമാനം ചെറിയ ആശ്വാസമാകുമെന്നല്ലാതെ പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്നാണ് വിലയിരുത്തൽ.
ജലഅതോറിറ്റിയിൽ ശമ്പളപരിഷ്കരണം നടപ്പാക്കിയിറക്കിയ ഉത്തരവിൽ ഉപഭോക്താക്കളുടെ ചൂഷണം ചെയ്യുന്ന പരാമർശങ്ങളാണുള്ളത്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ വെള്ളക്കരം പ്രതിവർഷം വർധിപ്പിക്കണമെന്ന നിർദേശമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ധനസ്ഥിതി പിടിച്ചുനിർത്താൻ കർശന ഇടപെടലുകളും നടപടികളും വേണമെന്ന ശമ്പള പരിഷ്കരണ റിപ്പോർട്ടിലെ പരാമശങ്ങളാണ് അതേപടി ഉത്തരവിലും അടിവരയിട്ടിരിക്കുന്നത്. ശമ്പള പരിഷ്കരണത്തോടെ പ്രതിമാസം 3.46 കോടി രൂപയാണ് അധികബാധ്യത. സർക്കാർ പൊതുമേഖല സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവ ചേർന്ന് 1287 കോടിയാണ് അതോറിറ്റിക്ക് നൽകാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.