തിരുവനന്തപുരം: പാർട്ടി അണികൾക്കിടയിൽ മദ്യമുൾപ്പെടെ ലഹരി വസ്തുക്കളുടെ ഉപയോഗം വർധിക്കുന്നതും താഴെത്തട്ടിലെ പ്രവർത്തകർ പോലും വലിയ തോതിൽ സ്വത്ത് സമ്പാദിക്കുന്നെന്ന പരാാതിയുമാണ് ‘സംഘടന രംഗത്തെ അടിയന്തര കടമകൾ’എന്ന പേരിൽ തെറ്റ് തിരുത്തൽ രേഖയുമായി രംഗത്തിറങ്ങാൻ സി.പി.എമ്മിനെ പ്രേരിപ്പിച്ചത്. ജനത്തോടുള്ള പെരുമാറ്റരീതി എങ്ങനെയാകണമെന്ന് നിര്‍ദേശിച്ചും വർധിക്കുന്ന ബൂർഷ്വാ പ്രവണതകൾ ഒഴിവാക്കാൻ ആഹ്വാനം ചെയ്തുമുള്ളതാണ് ഈ രേഖ.
തുടർഭരണം എന്തിനുമുള്ള അധികാരമായി അണികൾ കാണുന്ന പ്രവണത ചിലയിടങ്ങളിൽ നിലനിൽക്കുന്നതായുള്ള വിലയിരുത്തലും പാർട്ടിക്കുണ്ട്. തുടർഭരണത്തിൽ മറ്റുള്ള സംസ്ഥാനങ്ങളിൽ കനത്ത തകർച്ചയാണ് സി.പി.എമ്മിനുണ്ടായത്. അത്തരമൊന്ന് കേരളത്തിലുണ്ടാകാതിരിക്കാനുള്ള മുൻകരുതലെന്ന നീക്കവും ഇതിനു പിന്നിലുണ്ട്.
തെറ്റുകൾ നിരന്തരം ആവർത്തിക്കുമ്പോഴും അതിന് തടയിടാനുള്ള നടപടികൾ സ്വീകരിക്കേണ്ട ഘടകങ്ങൾ നിഷ്ക്രിയമാണ്. അധികാരത്തിന്റെ സുഖശീതളിമക്കിടയിൽ നേതാക്കളിലും അണികളിലും ചിലർ തങ്ങളുടെ കടമ മറക്കുന്നു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് പാർട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന സംഭവങ്ങളും അനധികൃത സ്വത്ത് സമ്പാദനം, ഫണ്ട് തട്ടിപ്പ് തുടങ്ങിയ വിവാദങ്ങളും നാണക്കേടുണ്ടാക്കി.
താഴേതട്ടിൽനിന്ന് ലഭിച്ച വിവരങ്ങളുടെയും പരാതികളുടെയും അടിസ്ഥാനത്തിലാണ് പാർട്ടി ഇത്തരത്തിലൊരു രേഖ രൂപപ്പെടുത്തിയത്. എത്ര ഉന്നതനായാലും നടപടികളിൽ വിട്ടുവീഴ്ച വേണ്ടെന്ന സന്ദേശമാണ് കീഴ്ഘടകങ്ങൾക്ക് സംസ്ഥാന നേതൃത്വം ഈ രേഖയിലൂടെ നൽകുന്നത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരിട്ട് പങ്കെടുക്കുന്ന ജില്ല കമ്മിറ്റി യോഗങ്ങൾ വിളിച്ചുചേർത്ത് രേഖകൾ വിശദീകരിക്കും.
അതിനുപുറമെ, ട്രേഡ് യൂനിയൻ രംഗത്തെ തെറ്റായ പ്രവണതകൾ പല മേഖലകളെയും സാരമായി ബാധിക്കുന്നെന്ന കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തലാണ് സംസ്ഥാന നേതൃത്വത്തിനുമുള്ളത്. ആ സാഹചര്യത്തിലാണ് ട്രേഡ് യൂനിയൻ നയരേഖയും അംഗീകരിക്കാനുള്ള സി.പി.എം നീക്കം. അടുത്ത സംസ്ഥാന സമിതിയോഗം ഈ നയരേഖയും ചർച്ച ചെയ്ത് അംഗീകരിക്കും. ഈ രേഖയിൽ കാര്യമായ ചർച്ച വേണ്ടെന്നും കേന്ദ്രനേതൃത്വത്തിന്റെ നിലപാടാണ് ഈ രേഖയെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.