ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം രാജ്യത്ത് ഓരോ വർഷവും കൂടിവരുന്നതായി ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ. അതേസമയം, ആത്മഹത്യാ നിരക്ക് കുറഞ്ഞുവരുന്നതായി അന്താരാഷ്ട്ര പ്രശസ്തമായ ‘ലാൻസെറ്റ് പബ്ലിക് ഹെൽത്ത്’ മാഗസിൻ റിപ്പോർട്ട് പറയുന്നത് ചെറിയ ആശ്വാസമേകുന്നുമുണ്ട്. 2022ൽ രാജ്യത്ത് 1.71ലക്ഷം പേർ ആത്മഹത്യ ചെയ്തിട്ടുണ്ട്. മുൻ വർഷത്തേക്കാൾ ആറായിരം കൂടുതൽ. 2018മായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 35,000ഓളം അധിക ആത്മഹത്യകൾ രാജ്യത്തുണ്ടായി.
എന്നാൽ, ആശങ്കയുണർത്തുന്ന ഈ കണക്കുകൾക്കൊപ്പം അൽപം ആശ്വാസം പകരുന്ന മറ്റൊരു കണ്ടെത്തലുമായാണ് അന്താരാഷ്ട്ര പ്രശസ്തമായ ‘ലാൻസെറ്റ് പബ്ലിക് ഹെൽത്ത്’ മാഗസിൻ പുറത്തിറങ്ങിയിരിക്കുന്നത്. ഇന്ത്യയിൽ ആത്മഹത്യാ നിരക്ക് കുറയുകയാണെന്നാണ് ലാൻസെറ്റിന്റെ കണ്ടെത്തൽ. 1990 മുതൽ 2021 വരെയുള്ള കണക്കുകൾ പരിശോധിച്ചാണ് ലാൻസെറ്റ് പഠനം നടത്തിയിരിക്കുന്നത്. 30 വർഷത്തിനിടെ, ആത്മഹത്യാ നിരക്കിൽ 30 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആത്മഹത്യാ പ്രവണതയുള്ളവരെ തിരിച്ചറിഞ്ഞ് കൗൺസലിങ് നടത്തുന്നതുൾപ്പെടെയുള്ള പ്രതിരോധ മാർഗം സ്വീകരിച്ചതുകൊണ്ടാണ് ആത്മഹത്യാ നിരക്കിൽ കുറവ് വരുത്താനായത്.
ആത്മഹത്യയും ആത്മഹത്യാ നിരക്കും തമ്മിൽ വ്യത്യാസമുണ്ട്. ആത്മഹത്യ എന്നത് ഒരു പ്രത്യേക കാലത്തിനുള്ളിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണമാണ്. എന്നാൽ, ലക്ഷം ജനങ്ങളിൽ എത്രപേർ ആത്മഹത്യ ചെയ്യുന്നുവെന്ന കണക്കാണ് ആത്മഹത്യാ നിരക്ക്. ലാൻസെറ്റ് പഠനമനുസരിച്ച്, 1990ൽ ആത്മഹത്യാ നിരക്ക് 18.9 ആയിരുന്നു. 2021ൽ എത്തിയപ്പോൾ അത് 13 ആയി. ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം, 2021ലെ ആത്മഹത്യാ നിരക്ക് 12 ആണ്. ആത്മഹത്യാ നിരക്ക് വലിയതോതിൽ കുറഞ്ഞുവെന്ന് അർഥം. മറ്റൊരർഥത്തിൽ, 2022ലെ 1.71 ലക്ഷം ആത്മഹത്യ എന്നത് വലിയ എണ്ണമാണെങ്കിലും 1991ലെ പ്രവണതയനുസരിച്ചായിരുന്നുവെങ്കിൽ അത് 2.4 ലക്ഷത്തിനടുത്ത് വരുമായിരുന്നു. അത്രയും ആത്മഹത്യ പ്രതിരോധിക്കുന്നതിൽ വിജയിച്ചു.
ലാൻസെറ്റ് പഠനം ആശ്വാസത്തിന് വകനൽകുന്നുണ്ടെങ്കിലും ആത്മഹത്യാ പ്രവണത സംബന്ധിച്ച ആശങ്കകൾ ഇനിയും ബാക്കിനിൽക്കുകയാണ്. 2021നുശേഷം ആത്മഹത്യാ നിരക്കിൽ ഉയർച്ചയുണ്ടായതാണ് അതിലൊന്ന്. 2022ൽ, 12.4ലേക്ക് ആത്മഹത്യാ നിരക്ക് കൂടി. 2023ലെ നിരക്ക് ഔദ്യോഗികമായി പുറത്തുവന്നിട്ടില്ലെങ്കിലും അത് 12.5ലേക്ക് എത്തിയതായാണ് റിപ്പോർട്ടുകൾ.
ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം, 2022ലും ’23ലും കേരളത്തിൽ പതിനായിരത്തിലധികം ആളുകൾ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഓരോ വർഷവും 500 അധിക ആത്മഹത്യകളെങ്കിലും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നു. ആത്മഹത്യാനിരക്ക് ശരാശരി 24 ആണ്. ദേശീയ ശരാശരിയുടെ ഇരട്ടി. 2022ലെ കണക്കുപ്രകാരം, ആത്മഹത്യാനിരക്ക് കൂടുതലുള്ള നാലാമത്തെ സംസ്ഥാനമാണ് കേരളം. സിക്കിം, ആന്തമാൻ, പുതുച്ചേരി എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ് ലൈൻ: 1056, 0471- 2552056
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.