കൊച്ചി: ഗ്രഫീൻ ഗവേഷണത്തിൽ പങ്കാളിയാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന ലക്ഷ്യത്തോട് കേരളം അടുക്കുന്നു. ഇതിനായി സ്ഥാപിക്കുന്ന ഗ്രഫീൻ ഇന്നവേഷൻ സെന്റർ സെപ്റ്റംബറിൽ പ്രവർത്തനസജ്ജമാകും. സംസ്ഥാനത്ത് ഗ്രഫീൻ അനുബന്ധ വ്യവസായിക വളർച്ചക്ക് നാന്ദികുറിക്കാൻ സെന്റർ സഹായകമാകും.
കളമശ്ശേരി കിൻഫ്ര ഹൈടെക് പാർക്കിൽ കേരള ടെക്നോളജി ഇന്നവേഷൻ സോണിലെ മേക്കർ വില്ലേജിൽ കേരള സ്റ്റാർട്ടപ് മിഷന്റെ കീഴിലുള്ള ഡിജിറ്റൽ ഹബിലാണ് സെന്റർ ഒരുങ്ങുന്നത്. ഡിജിറ്റൽ ഹബ് ജൂണിൽ പൂർണസജ്ജമാകും. രണ്ടുലക്ഷം ചതുരശ്രയടിയുള്ള കെട്ടിടസമുച്ചയമാണ് നിർമിക്കുന്നത്. ഗ്രഫീൻ ഇന്നവേഷൻ സെന്ററിനൊപ്പം ഡിസൈൻ ഹബും ഡിജിറ്റൽ ഹബിലുണ്ടാകും. 20,000 ചതുരശ്ര അടിയിലാണ് ഗ്രഫീൻ ഇന്നവേഷൻ സെന്റർ. രാജ്യത്തെ ആദ്യ ഗ്രഫീൻ ഇന്നവേഷൻ കേന്ദ്രമായ ഇവിടെ ഗവേഷണ ലബോറട്ടറിയാണ് പ്രവർത്തിക്കുക.
ഇലക്ട്രിക്, ഇലക്ട്രോണിക് വ്യവസായത്തിൽ ഗ്രഫീന് വൻ സാധ്യതയാണുള്ളത്. സെന്ററിന്റെ ഭാഗമായി ഉൽപന്ന വികസന പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഉൽപന്നങ്ങളുടെ ഗവേഷണം, വിപണി കണ്ടെത്തൽ എന്നിവയെല്ലാം സെന്ററിലൂടെ വിഭാവനം ചെയ്യുന്നുണ്ട്. അതോടൊപ്പം നൂതനമായ ഉപകരണങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും നടക്കുന്നു.
സെന്റർ പ്രവർത്തനസജ്ജമാകുന്നതോടെ ഗ്രഫീൻ അനുബന്ധ ഗവേഷണത്തോടൊപ്പം ചെറിയ വ്യവസായ സംരംഭകർക്കുള്ള സഹായവും ലഭിക്കും. അതുവഴി ഗ്രഫീൻ അനുബദ്ധ വ്യവസായങ്ങളുടെ വളർച്ചക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാൻ സാധിക്കും. ആധുനിക ഗവേഷണ ഉപകരണങ്ങൾ മറ്റു ഗവേഷകർക്കും വ്യവസായങ്ങൾക്കും ഉപയോഗപ്രദമാകും.
വ്യവസായ സംരംഭകർക്ക് ഗ്രഫീൻ ഗവേഷകരുമായി സംവദിക്കാനുള്ള സാഹചര്യം സെന്ററിലൂടെ ലഭിക്കും. പുതുസംരംഭകരെ പ്രോത്സാഹിപ്പിക്കാനാവശ്യമായ ഗ്രാന്റുകൾ, ഇൻകുബേഷൻ സൗകര്യം എന്നിവയും ഈ സെന്ററിലൂടെ ലക്ഷ്യമിടുന്നുണ്ട്. 2023 സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിൽ ഈ സെന്റർ പ്രവർത്തന നിരതമാകുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.
ഭൂമിയിലെ ഏറ്റവും നേർത്തതും ശക്തിയേറിയതുമായ പദാർഥമാണ് ഗ്രഫീൻ. കാർബണിന്റെ രൂപഭേദമാണിത്. ഒരേസമയം സുതാര്യവും വൈദ്യുതി ചാലകവും വഴങ്ങുന്നതുമായ അപൂർവം പദാർഥങ്ങളിലൊന്നായതിനാൽ ‘അത്ഭുത വസ്തു’ എന്ന വിളിപ്പേരുണ്ട്.
സിലിക്കണിൽ നിർമിക്കുന്നവയെക്കാൾ ഭാരവും ചെലവും കുറച്ച് ഗ്രഫീൻ കൊണ്ട് ഇലക്ട്രോണിക് ഉപകരണങ്ങൾ നിർമിക്കാം. ചൈനയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ച ഗ്രഫീൻ എയ്റോജെലിന് വായുവിന്റെ ഏഴിലൊന്ന് ഭാരമേയുള്ളൂ. ദീർഘകാലം ഈടുനിൽക്കുന്നതും വെള്ളത്തിൽ വീണാലും കേടാകാത്തതുമായ ബാറ്ററികൾ നിർമിക്കാം.
2011ൽ നോർത്ത് വെസ്റ്റേൺ യൂനിവേഴ്സിറ്റി ഗ്രഫീനും സിലിക്കണും ചേർത്ത് ഒരാഴ്ചയിൽ കൂടുതൽ ചാർജ് നിൽകുന്ന മൊബൈൽ ഫോൺ ബാറ്ററികൾ നിർമിച്ചിരുന്നു. ഇത് 15 മിനിറ്റിനുള്ളിൽ പൂർണമായും ചാർജ് ചെയ്യാം. സ്മാർട്ട് ഫോൺ നിർമാണത്തിലും ഗ്രഫീൻ ഉപയോഗിക്കാനാവും.
ഗുണമേന്മേറിയ ട്രാൻസിസ്റ്റർ നിർമാണത്തിന് ഗ്രഫീൻ ഉപയോഗിക്കാമെന്ന് സാംസങ് കണ്ടെത്തിയിരുന്നു. ഐ.ബി.എം, നോക്കിയ, സാൻ ഡിസ്ക് കമ്പനികളും ഗ്രഫീൻ സെൻസർ, ട്രാൻസിസ്റ്റർ, മെമ്മറി കാർഡ് എന്നിവ നിർമിക്കാനുള്ള പരീക്ഷണങ്ങളിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.