ഇന്ത്യയിലെ ആദ്യ സൂപ്പർകപ്പാസിറ്റർ ഉല്‍പ്പാദന കേന്ദ്രം ചൊവ്വാഴ്ച കണ്ണൂരിൽ പ്രവർത്തനം തുടങ്ങുന്നു

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രം കണ്ണൂരിൽ ചൊവ്വാഴ്ച പ്രവർത്തനമാരംഭിക്കും. സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള കെൽട്രോൺ കോംപണൻ്റ് കോമ്പ്ലക്സ് ആരംഭിക്കുന്ന ഈ പുതിയ പ്ലാൻ്റിൽ നിന്ന് ലോകനിലവാരത്തിലുള്ള സൂപ്പർ കപ്പാസിറ്ററുകൾ തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യൻ പ്രതിരോധമേഖലക്കും ഇലക്ട്രിക് വാഹനങ്ങൾക്കും ബഹിരാകാശ ദൗത്യങ്ങൾക്കുമുൾപ്പെടെ വിതരണം ചെയ്യാൻ സാധിക്കും.

ഇറക്കുമതി ചെയ്ത യന്ത്രങ്ങൾ ഘടിപ്പിക്കുന്നതുൾപ്പെടെ ആദ്യഘട്ട നിർമ്മാണം പൂർണമായും പൂർത്തിയായിട്ടുണ്ട്. ഒരു ദിവസം 2000 സൂപ്പർ കപ്പാസിറ്ററുകൾ വരെ നിർമിക്കാൻ പുതിയ പ്ലാൻ്റിന് സാധിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രം ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. ഏറ്റവും ഉയർന്ന ശേഷിയുള്ള കപ്പാസിറ്ററുകളായ സൂപ്പർ കപ്പാസിറ്റർ ബൈക്ക് മുതൽ ബഹിരാകാശ വാഹനങ്ങളിലടക്കം ഉപയോഗിക്കുന്ന ഘടകമാണ്. ബാറ്ററികളിലേതിനേക്കാൾ വളരെ പെട്ടെന്ന് ചാർജ് സ്വീകരിക്കാനും വിതരണം ചെയ്യാനും സൂപ്പർ കപ്പാസിറ്ററുകൾ വഴി സാധിക്കും. ദീർഘകാലത്തേക്ക് തകരാറില്ലാതെ പ്രവർത്തിക്കുന്ന സൂപ്പർ കപ്പാസിറ്ററുകൾ ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോമോട്ടീവ് യന്ത്രങ്ങൾ, ഇൻവേർട്ടറുകൾ, എനർജി മീറ്റർ തുടങ്ങി ഒട്ടേറെ ഉപകരണങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഉൽപ്പന്നമാണ്.

ചൊവ്വാഴ്ച രാവിലെ 9.30 ന് കണ്ണൂർ കെൽട്രോൺ കോംപണന്റ് കോംപ്ലക്സ് ലിമിറ്റഡിൽ നടക്കുന്ന ചടങ്ങിൽ എം.വിജിൻ എം.എൽ.എ, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി. എം മുഹമ്മദ് ഹനീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ തുടങ്ങിയവർ പങ്കെടുക്കും.

Tags:    
News Summary - India's first supercapacitor manufacturing facility to start operations in Kannur on Tuesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.