തൃശൂർ: പെട്രോളിനും ഡീസലിനും പാചകവാതകത്തിനും പലവ്യഞ്ജനത്തിനും പച്ചക്കറിക്കും പിന്നാലെ വിലക്കയറ്റ പട്ടികയിൽ അടുത്ത ഊഴം 'ഡേറ്റ'ക്കും കാളിനും. വിദ്യാർഥി മുതൽ വീട്ടമ്മ വരെയുള്ളവരുെട 'നിത്യോപയോഗ സാധന'മായി മാറിയ ഇൻറർനെറ്റിനും ഫോൺ കാളിനും ഇനി 20 മുതൽ 25 ശതമാനം വരെ അധികം വില നൽകണം. എല്ലാവരിലേക്കും ഫോണും ഡേറ്റയും എത്തിച്ച കോവിഡ്കാലം ഇനി ഒരുക്കുന്നത് ഒരു 'ഡേറ്റ -കാൾ ട്രാപ്' ആണ്.
നഷ്ടം സഹിച്ച് പിടിച്ചുനിൽക്കാനാവുന്നില്ലെന്ന കാരണം പറഞ്ഞ് എയർടെലും വിഐയും (വോഡഫോൺ -ഐഡിയ) നിരക്ക് 20 -25 ശതമാനം ഉയർത്തി. സാമ്പത്തികമായി കുറെക്കൂടി ഭദ്രമായ നിലയിലുള്ള റിലയൻസ് ജിയോ 21 ശതമാനം നിരക്ക് വർധന പ്രഖ്യാപിച്ചു. വിപണി വാഴുന്ന ഈ മൂന്ന് സ്വകാര്യ സേവന ദാതാക്കളും ബാധ്യത കുറക്കുന്നതിനൊപ്പം അഞ്ചാം തലമുറയിലേക്കുള്ള (5ജി) കുതിപ്പിന് മുതൽകൂട്ടാൻ കൂടിയാണ് നിരക്ക് വർധിപ്പിച്ചത്.
പൊതുമേഖലയിലെ ബി.എസ്.എൻ.എൽ അടക്കം 25ഓളം സേവന ദാതാക്കൾ ഉണ്ടായിരുന്ന ടെലികോം മേഖലയിൽ റിലയൻസ് ജിയോയുടെ വരവാണ് കടുത്ത മത്സരത്തിനും കുറെപേരുടെ കിതപ്പിനും ഇടയാക്കിയത്. വിപണി പിടിക്കാൻ ഡേറ്റക്കും കാളിനുമുള്ള താരിഫ് ഒരു പരിധിയിൽ താഴെ (പ്രിഡേറ്ററി പ്രൈസിങ്) നിശ്ചയിക്കാൻ പാടില്ലെന്ന വ്യവസ്ഥ ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) 2016ൽ വന്ന ജിയോ തുടക്കമിട്ട താരിഫ് കുറക്കൽ യുദ്ധത്തിൽ കണ്ടില്ലെന്നു നടിച്ചു. ഇതോടെ മറ്റു കമ്പനികളും നിലനിൽപിന് നിരക്ക് താഴ്ത്താൻ നിർബന്ധിതരായി.
ചെറിയ സ്ഥാപനങ്ങളെല്ലാം നഷ്ടം കുമിഞ്ഞ് രംഗം വിട്ടു. അതിൽ ചിലതിനെ ഭീമന്മാർ ഏറ്റെടുത്തു. വോഡഫോണും ഐഡിയയും ഒന്നായി. ഇപ്പോൾ പൊതുമേഖലയിലെ ബി.എസ്.എൻ.എലിന് പുറമെ എയർടെലും ജിയോയും വിഐയും മാത്രം.
ഇപ്പോഴും ഡേറ്റക്കും കാളിനും ലോകത്ത് ഏറ്റവും നിരക്ക് കുറഞ്ഞ രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. എന്നാൽ, ഓഫറുകൾ നൽകി ഉപഭോക്താക്കളെ കൂടെക്കൂട്ടുന്ന 'പോർട്ടബിലിറ്റി' തന്ത്രം സ്വകാര്യ കമ്പനികൾ മാറ്റുകയാണെന്നാണ് നിരക്ക് വർധന സൂചിപ്പിക്കുന്നത്. ജിയോ പുറമേക്ക് പറയുന്ന കടം രണ്ട് ലക്ഷം േകാടിയാണ്; വിഐ ഒന്നര ലക്ഷം കോടിയും. സർക്കാറിന് കൊടുക്കാനുള്ള ബാധ്യത തീർക്കാൻ സമയം നീട്ടിക്കിട്ടുന്നതുകൊണ്ടാണ് വിഐ പിടിച്ചുനിൽക്കുന്നത്.
ഇന്ത്യൻ ടെലികോം മേഖലയിൽ ഏകാധിപത്യത്തിനുള്ള ജിയോയുടെ ശ്രമങ്ങൾക്ക് പരിധിവരെ മറ്റു രണ്ട് കമ്പനികളാണ് പ്രതിരോധം തീർക്കുന്നത്. താരിഫ് വർധിപ്പിച്ചപ്പോൾ ഉപഭോക്താക്കൾ പോർട്ട് ചെയ്ത് പോകാതിരിക്കാൻ വിഐ സൂത്രം പ്രയോഗിച്ചുവെന്ന് ജിയോ ട്രായ്ക്ക് പരാതി നൽകിയിട്ടുണ്ട്. ഈ മൂന്ന് കമ്പനികൾ ഇനി നടത്തുന്ന താരിഫ് കൂട്ടൽ യുദ്ധം ആത്യന്തികമായി എല്ലാ ഉപഭോക്താക്കളുടെയും കീശ ചോർത്തും.
ബി.എസ്.എൻ.എൽ എന്തുചെയ്യും?
മൂന്ന് സ്വകാര്യ കമ്പനികളുടെ 'യുദ്ധം' കണ്ടുനിൽക്കുന്ന റോളാണ് തൽക്കാലം ബി.എസ്.എൻ.എലിന്. രാജ്യമാകെ അടിത്തറയുണ്ട്; കടം 30,000 കോടി രൂപ മാത്രവും. എന്നാൽ, സർക്കാറിെൻറ പിന്തുണ തീരെയില്ല. ഇപ്പോഴും 2ജിയിലും 3ജിയിലും ഇഴയുന്ന നെറ്റ്വർക്ക് വികസിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് കടിഞ്ഞാണിടുന്നത് കേന്ദ്ര സർക്കാർ തന്നെയാണെന്നത് വൈരുധ്യം. ഉപകരണങ്ങൾ വാങ്ങാനുള്ള ടെൻഡർ നടപടികൾ തടഞ്ഞത് മൂന്നുതവണയാണ്.
പക്ഷേ, ബി.എസ്.എൻ.എലും നിരക്ക് വർധിപ്പിക്കാൻ നിർബന്ധിതരാവുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. നിലവിൽ 4ജിയുള്ള, 5ജിയിലേക്ക് നീങ്ങാൻ ശ്രമിക്കുന്ന മൂന്ന് സ്ഥാപനങ്ങളാണ് താരിഫ് ഉയർത്തിയത്. 3ജി മാത്രമുള്ള ബി.എസ്.എൻ.എലിന് ഇതിൽ പ്രസക്തിയില്ല. എന്നാൽ, രാജ്യത്ത് ലക്ഷക്കണക്കിന് ഉപഭോക്താക്കൾ ഇപ്പോഴും 2ജി, 3ജി ഉപയോഗിക്കുന്നവരുണ്ട്.
ബി.എസ്.എൻ.എലിെൻറ നിരക്ക് കുറഞ്ഞുനിന്നാൽ അവരിൽ ഭൂരിഭാഗവും സ്വകാര്യ കമ്പനികളെ ഉപേക്ഷിച്ച് ഇങ്ങോട്ട് വരും. പുതിയതായി ഒരു ഉപഭോക്താവിനെപ്പോലും ഏറ്റെടുക്കാനുള്ള സാങ്കേതിക കരുത്ത് ബി.എസ്.എൻ.എലിന് ഇല്ല എന്നതാണ് ദുരവസ്ഥയെന്നും എക്സിക്യൂട്ടിവ് പദവിയിലുള്ള ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.