ബംഗളൂരു: കർണാടകയിലെ അങ്കോലയിൽ ചൊവ്വാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ അകപ്പെട്ടെന്ന് കരുതുന്ന കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവറെയും ലോറിയെയും ഇനിയും കണ്ടെത്താനായില്ല. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെ കുറിച്ചാണ് നാല് ദിവസമായി വിവരമില്ലാത്തത്. ലോറിയുടെ ജി.പി.എസ് ലൊക്കേഷൻ അവസാനം കാണിച്ചത് മണ്ണിടിച്ചിലുണ്ടായ ഭാഗത്താണ്. മണ്ണിടിച്ചിലിൽ 12 പേർ മരിച്ചതായാണ് വിവരം.
മുംബൈയിലേക്ക് ചരക്കുമായി പോകുകയായിരുന്നു ഡ്രൈവറായ അർജുൻ. ഇതിനിടെയാണ് അങ്കോലയിലുണ്ടായ വൻ മണ്ണിടിച്ചിലിൽ പെട്ടത്. ബന്ധുക്കൾ രക്ഷാപ്രവർത്തകരുമായി ബന്ധപ്പെട്ടെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. അപകടശേഷം വിളിച്ചപ്പോൾ അർജുന്‍റെ ഫോൺ ഒരു തവണ റിങ് ചെയ്തിരുന്നതായി കുടുംബം പറയുന്നു. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയി. ലോറി ഡ്രൈവർമാർ സ്ഥിരമായി വിശ്രമിക്കാൻ നിർത്താറുണ്ടായിരുന്ന സ്ഥലത്താണ് വൻ മണ്ണിടിച്ചിലുണ്ടായത്.
ലോറിയുടെ ജി.പി.എസ് ലൊക്കേഷൻ വീട്ടുകാർ നോക്കിയപ്പോഴാണ് മണ്ണിടിഞ്ഞ സ്ഥലത്തുതന്നെ ലോറിയുണ്ടെന്ന് കാണിക്കുന്നത്. രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്നും റോഡിൽ നിന്ന് മണ്ണ് മാറ്റി ഗതാഗതം പുന:സ്ഥാപിക്കാനുള്ള ശ്രമം മാത്രമേ നടക്കുന്നുള്ളൂവെന്നും കുടുംബം പറയുന്നു.
എ.സി ഓൺ ചെയ്ത് ഫുൾ കവർ ചെയ്ത വണ്ടിയാണെന്നും മണ്ണ് ഉള്ളിലേക്ക് കയറാൻ സാധ്യതയില്ലെന്നും ലോറി ഉടമ മനാഫ് പറഞ്ഞു. അർജുന്‍റെ ബന്ധുക്കൾ അങ്കോലയിലെത്തിയിട്ടുണ്ട്.
അതേസമയം, അര്‍ജുനെ കണ്ടെത്താന്‍ ശ്രമിക്കുന്നുവെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ അറിയിച്ചു. കര്‍ണാടക ഗതാഗതമന്ത്രിയുമായി സംസാരിച്ചു. അന്വേഷിക്കാന്‍ കാസര്‍കോട് ജില്ല കലക്ടറേയും ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. കാസര്‍കോട് ആര്‍.ടി.ഒയുടെ നേതൃത്വത്തിലുള്ള സംഘം അങ്കോലയിലേക്ക് തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.