പന്തീരാങ്കാവ്: ഇരുചക്ര വാഹനാപകടത്തിൽ പരിക്കേൽക്കുകയും അപകടത്തിന്റെ ആഘാതത്തിൽ ഗർഭഛിദ്രം സംഭവിക്കുകയും ചെയ്ത യുവതി ദേശീയപാത കരാറുകാർക്കെതിരെ നിയമനടപടിക്ക്. ഡിസംബർ 16ന് പെരുമണ്ണ വള്ളിക്കുന്ന് വെളുത്തേടത്ത് അംജത്ഖാന്റെ ഭാര്യ ഇർഷദ് ലുലുവിനാണ് (30) പന്തീരാങ്കാവ് ജങ്ഷനിൽ റോഡ് നിർമാണത്തൊഴിലാളികളുടെ അശ്രദ്ധ കാരണം അപകടമുണ്ടായത്.
രാമനാട്ടുകരയിലെ സ്കൂളിൽ കുട്ടിയെ ഇറക്കി രാവിലെ 8.15ഓടെ ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. പന്തീരാങ്കാവ് ജങ്ഷനിൽനിന്ന് പെരുമണ്ണ റോഡിലേക്ക് പോകുമ്പോൾ ബൈപാസിലെ ഇടതുവശത്തുനിന്ന് രണ്ട് തൊഴിലാളികൾ ചുമലിലേറ്റി കൊണ്ടുവന്ന കമ്പി ഇർഷദിന്റെ ഇടതുകണ്ണിൽ തട്ടി മുറിവേറ്റു.
ഇതോടെ നിയന്ത്രണംവിട്ട് വണ്ടിയിൽനിന്ന് തെറിച്ചുവീണ് ഇടതുകാലിൽ രണ്ടിടത്ത് എല്ല് പൊട്ടി. ശസ്ത്രക്രിയക്ക് വിധേയയായി സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചയോളം ചികിത്സയിലായിരുന്നു.അപകടത്തിനുശേഷം രക്തസ്രാവം വന്നതോടെ ഡോക്ടറെ സമീപിച്ചപ്പോഴാണ് ഒരുമാസം ഗർഭിണിയായിരുന്ന ഇർഷദിന് ഗർഭഛിദ്രം നടന്നതായി വ്യക്തമാവുന്നത്.
പരിക്കിനെത്തുടർന്നുണ്ടായ മരുന്നുകളുടെ ഉപയോഗവും മാനസികാഘാതവുമാണ് ഗർഭഛിദ്രത്തിന് കാരണമെന്ന് ഡോക്ടർ പറഞ്ഞതായി ഇർഷദ് ലുലു പറഞ്ഞു.പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നിർമാണകമ്പനി പ്രതിനിധികളുമായി സംസാരിച്ചിരുന്നെങ്കിലും തന്റെ അശ്രദ്ധകൊണ്ടാണ് അപകടമുണ്ടായതെന്ന ആരോപണമുന്നയിച്ച് കൈയൊഴിയുകയായിരുന്നെന്നും ഇർഷദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.