തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ഇടത് എം.പി ഇന്നസെന്‍റ് രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പീഡനത്തിന് ഇരയായ നടിക്കെതിരായ നിലപാടാണ് ഇന്നസെന്‍റ് തുടർച്ചയായി സ്വീകരിക്കുന്നത്. കേരളത്തെ ലജ്ജിപ്പിക്കുന്ന നടപടിയാണിത്. എം.പി പദവിയിൽ ഒരു നിമിഷം പോലും തുടരാൻ ഇന്നസെന്‍റ് അർഹനല്ല. ഈ വിഷയത്തിൽ മുഖ്യമന്ത്രിയും സി.പി.എമ്മും വാ തുറക്കണം. നടി ആക്രമിച്ച കേസില്‍ ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സംസ്ഥാന ചീഫ് സെക്രട്ടറി നളിനി നെറ്റോക്കെതിരെ രൂക്ഷ വിമർശനമാണ് വാർത്താ സമ്മേളനത്തിൽ ചെന്നിത്തല നടത്തിയത്. പിടിച്ചു കൊണ്ടുവരാന്‍ പറഞ്ഞാല്‍ കൊന്നു കൊണ്ടു വരുന്ന ചീഫ് സെക്രട്ടറിയാണ് ഇപ്പോഴുള്ളതെന്ന് ചെന്നിത്തല ആരോപിച്ചു. ചീഫ് സെക്രട്ടറി പണ്ട് ഇങ്ങനെ ആയിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് സ്വാശ്രയ കോളജ് പ്രവേശനത്തിൽ ഗുരുതര പ്രതിസന്ധിയാണുള്ളത്. സ്വാശ്രയ ഒാർഡിനൻസ് പിൻവലിച്ചും നിയമസാധുതയില്ലാത്ത ഫീസ് നിർണയ കമ്മിറ്റിയെയും നിയമിച്ച സർക്കാർ ഗുരുതര തെറ്റാണ് ചെയ്തത്. സ്വാശ്രയ മാനേജുമെന്‍റുകളുമായി സംസ്ഥാന സർക്കാർ ഒത്തുകളിക്കുന്നു. ഒരു ഓർഡിനൻസ് കൊണ്ടുവരിക, പിന്നീടു അത് തിരുത്തി മറ്റൊരു ഓർഡിനൻസ് കൊണ്ടുവരുന്നു. ഇതൊന്നും ജനങ്ങൾ അറിയാതിരിക്കാൻ മന്ത്രിസഭാ യോഗത്തിൽ നിന്നും മറച്ചുവെക്കുന്നു. കേട്ടുകേൾവി ഇല്ലാത്ത സംഭവങ്ങളാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.