എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ച​യെക്കുറിച്ച് അന്വേഷണം

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത്കുമാർ ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ കുടിക്കാഴ്ചയിൽ ഒടുവിൽ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. ആർ.എസ്.എസ് നേതാക്കളുമായുള്ള രണ്ട് കൂടിക്കാഴ്ചകളും ഡി.ജി.പിയുടെ നേതൃത്വത്തിൽ അന്വേഷിക്കും. കൂടിക്കാഴ്ചയെ കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപണം ഉന്നയിച്ച് 20 ദിവസം കഴിഞ്ഞാണ് അന്വേഷണ പ്രഖ്യാപനം. അന്വേഷണം ആവശ്യപ്പെട്ട് എം. വിന്‍സെന്‍റ് എം.എൽ.എ നല്‍കിയ പരാതിയും ഡി.ജി.പിക്ക് കൈമാറി.

കുടിക്കാഴ്ച സംബന്ധിച്ച് അന്വേഷണമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ എൽ.ഡി.എഫ് യോഗത്തിൽ അറിയിച്ചിരുന്നെങ്കിലും തുടർനടപടി ഉണ്ടായിരുന്നില്ല. ദിവസങ്ങളായിട്ടും അന്വേഷണം നടക്കുന്നില്ലെന്ന മാധ്യമ വാർത്തകൾക്ക് പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തൃശൂര്‍ പൂരം കലക്കിയതിൽ തുടരന്വേഷണം ഉണ്ടാകുമെന്നും മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി സൂചിപ്പിച്ചു. പൂരം അലങ്കോലമായത് സംബന്ധിച്ച് അജിത്കുമാർ സമർപ്പിച്ച റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയെന്നും സെക്രട്ടറിയുടെ റിപ്പോർട്ടനുസരിച്ച് തുടർ നടപടിയെടുക്കാമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. പൂരം അലങ്കോലമായ വിഷയത്തില്‍ എ.ഡി.ജി.പിക്കു വീഴ്ച പറ്റിയെന്ന് ഡി.ജി.പി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ചൊവ്വാഴ്ച മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. തുടരന്വേഷണം സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടായേക്കും. പൂരം കലക്കിയതിൽ ആരോപണ വിധേയനായ എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ടിൽ മന്ത്രിസഭ യോഗത്തിൽ അവിശ്വാസം പ്രകടിപ്പിച്ച സി.പി.ഐ മന്ത്രി കെ. രാജൻ, എ.ഡി.ജി.പിയുടെ ആർ.എസ്.എസ് കൂടികാഴ്ച ഗൗരവതരമായ രാഷ്ട്രീയ പ്രശ്നമായി കാണേണ്ടതാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

അതിനിടെ ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ കുടിക്കാഴ്ചയിൽ അജിത്കുമാറിനൊപ്പം ഉണ്ടായിരുന്ന കൈമനം സ്വദേശിയായ ആർ.എസ്.എസ് നേതാവ് എ. ജയകുമാറിന്‍റെ മൊഴിയെടുക്കാൻ നോട്ടീസ് നൽകി. സുഹൃത്തായ ജയകുമാറിന് ഒപ്പമാണ് എ.ഡി.ജി.പി ആർ.എസ്.എസ് നേതാക്കളെ കണ്ടതെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മൊഴി രേഖപ്പെടുത്തുന്നത്. ജയകുമാറിന്‍റെ കാറിലാണ് അജിത്കുമാർ പോയതെന്ന് സ്പെഷ്യൽ ബ്രാഞ്ച് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. കണ്ണൂർ സ്വദേശിയായ വ്യവസായി, മറ്റ് സുഹൃത്തുക്കൾ തുടങ്ങി രണ്ട് കൂടിക്കാഴ്ചയിലും ഒപ്പമുണ്ടായിരുന്നവരുടെയും അജിത്കുമാറിന്‍റെയും മൊഴിയെടുക്കും.

Tags:    
News Summary - Inquiry into ADGP-RSS meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.