തിരുവനന്തപുരം: അധ്യയന വർഷത്തിന് മുന്നോടിയായി വിദ്യാർഥികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങൾക്ക് മാർഗനിർദേശം പുറത്തിറക്കി. വാഹനങ്ങളുടെ മുന്നിലും പിന്നിലും 'എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ വാഹനം' എന്നു വ്യക്തമായി പ്രദർശിപ്പിക്കണം. സ്കൂള്‍ കുട്ടികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന മറ്റു വാഹനങ്ങളില്‍ 'ഓൺ സ്കൂൾ ഡ്യൂട്ടി'എന്ന ബോർഡ് വെക്കണം. സ്കൂൾ മേഖലയിൽ മണിക്കൂറിൽ 30 കിലോമീറ്ററും മറ്റ് റോഡുകളിൽ പരമാവധി 50 കിലോമീറ്ററുമായി വേഗം നിജപ്പെടുത്തിയിട്ടുണ്ട്.
വേഗപ്പൂട്ടും ജി.പി.എസ് സംവിധാനവും സ്ഥാപിക്കണം. സ്കൂൾ വാഹന ഡ്രൈവർ മദ്യപിച്ച് വാഹനമോടിച്ചതിനോ അമിതവേഗത്തിനോ അപകടകരമായി വാഹനമോടിച്ചതിനോ മറ്റു കുറ്റകൃത്യങ്ങൾക്കോ ശിക്ഷിക്കപ്പെട്ടവരല്ലെന്നും വെറ്റില മുറുക്ക്, മദ്യപാനം, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നീ ദുശ്ശീലങ്ങളില്ലാത്തവരാണെന്നും ഉറപ്പുവരുത്തണം. സ്കൂൾ തുറക്കുന്നതിനുമുമ്പ് വാഹനങ്ങളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി മോട്ടോർ വാഹന വകുപ്പ് നടത്തുന്ന പരിശോധന ക്യാമ്പുകളില്‍ ഹാജരാക്കി പരിശോധന സ്റ്റിക്കർ പതിക്കണം.
*ഡ്രൈവർക്ക് കുറഞ്ഞത് 10 വർഷത്തെ ഡ്രൈവിങ് പരിചയം വേണം.
*ഡ്രൈവർമാർ വെള്ള ഷർട്ടും കറുപ്പ് പാൻറ്സും ഐഡൻറിറ്റി കാർഡും ധരിക്കണം.
*കുട്ടികളെ കൊണ്ടുപോകുന്ന മറ്റ് പബ്ലിക് സർവിസ് വാഹനത്തിലെ ഡ്രൈവർ കാക്കി യൂനിഫോം ധരിക്കണം.
*വാതിലുകളുടെ എണ്ണത്തിന് തുല്യമായ ഡോർ അറ്റൻഡർമാർ വേണം.
*സീറ്റിങ് കപ്പാസിറ്റി അനുസരിച്ച് മാത്രമേ കുട്ടികളെ യാത്രചെയ്യാൻ അനുവദിക്കാവൂ.
*12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഒരു സീറ്റിൽ രണ്ടെന്ന ക്രമത്തിൽ യാത്ര ചെയ്യാം.
*കുട്ടികളെ നിന്നു യാത്രചെയ്യാൻ അനുവദിക്കരുത്.
*ഓരോ ട്രിപ്പിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേരും മറ്റു വിവരങ്ങളും രേഖപ്പെടുത്തിയ രജിസ്റ്റർ സൂക്ഷിക്കണം. ഇവ പരിശോധന സമയത്ത് മോട്ടോർ വാഹന വകുപ്പ്-പൊലീസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാക്കണം.
*വാഹനത്തിൽ അഗ്നിശമന ഉപകരണങ്ങൾ കാണാവുന്ന രീതിയിൽ ഘടിപ്പിക്കണം.
*കൂളിങ് ഫിലിം-കർട്ടൻ എന്നിവ പാടില്ല.
*ഓരോ വാഹനത്തിലും ഒരു അധ്യാപകനെയോ അനധ്യാപകനെയോ റൂട്ട് ഓഫിസറായി നിയോഗിക്കണം. സ്കൂളിന്‍റെ പേരും ഫോൺ നമ്പറും വാഹനത്തിന്‍റെ ഇരുവശവും പ്രദർശിപ്പിക്കണം.
*വാഹനത്തിനു പിന്നിൽ ചൈൽഡ് ലൈൻ (1098), പൊലീസ് (100), ആംബുലൻസ് (102), ഫയർഫോഴ്സ് (101) നമ്പറുകൾ പ്രദർശിപ്പിക്കണം.
തിരുവനന്തപുരം: ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ സ്കൂൾ മേൽക്കൂര നീക്കം ചെയ്യുമ്പോൾ നോൺ ആസ്ബസ്റ്റോസ് ഷീറ്റുകൾ ഉപയോഗിക്കാമെന്ന് തീരുമാനം. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും തദ്ദേശ മന്ത്രി എം.വി. ഗോവിന്ദനും നടത്തിയ ചർച്ചയിലാണ് തീരുമാനം.
ടിൻ, അലുമിനിയം ഷീറ്റ് മേഞ്ഞ സ്കൂൾ കെട്ടിടങ്ങൾക്ക് നിശ്ചിത സമയപരിധിക്കകം ഫാൾസ് സീലിങ് ചെയ്യണമെന്നും ഫാൻ ഘടിപ്പിക്കണമെന്നുമുള്ള നിബന്ധനയുടെ അടിസ്ഥാനത്തിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകും. 2019ലെ കെട്ടിട നിർമാണ ചട്ടങ്ങൾ നിലവിൽ വരുന്നതിനു മുമ്പ് നിർമാണം ആരംഭിച്ചതും 2019 നുശേഷം പൂർത്തിയായതുമായ കെട്ടിടങ്ങൾക്ക് ഫയർ ആൻഡ് സേഫ്റ്റി സൗകര്യമൊരുക്കുന്നതിൽ ഇളവു നൽകി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകും. കുട്ടികളുടെ സുരക്ഷയും സൗകര്യവുമാണ് മുഖ്യമെന്ന് യോഗത്തിനുശേഷം മന്ത്രിമാർ അറിയിച്ചു.
എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെയാണ് ജൂൺ ഒന്നിന് സ്കൂൾ തുറക്കുന്നതെന്ന് മന്ത്രിമാർ അറിയിച്ചു. കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആസ്ബസ്റ്റോസ് ഷീറ്റുള്ള സ്കൂളുകളുടെ മേൽക്കൂര മാറ്റണമെന്ന ഹൈകോടതി നിർദേശം നിലവിലുണ്ട്. ഇതിനെത്തുടർന്ന് ഇത്തരം സ്കൂളുകൾക്ക് തദ്ദേശ സ്ഥാപനങ്ങൾ ഫിറ്റ്നസ് നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് മന്ത്രിമാർ ചർച്ച നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.