മലപ്പുറം: 'മാധ്യമം' ദിനപത്രത്തിൽ ഇന്ന് പ്രസിദ്ധീകരിച്ച തന്‍റെ അഭിമുഖം മറ്റൊരു വാർത്താ ചാനൽ തെറ്റായ രീതിയിൽ വളച്ചൊടിച്ച് ആശയക്കുഴപ്പം ഉണ്ടാക്കുന്ന രീതിയിൽ വാർത്ത നൽകിയെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. 'കൂറ് മാറുന്ന പാർട്ടിയല്ല മുസ്ലിം ലീഗ്' എന്നാണ് ആ അഭിമുഖത്തിന്‍റെ തലക്കെട്ട് തന്നെ. അഭിമുഖം ഒന്നിരുത്തി വായിച്ചാൽ എന്താണ് പറഞ്ഞതെന്ന് വ്യക്തമാകും. ഉദ്ദേശ ശുദ്ധിക്ക് വിരുദ്ധമായി വാർത്ത സൃഷ്ടിക്കുന്നത് നല്ല മാധ്യമ പ്രവർത്തനത്തിന് ചേർന്നതല്ലെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു.
പി.കെ. കുഞ്ഞാലിക്കുട്ടിയുമായി പി. ഷംസുദ്ദീൻ നടത്തിയ അഭിമുഖമാണ് 'മാധ്യമം' ഇന്ന് പ്രസിദ്ധീകരിച്ചത്. മുസ്ലിം ലീഗിന്‍റെ രാഷ്ട്രീയ പ്രാധാന്യം, ബി.ജെ.പിയുടെ വിഭാഗീയ നീക്കങ്ങൾ, പൗരത്വ സമരവുമായി ബന്ധപ്പെട്ട നിലപാടുകൾ, സമസ്തയും ലീഗും തമ്മിലുള്ള ബന്ധം, ഇടതുമുന്നണിയോടുള്ള സമീപനം തുടങ്ങി വിവിധ വിഷയങ്ങളിൽ കുഞ്ഞാലിക്കുട്ടി നിലപാട് വ്യക്തമാക്കുന്നുണ്ട്.
ലീഗ് ഇടതു മുന്നണിയിലേക്ക് മാറുന്ന പ്രശ്നമില്ലെന്നും, സി.പി.എമ്മിനെ കടിച്ചുകീറി വിമർശിക്കാത്തതിന്റെ അർഥം അവരുമായി സഖ്യത്തിലാവാൻ പോവുന്നുവെന്നല്ലെന്നുമാണ് കുഞ്ഞാലിക്കുട്ടി വിശദീകരിച്ചത്. പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ലീഗ് ഇടതുപക്ഷത്തേക്ക് കൂടുമാറുമെന്ന പ്രചാരണം വെറുതെയാണ്. ഞങ്ങളങ്ങനെ കൂറുമാറുന്ന പാർട്ടിയല്ല. വലിയ സംഭവവികാസങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിലേ അങ്ങനെയൊക്കെ സംഭവിക്കൂവെന്നും കുഞ്ഞാലിക്കുട്ടി അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അഭിമുഖം പൂർണരൂപം വായിക്കാം... കൂറുമാറുന്ന പാർട്ടിയല്ല മുസ്ലിം ലീഗ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.