കൊടുങ്ങല്ലൂർ (തൃശൂർ): അഗതിമന്ദിരത്തിെൻറ സ്നേഹ പരിലാളനയിൽനിന്ന് ഇഖ്ബാൽ ഇനി മകൻെറ സ്നേഹത്തണലിലേക്ക്. വെളിച്ചത്തിലെ പരിചാരകരുടെ പരിചരണത്തിനും സ്നേഹവായ്പിനും നന്ദിയും കടപ്പാടും അറിയിച്ചാണ് ആ വയോധികൻ മകനോടൊപ്പം യാത്രയായത്.
ഏറെ സമ്പന്നതയിൽ ജീവിച്ചിരുന്നതായി പറയപ്പെടുന്ന ഇഖ്ബാലിനെ കഴിഞ്ഞ മാർച്ച് അഞ്ചിന് കയ്പമംഗലം മൂന്നുപീടികയിൽ തെരുവിൽ കഴിയുന്ന അവസ്ഥയിലാണ് കണ്ടെത്തിയത്. കയ്പമംഗലം പൊലീസ് അറിയിച്ചതിനെ തുടർന്ന് വെളിച്ചം ചാരിറ്റബിൾ ട്രസ്റ്റ് ട്രഷറർ സൽമാ സജിൻ ഏറ്റെടുത്ത് ഇദ്ദേഹത്തെ കൊടുങ്ങല്ലൂർ പുല്ലൂറ്റ് വെളിച്ചം അഗതിമന്ദിരത്തിൽ കൊണ്ടുവരുകയായിരുന്നു.
അഗതിമന്ദിരം കെയർടേക്കർ എം.എം. അബ്ദുൽ കരീം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സയും ശസ്ത്രക്രിയയും നടത്തി. രോഗബാധിതമായ ഇരുകാലുകളും ഏപ്രിൽ 26ന് മുറിച്ചുമാറ്റുകയും ചെയ്തു.
ശേഷം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സനൽകി. പിന്നീട് വീണ്ടും വെളിച്ചം അഗതിമന്ദിരത്തിൽ പരിചരണം നൽകിവരുകയായിരുന്നു. ഇതിനിടെ ഇദ്ദേഹത്തിന് മക്കളും ഭാര്യയും ഉണ്ടെന്ന് അറിഞ്ഞതിനെ തുടർന്ന് അവരുമായി ബന്ധപ്പെടുകയും ചെയ്തു.
ഇതോടെ മകൻ ജാവേദ് സുഹൃത്തുക്കളുമായി എത്തി പിതാവിനെ ഏറ്റെടുക്കുകയായിരുന്നു. ജീവകാരുണ്യപ്രവർത്തകരായ സൽമാസജിനും ശ്രീജിത വിനയനും ചേർന്നാണ് ഇതുവരെ പരിചരിച്ചത്. വെളിച്ചം ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡൻറ് കെ.പി. സുനിൽകുമാർ, ഇഖ്ബാലിെൻറ ബന്ധുക്കളായ ഷാഹിർ, മുഹമ്മദ് സലീം എന്നിവരുടെ സാന്നിധ്യത്തിലാണ് മകൻ ഏറ്റെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.