ശ്രീകണ്ഠപുരം: ഇരിക്കൂറിലെ സ്ഥാനാർഥി നിർണയത്തെ ചൊല്ലി ഇടഞ്ഞുനിൽക്കുന്ന ജില്ലയിലെ കോൺഗ്രസ് എ ഗ്രൂപ് നേതാക്കളെ അനുനയിപ്പിക്കാൻ അവസാനവട്ട ചർച്ചക്കായി ഉമ്മൻ ചാണ്ടി വെള്ളിയാഴ്ചയെത്തും.
എ ഗ്രൂപ്പിലെ സോണി സെബാസ്റ്റ്യനെ ഒഴിവാക്കി മൂന്നാം ഗ്രൂപ്പിലെ സജീവ് ജോസഫിനെ സ്ഥാർഥിയാക്കിയതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്.കെ.സി. വേണുഗോപാലിെൻറ ഗ്രൂപ്പുകളിയിലൂടെയാണ് സജീവ് സ്ഥാനാർഥിയായതെന്നും ഇത് അംഗീകരിക്കില്ലെന്നും പറഞ്ഞ് കഴിഞ്ഞ രണ്ടാഴ്ചയായി എ ഗ്രൂപ് സമരകോലാഹലങ്ങൾ നടത്തിവരുകയാണ്.
ശ്രീകണ്ഠപുരത്തെയും ആലക്കോട്ടെയും ബ്ലോക്ക് കോൺഗ്രസ് ഓഫിസുകൾ പൂട്ടി കരിങ്കൊടി കുത്തി പോസ്റ്റർ പതിച്ചാണ് എ ഗ്രൂപ് പ്രതിഷേധം തുടങ്ങിയത്. പിന്നീട് ശ്രീകണ്ഠപുരത്ത് പന്തൽകെട്ടി രാപ്പകൽ സമരവും നടത്തി. ഗ്രൂപ് തിരിഞ്ഞ് ഏറ്റുമുട്ടലും വെല്ലുവിളിയും നടന്നു. എന്നിട്ടും നേതൃത്വം സ്ഥാനാർഥിയെ മാറ്റാത്തതിനാൽ കെ.പി.സി.സി ജന. സെക്രട്ടറി സോണി സെബാസ്റ്റ്യൻ, യു.ഡി.എഫ് ജില്ല ചെയർമാൻ പി.ടി. മാത്യു എന്നിവരുടെ നേതൃത്വത്തിൽ നൂറോളം എ ഗ്രൂപ് നേതാക്കൾ സ്ഥാനങ്ങൾ രാജിെവച്ച് വാർത്തസമ്മേളനവും നടത്തി.
തുടർന്നാണ് പ്രശ്ന പരിഹാരത്തിന് ഹൈകമാൻഡ് നിർദേശപ്രകാരം യു.ഡി.എഫ് കൺവീനർ എം.എം. ഹസനും കെ.സി. ജോസഫ് എം.എൽ.എയും കണ്ണൂരിലെത്തിയത്. സ്ഥാനാർഥിയെ മാറ്റാതെ പ്രശ്നപരിഹാരമില്ലെന്ന് എ ഗ്രൂപ് നേതാക്കൾ ഉറപ്പിച്ചുപറഞ്ഞതോടെ ചർച്ച ഫലം കണ്ടില്ല. ഇതേത്തുടർന്നാണ് ഉമ്മൻ ചാണ്ടിയെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.