മലപ്പുറം: കരുവാരക്കുണ്ട് ദാറുന്നജാത്ത് സ്കൂൾ അധ്യാപക നിയമന അഴിമതിക്കേസിൽ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാറിന് ഹൈകോടതി നിർദേശം. നവംബർ 27നകം സർക്കാർ നടപടി സംബന്ധിച്ച് ഉത്തരവിറക്കിയില്ലെങ്കിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഹൈകോടതി മുമ്പാകെ നേരിട്ട് ഹാജരാകാനാണ് ഉത്തരവ്. ചട്ടവിരുദ്ധ നിയമനവും വൻ ക്രമക്കേടും കണ്ടെത്തിയതിനെ തുടർന്ന് മലപ്പുറം കരുവാരക്കുണ്ട് ദാറുന്നജാത്ത് യു.പി സ്കൂളിലെ മൂന്ന് അധ്യാപകർക്കും മാനേജർക്കുമെതിരെ നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് സർക്കാറിന്റെ അനുമതി തേടിയിരുന്നു.
സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിന്റെ മകളുൾപ്പെടെ പ്രതികളായ കേസിൽ, ആദ്യം നടപടിക്ക് അനുമതി നൽകിയ സർക്കാർ രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് ഫയൽ തിരിച്ചുവിളിച്ചു. അന്ന് പി.വി. അൻവർ എം.എൽ.എയാണ് സമസ്ത നേതാവിനുവേണ്ടി ഇടപെട്ടതെന്ന് ആരോപണമുയർന്നിരുന്നു. നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് മേയ് അഞ്ചിന് മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഇതിനിടെ കേസ് ഹൈകോടതിയിലെത്തിയെങ്കിലും സർക്കാറിന്റെ വിശദീകരണം വൈകിയതിനാൽ കേസ് നീണ്ടുപോയി. വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് മരവിപ്പിച്ച സർക്കാർ അധ്യാപകരെയും അന്വേഷണോദ്യോഗസ്ഥരെയും ജൂലൈ 19ന് ഹിയറിങ് നടത്തി. ഈ ഹിയറിങ്ങിന്റെ അടിസ്ഥാനത്തിലുള്ള നടപടി വൈകിയ സാഹചര്യത്തിലാണ് ഹൈകോടതി നവംബർ 27നകം ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
2024 ഏപ്രിൽ നാലിന് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് സ്കൂളിൽ അതിഗുരുതര ക്രമക്കേടും അഴിമതിയും നടന്നതായി ചൂണ്ടിക്കാട്ടുന്നത്. കുറ്റക്കാരായ മൂന്ന് അധ്യാപകർക്കും മാനേജർക്കുമെതിരെ ക്രിമിനൽ നടപടിക്ക് ഈ റിപ്പോർട്ട് ശിപാർശ ചെയ്തിരുന്നു. സർക്കാർ നടപടി വൈകിയതിനെ തുടർന്ന് പരാതിക്കാരനായ എം. ഹുസൈനാർ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
ഏരിയ ഇന്റൻസിവ് പ്രോഗ്രാം പ്രകാരം അനുവദിച്ച സ്കൂളിലെ അധ്യാപക തസ്തികകൾക്ക് 2015 മുതൽ അംഗീകാരം നൽകിക്കൊണ്ട് 2019ലാണ് ഉത്തരവിറങ്ങിയത്. ഈ ഉത്തരവിന്റെ മറവിൽ മൂന്ന് അധ്യാപകരുടെ പേരിൽ വ്യാജരേഖയുണ്ടാക്കി മുൻകാല പ്രാബല്യത്തോടെ ശമ്പളം കൈപ്പറ്റി എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.