അധ്യാപകരുടെ ശമ്പള കുടിശ്ശിക നൽകിയതിലെ ക്രമക്കേട്: ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്ന് റിപ്പോർട്ട്

കോഴിക്കോട്: എയ്ഡഡ് സ്കൂളിലെ അധ്യാപകരുടെ ശമ്പളകുടിശ്ശിക നിയമവിരുദ്ധമായി വ്യക്തിഗത അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ധനകാര്യ റിപ്പോർട്ട്. സർക്കാർ നിർദേശങ്ങൾ പ്രകാരം ശമ്പള കുടിശ്ശിക പി.എഫിലാണ് നിക്ഷേപിക്കേണ്ടത്. എന്നാൽ ഇതിന് വിരുദ്ധമായി നിരവധി അധ്യാപകർക്ക് തസ്തിക അംഗീകാരത്തെ തുടർന്ന് അനുവദിച്ച ശമ്പള കുടിശ്ശിക വ്യാജമായ പ്രതിമാസ ശമ്പളബില്ലുകൾ സ്പാർക്കിൽ തയാറാക്കി വ്യക്തിഗത അക്കൗണ്ടിലേക്ക് നൽകിയെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.

പെരിന്തൽമണ്ണ സബ് ട്രഷറിയിൽ നടത്തിയ പരിശോധനയിൽ മലപ്പുറം ഡി.ഇ.ഒ, പെരിന്തൽമണ്ണ എ.ഇ.ഒ പരിധിയിലുള്ള ചില സ്കൂളുകളികളിൽ തസ്തിക അംഗീകാരത്തെ തുടർന്ന് അധ്യാപകരുടെ ശമ്പളകുടിശ്ശികയിൽ വലിയ തുക വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയെന്ന് വ്യക്തമായി. ശമ്പള കുടിശ്ശിക നിയമന അംഗീകാരം നൽകിയ ഉത്തരവിന്റെ തിയതി മുതൽ അഞ്ചു വർഷം കഴിഞ്ഞു മാത്രമേ പിൻവലിക്കാൻ പാടുള്ളൂ. ഈ ഉത്തരവ് കാറ്റിൽപ്പറത്തിയാണ് ക്രമക്കേട് നടത്തിയത്.

അങ്ങാടിപ്പുറം തരകൻ ഹയർ സെക്കൻഡറി സ്കൂളിൽ മാത്രം അനധികൃതമായി ബില്ലുകൾ തയാറാക്കി 45 ലക്ഷം രൂപയാണ് അധ്യാപകരുടെ വ്യക്തിഗത അക്കൗണ്ടിലേക്ക് കൈമാറിയത്. ഈ ക്രമക്കേടിന് ഉത്തരവാദികളായ അങ്ങാടിപ്പുറം തരകൻ ഹയർ സെക്കൻററി സ്കൂളിലെ ഡ്രോയിങ് ആൻഡ് ഡിസ്ബേഴ്സിങ് ഓഫിസർക്കും പെരിന്തൽമണ്ണ സബ് ട്രഷറി ഓഫിസർക്കുമെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

തസ്തിക അംഗീകാരത്തെ തുടർന്നുള്ള ശമ്പള കുടിശ്ശിക അധ്യാപകരുടെ പി.എഫ് അക്കൗണ്ടിലേക്ക് വിതരണം ചെയ്യണമെന്ന് 2018ൽ നിർദേശം നൽകിയിരുന്നു. പിന്നീട് ഇതിൽ വ്യക്തത വരുത്തി 2021ലും നിർദേശം പുറപ്പെടുവിച്ചു. ഇത് പ്രകാരം എയ്ഡഡ് സ്കൂളുകളിൽ അംഗീകാരം ലഭിക്കാതിരുന്ന കാലയളവിലെ ശമ്പള കുടിശ്ശിക നിർബന്ധമായും അവരുടെ പി.എഫ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കണമെന്നായിരുന്നു ഉത്തരവ്.

എയ്ഡഡ് സ്കൂളുകളിലെ കുടിശ്ശിക ഇനത്തിൽ വരുന്ന ബില്ലുകൾ നിർബന്ധമായും എ.ഇ.ഒ-ഡി.ഇ.ഒയുടെ ഒപ്പോടുകൂടി ട്രഷറിയിൽ നൽകണമെന്നായിരുന്നു നിർദേശം. ഇത് മറികടക്കുന്നതിനായി പ്രതിമാസ ശമ്പളം എന്ന രീതിയിൽ ബില്ലുകൾ വിഭജിച്ചാണ് അധ്യാപകർ ട്രഷറിയിൽ നിന്നും പണം പിൻവലിച്ചത്.

ഒരേ തിയതിയിൽ തന്നെ പ്രതിമാസ ബില്ലുകളായി നിരവധി മാസങ്ങളിലെ കുടിശ്ശിക വേതനം പ്രൊസസ് ചെയ്ത് ട്രഷറിയിൽ സമർപ്പിച്ചു. ഈ തുക മാറി വ്യക്തിഗത അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയും ചെയ്തുവെന്നാണ് ധനകാര്യ വിഭാഗം പരിശോധനയിൽ കണ്ടെത്തിയത്.

ഇക്കാര്യത്തിൽ അങ്ങാടിപ്പുറം തരകൻ എച്ച്.എസ്.എസ് സ്കൂളിലെ കണക്കുകൾ പരിശോധിച്ചതിൽ ഗുരുതര വീഴ്ച കണ്ടെത്തി. പെരിന്തൽമണ്ണ ട്രഷറിയിൽ നിന്നും അങ്ങാടിപ്പുറം ഹയർ സെക്കൻഡറി സ്കൂളിൽ 2020നു ശേഷം തസ്തിക അംഗീകാരം ലഭിച്ച അധ്യാപകരുടെ ശമ്പള കുടിശ്ശികയാണ് പി.എഫ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാതെ വ്യക്തിഗത അക്കൗണ്ടിലേക്ക് നൽകിയത്.

ശമ്പളം പൂർണമായി ഒറ്റ ട്രഷറി ബില്ലിലൂടെ പിൻവലിക്കാതെ നിരവധി ബില്ലുകളിലായി വിഭജിച്ചാണ് അധ്യാപകർ മാറിയെടുത്തത്. ഇത്തരത്തിൽ ചില അധ്യാപകർ ഒരേ ദിവസം തന്നെ ഒന്നിലധികം ബില്ലുകൾ വഴി ഓരോ മാസത്തെ ശമ്പള കുടിശ്ശിക വീതം പാസാക്കി നൽകിയെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.

Tags:    
News Summary - Irregularity in payment of teachers' salary arrears: Report calls for action against those responsible

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.