ഐ.എസ്​ റി​ക്രൂട്ട്​മെന്‍റ്​: പി. ജയരാജന്‍റെ പ്രസ്താവനക്ക്​ പിന്നിൽ ദുരുദ്ദേശ്യമെന്ന് സാദിഖലി തങ്ങൾ

മലപ്പുറം: കേരളത്തിൽ ഐ.എസ്​ റി​ക്രൂട്ട്​മെന്‍റ്​ നടക്കുന്നെന്ന തരത്തിൽ സി.പി.എം നേതാവ്​ പി. ജയരാജൻ നടത്തിയ പ്രസ്താവന ദുരുദ്ദേശ്യപരമാണെന്ന്​ മുസ്​ലിംലീഗ്​ സംസ്ഥാന പ്രസിഡന്‍റ്​ പാണക്കാട്​ സാദിഖലി തങ്ങൾ. ഇല്ലാത്ത കാര്യമാണ് അദ്ദേഹം പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആഗോളതലത്തിൽ തന്നെ ഐ.എസ്​ ഇല്ലാതാകുകയാണ്. അറബ്​ രാജ്യങ്ങളെല്ലാം തീവ്രവാദത്തിന്​ എതിരാണ്​. ഒറ്റപ്പെട്ട കേസ്​ ഉണ്ടായെന്ന്​ കരുതി ഒരു സമുദായം മുഴുവൻ ഐ.എസിന്​ പിന്നാലെയെന്ന്​ പറയുന്നത്​ പുരോഗമന രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന പാർട്ടിക്ക്​ യോജിക്കുന്ന ഒന്നല്ല. നഷ്ടമായ വോട്ടുകൾ തിരിച്ചു പിടിക്കുകയാണ് സി.പി.എം ലക്ഷ്യമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

‘കേരളം: മുസ്‌ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്‌ലാം’ എന്ന ഒക്ടോബറിൽ പ്രകാശനം ചെയ്യാൻ പോകുന്ന പുസ്തകത്തിലെ ഒരു ഭാഗത്ത് കേരളത്തിൽ ഇപ്പോൾ ഐ.എസിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നതായി സി.പി.എം സംസ്ഥാന സമിതിയംഗം പി. ജയരാജൻ പറഞ്ഞതായാണ് ആക്ഷേപം. എന്നാൽ, കേരളത്തിൽ ഇപ്പോൾ ഐ.എസിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നതായി എവിടെയും പറഞ്ഞിട്ടില്ലെന്നും മുമ്പ് വിരലിലെണ്ണാവുന്നവരെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നാണ് പറഞ്ഞതെന്നും അതിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നതായും പി. ജയരാജൻ പ്രതികരിച്ചു.

തിരുവോണ ദിവസം ഒരു പ്രാദേശിക ചാനൽ സംപ്രേഷണം ചെയ്ത അഭിമുഖത്തിലെ ഒരു ഭാഗം വളച്ചൊടിച്ച് ചർച്ചക്ക് തുടക്കം കുറിച്ചത് സംഘ്പരിവാർ പ്രസിദ്ധീകരണങ്ങളാണ്. കാര്യമറിയാതെ ദീപിക മുഖപ്രസംഗം എഴുതിയതായും ക്രിസ്തീയ ജനവിഭാഗങ്ങളിൽ അതേവരെ ഇല്ലാത്ത ഇതരമത വിരോധം പരത്തുന്ന 'കാസ'യുടെ വാദങ്ങൾ ഏറ്റുപിടിക്കാതിരിക്കാൻ ദീപിക ശ്രമിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

രാഷ്ട്രീയ ഇസ്‌ലാമിനെ സി.പി.എം എല്ലായ്പോഴും അകറ്റി നിർത്തിയിട്ടുണ്ട്. ഹിന്ദുത്വ വർഗീയത ആണ് രാജ്യത്തിലെ ജനാധിപത്യ വ്യവസ്ഥക്ക് ഏറ്റവും അപകടകരം എന്നാണ് സി.പി.എം കരുതുന്നത്. അതേസമയം ആ വർഗീയതയെ ശക്തമായി എതിർക്കുമ്പോൾ തന്നെ ന്യൂനപക്ഷ വർഗീയ നീക്കങ്ങളെയും പാർട്ടി ശക്തമായി എതിർത്തു പോന്നിട്ടുണ്ട്. ഉദാഹരണത്തിന് തുർക്കിയിലെ ഹാഗിയ സോഫിയ ദേവാലയം മുസ്‌ലിം പള്ളിയായി പരിവർത്തിച്ചപ്പോൾ അതിനെ അനുകൂലിച്ച് നിലപാട് സ്വീകരിച്ച മുസ്‌ലിം ലീഗിനെ ശക്തമായി എതിർത്തത് സി.പി.എം ആണെന്നും പി. ജയരാജൻ വ്യക്തമാക്കി. 

Tags:    
News Summary - IS Recruitment: malicious intent behind P. Jayarajan's statement -Sadikali Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.