ദുരന്തം ആവർത്തിക്കാനാണോ മേപ്പാടിക്ക് ആസൂത്രണ രേഖ തയാറാക്കിയത് ?

കോഴിക്കോട് : പ്രാദേശിക ഭരണ സംവിധാനത്തെ ചുമതലപ്പെടുത്തി ദുരന്ത നിവാരണ ആസൂത്രണരേഖ തയാറാക്കിയ ലോകത്തിലെ ആദ്യ ഗ്രാമപഞ്ചായത്താണ് മേപ്പാടി. മെച്ചപ്പെട്ട ദുരന്ത പ്രതിരോധവും അതിജീവനക്ഷമതയും ഉറപ്പ് വരുത്താൻ ഗ്രാമപഞ്ചയത്തിന് കഴിയുമെന്ന കാര്യത്തിൽ തർക്കമില്ലെന്നാണ് ആസൂത്രണ രേഖ അടിവരയിട്ടത്. കാലാവസ്ഥ വ്യതിയാനം, ആഗോളതാപനം, അശാസ്ത്രീയമായ ഭൂവിനിയോഗം, വന നശീകരണം എന്നിവയിൽ നിന്നെല്ലാമുള്ള അതിജീവനമാണ് രേഖ മുന്നോട്ട് വെച്ചത്. മേപ്പാടി ഗ്രാമപഞ്ചായത്ത് ഭൂപ്രദേശത്തെ ദുരന്ത നിവാരണത്തിനാണ് ആസൂത്രണ രേഖ തയാറാക്കിയത്.

2018ലെ മഹാ പ്രളയത്തിന്റെയും 2019ലെ ഉരുൾപ്പൊട്ടലിന്റെയും അതോടനുബന്ധിച്ചുണ്ടായ വെള്ളപ്പൊക്കത്തിന്റെയും മലയിടിച്ചിലിന്റെയും പശ്ചാത്തലത്തിലാണ് ഇനിയൊരു ജീവനും പ്രകൃതി ദുരന്തത്തിന് വിട്ടുകൊടുക്കില്ലെന്ന് പ്രതിജ്ഞ എടുത്ത് ആസൂത്രണരേഖ തയാറാക്കിയത്. വർത്തമാന കാലത്തേക്കും വരും കാലത്തേക്കുമായി തയാറാക്കിയതെന്നാണ് ആമുഖത്തിൽ വ്യക്തമാക്കുന്നത്. ഇത് 2020-21 വാർഷിക പദ്ധതിയുടെ ഭാഗമാക്കി. കാലാവസ്ഥാ വ്യതിയാന- ദുരന്ത നിവാരണ വർക്കിങ് ഗ്രൂപ്പും കിലയും ചേർന്നാണ് രേഖക്ക് രൂപ നൽകിയത്.

പുത്തുമല ഉരുൾപൊട്ടലോടെ വയനാട്ടിലെ അപൂർവ ഭൗമപ്രതിഭാസം നടന്ന സ്ഥലം എന്ന നിലയിലാണ് മേപ്പാടിയെ അടയാളപ്പെടുത്തിയത്. 2019 മുതൽ ശാസ്ത്രജ്ഞരുടെ പഠനമേഖലയായിരുന്നു മേപ്പാടി. കേരളത്തിൻറെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രദേശങ്ങൾ നാശനഷ്ടങ്ങളുണ്ടാക്കിയ ഉരുൾപൊട്ടൽ നടന്ന പഞ്ചായത്ത് എന്ന നിലയിലാണ് പഠനം തുടർന്നത്. സമുദ്ര നിരപ്പിൽ നിന്നും 130 മീറ്റർ അടി ഉയരത്തിലാണ് മേപ്പാടിയിലെ തൊള്ളായിരം മല. ഈ മലയുടെ രണ്ട് ഭാഗത്ത് നിന്നാണ് നേരത്തെ ഉരുൾപൊട്ടിയത്. 50 ഡിഗ്രിയിലേറെ ചെരിവുള്ള ഇവിടം പണ്ട് മരംവെട്ടി ഏലം കൃഷി ചെയ്തിരുന്ന സ്ഥലമാണ്. കനത്ത മഴയിൽ രണ്ട് കുന്നിൻ ചെരിവ് അപ്പാടെ ഇടിഞ്ഞ് വീണ് താഴേക്കൊഴുകി.

ഇപ്പോൾ മുണ്ടക്കൈയിലും ചൂരൽമലയിലും അതിനെക്കാൽ എത്രയോ ഇരട്ടി ശക്തിയുള്ള ഉരുൾപൊട്ടലാണ് നടന്നത്. മലനിരയാകെ പുതപ്പിക്കുന്ന മൺപ്പാളിയാണ് മഴയിൽ വെള്ളം സംഭരിച്ച് ഭൂമിയിലേക്ക് ഒഴുകിയത്. മലയിലെ മൺപ്പാളി കുറയുന്നതിനനുസരിച്ച് ജല സംഭരണ ശേഷിയും കുറയും. വനനശീകരണം ഇതിന് വേഗത കൂട്ടും. ഈ പ്രദേശത്തെ അശാസ്ത്രീയ കൃഷിരീതികളും, ജെ.സി.ബി അടക്കമുള്ള യന്ത്രങ്ങൾ കൊണ്ടുള്ള മണ്ണെടുത്തുള്ള നിർമാണ പ്രവർത്തനങ്ങൾക്കും നിയന്ത്രണവുമുണ്ടായില്ലെന്നാണ് ഇവിടത്തെ നിർമാണങ്ങൾ സൂചിപ്പിക്കുന്നത്.

16 ഡിഗ്രിയിൽ കൂടുതൽ ചെരിവുള്ള പ്രദേശങ്ങളിൽ നിർമാണം നിയന്ത്രിക്കണമെന്നും 25 ഡിഗ്രിയിൽ കൂടുതൽ ചെരിവുള്ള പ്രദേശങ്ങളിൽ നിർമാണ പ്രവർത്തനങ്ങളും കൃഷിയും നിരോധിക്കണമെന്നും തിരുവനന്തപുരം നാഷ്ണൽ സെൻറർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൻറെ പഠനം മുന്നറിയിപ്പ് നൽകിയിരുന്നു. ഇക്കാര്യം മേപ്പാടി ഗ്രാമപഞ്ചായത്ത് പരിഗണിച്ചില്ല. കേരളത്തിൽ പശ്ചിമഘട്ടവും താഴ് വാരങ്ങളും ഉൾപ്പെടുന്ന 48 ശതമാനം പ്രദേശം മലനാടാണ്. 75 മീറ്റർ മുതൽ 1800 മീറ്റർ വരെ ഉയരത്തിലുള്ള ഈ പ്രദേശത്തെ മണ്ണും കാടും മരങ്ങളും നമ്മുടെ ആവാസവ്യവസ്ഥയുടെ ശ്വാസകോശമാണ്.

ചെങ്കുത്തായ ചരിവിൽ കെട്ടിടങ്ങൾ പണിയാം കൃഷിയുമിറക്കാം എന്ന രീതി ഗ്രാമപഞ്ചായത്ത് പിന്തുടർന്നു. കൈക്കോട്ടിനു പകരം യന്ത്രവൽകൃത മണ്ണെടുപ്പും മണ്ണ് നികത്തലും വ്യാപകമായിരുന്നു. അതാണ് ചെരിവുകൾ ഇടിഞ്ഞു വീഴാൻ കാരണം. വലിയ കുന്നിൻ ചെരുവുകളിൽ ഉരുൾപൊട്ടൽ സാഹചര്യമുണ്ടെന്ന് ഗ്രാമപഞ്ചായത്ത് ഓർത്തില്ല.

2019ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിൻ സെക്രട്ടറി പ്രകാശിൻറെ നേതൃത്വത്തിലുള്ള സംഘങ്ങൾ ദുരന്തമേഖല സന്ദർശിച്ച് ഉരുൾപൊട്ടലിൻറെ വിശദാംശങ്ങളും പ്രദേശത്തിൻറെ പ്രത്യേകതകളും പഠന വിധേയമാക്കി. നെതർലാൻറിൽ നിന്നെത്തിയ വിദഗ്ധ സംഘം സന്ദർശിച്ചു. ആറ് വിദേശികളടക്കം 12 പേരാണ് സംഘത്തിലുണ്ടായിരുന്നത്. വാട്ടർ മാനേജ്മെൻറ്, പ്രളയ സാക്ഷരത, ഉരുൾപൊട്ടൽ കാരണങ്ങൾ, പ്രളയാനന്തര പ്രവർത്തനങ്ങൾ, പ്രളയ കെടുതികൾ ലഘുകരിക്കൽ, ശാക്തീകരണം, നിർമാണ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ചാണ് ഇവർ പഠനം നടത്തിയത്.

സമുദ്ര നിരപ്പിൽനിന്നും 7000 അടിയിലധികം ഉയരത്തിലാണ് മേപ്പാടി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിൻ്റെ മൂന്നിൽ രണ്ട് ഭാഗത്തോളം മലനിരകളാണ്. പശ്ചിമഘട്ട മലനിരകളിൽ പ്രധാനമായ വെള്ളരിമല ഈ പഞ്ചായത്തിലാണ്. ഭൂപ്രകൃതിയനുസരിച്ച് മലനിരകൾ, ഉയർന്ന കുന്നിൻ പ്രദേശം, കുത്തനെയുള്ള ചെരിവുകൾ, ചെറിയ മൊട്ടക്കുന്നുകൾ, സമതലങ്ങൾ, വയലുകൾ, ഫലഭൂയിഷ്ടമായ മലയടിവാരം, വന പ്രദേശങ്ങൾ എന്നിങ്ങനെയാണ്. ഭൂരിഭാഗം പ്രദേശങ്ങളും ചെറു കുന്നുകളും അവക്കിടയിലെ താഴ്വാരങ്ങളുമാണ്.

ഈ ഭൂപ്രകൃതിയുടെ പ്രത്യേകത തിരിച്ചറിഞ്ഞ് സംരക്ഷിക്കുന്നതിനാണ് ആസൂത്രണ രേഖ തയാറാക്കിയത്. ദുരന്ത നിവാരണ അതോറിറ്റി മുതൽ ഗ്രാമപഞ്ചായത്ത് വരെ സർക്കാർ സംവിധാനങ്ങൾ ദുരന്ത പ്രതികരണ പദ്ധതി നടപ്പാക്കുന്നതിൽ പരാജയപ്പെട്ടു. അതിനാലാണ് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തിലുള്ള അഭിപ്രായങ്ങൾ പറയുന്നതിൽ നിന്നും വിട്ടു നിൽക്കണമെന്ന് ശാസ്ത്രജ്ഞർക്ക് ആജ്ഞ നൽകിയത്.

Tags:    
News Summary - Is the planning document prepared for Meppadi to repeat the disaster?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.