തിരുവനന്തപുരം: വിജ്ഞാന കേരളം പദ്ധതിയുടെ ഉപദേശകനായി നിയമിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങൾക്കില്ലെന്നും വിശദാംശങ്ങൾ കോടതിയിൽ പറയുമെന്നും ഡോ. തോമസ് ഐസക്. ഇല്ലാത്ത വകുപ്പിലാണ് ഐസക്കിനെ നിയമിച്ചതെന്ന അമിക്കസ് ക്യൂറി റിപ്പോർട്ടിനെ കുറിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അമിക്കസ് ക്യൂറി റിപ്പോർട്ട് താൻ വായിച്ചിട്ടില്ല. എന്നാൽ, ചില കാര്യങ്ങൾ അറിയാം.
വിശദീകരിക്കാൻ അവസരം കിട്ടിയതിൽ സന്തോഷമുണ്ട്. കെ-ഡിസ്ക് ഇന്നത്തെ രീതിയിൽ രൂപവത്കരിച്ചത് കഴിഞ്ഞ സർക്കാർ കാലത്താണ്. തന്റെ ബജറ്റ് പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണത്. ധനവകുപ്പിന്റെ അംഗീകാരത്തോടുകൂടിയാണ് രൂപം നൽകിയത്. ഇതിനെല്ലാം കൃത്യമായ രേഖകളുമുണ്ട്. കാര്യങ്ങൾ ഇങ്ങനെയാണെന്നിരിക്കെ, ‘അന്ന് ധനവകുപ്പ് കണ്ടിട്ടില്ല’ എന്ന് പറയുന്നത് ഒരു അടിസ്ഥാനവുമില്ലാത്തതാണ്.
കെ-ഡിസ്ക് എക്സ് ഒഫിഷ്യോ ആയ സെക്രട്ടറിക്ക് ഉത്തരവ് കൊടുക്കാൻ അധികാരമുണ്ടോ എന്നതാണ് രണ്ടാമത്തെ പ്രശ്നം. എക്സ് ഒഫിഷ്യോ ആയി പ്രവർത്തിക്കുന്നവർ ഉത്തരവിറക്കിയ എത്രയോ കീഴ്വഴക്കങ്ങളുണ്ട്.
പ്രതിഫലം പറ്റുന്നെന്നാണ് മറ്റൊരു ആരോപണം. കേരളത്തിലെ പ്രഫഷനലുകളെ മുഴുവൻ അണിനിരത്തി ആഗസ്റ്റ് മുതൽ കേരളത്തിലെ മുഴുവൻ വിദ്യാർഥികൾക്കും നൈപുണ്യ വികസന പരിശീലനം നൽകാൻ പോകുകയാണ്. ഇതിനായി താൻ മുഴുവൻ സമയവും പ്രവർത്തിക്കുകയാണ്. ഈ സാഹചര്യത്തിൽ യാത്രക്കുള്ള ടി.എ എങ്കിലും വേണ്ടേ. മിക്കവാറും എല്ലാ ദിവസവും ജില്ലക്ക് പുറത്താണ്. ഗെസ്റ്റ് ഹൗസിൽ താമസിച്ചാൽ വാടക അടക്കേണ്ടേ. അതും എന്റെ കൈയിൽ നിന്ന് എടുക്കണോ എന്നും ഐസക് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.