കോഴിക്കോട്: ഭരണകൂടത്തെ ചോദ്യംചെയ്യാനാവാത്ത ദൈവമായി സുപ്രീംകോടതിയും ഹൈകോടതിയുമൊക്കെ കാണുന്നത് രാജ്യത്തിന് അപമാനമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ഭരണഘടനാ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ 'മാധ്യമസ്വാതന്ത്ര്യവും ഇന്ത്യൻ ഭരണഘടനയും' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടനയുടെ അന്തഃസത്ത കുത്തിച്ചോർത്തുന്ന പ്രവർത്തനങ്ങളോട് അറിഞ്ഞോ അറിയാതെയോ സുപ്രീം കോടതി മുതലുള്ള ഇന്ത്യയിലെ നീതിന്യായ സംവിധാനത്തിന്റെ ഒത്തുകളിയെന്ന് സംശയിക്കപ്പെടുന്ന സമീപനം രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ്. ബാബരി മസ്ജിദിൽ വിഗ്രഹം വെച്ചതും പൊളിച്ചതും കുറ്റമാണെങ്കിലും അത് ചെയ്തവർക്ക് സ്ഥലം നൽകുന്നുവെന്ന രീതിയിലാണ് വിധി പറഞ്ഞത്. സമൂഹം പറ്റിക്കപ്പെടാൻ നിന്നുതരുന്നവരാണെന്ന നിലയിലാണ് കാര്യങ്ങൾ. മീഡിയവൺ ചാനലിനുനേരെയടക്കമുള്ള നടപടിയുടെ ഗൗരവം മനസ്സിലാക്കാത്ത പോരായ്മ തിരുത്താനാവണം.
യുക്രെയ്നിൽ മനുഷ്യരക്തം ചൊരിയുമ്പോൾ ഇവിടെ ഭരണഘടനയുടെയും നീതിന്യായ വ്യവസ്ഥയുടെയും ചോരവീഴുകയാണ്. മീഡിയവൺ പുനരുജ്ജീവിക്കപ്പെടുമെന്നുതന്നെയാണ് പ്രതീക്ഷ. ബ്രാഹ്മണാധിപത്യത്തിന്റെ ഭാഷയിലാണ് കോടതികളും സംസാരിക്കുന്നത്. മനുസ്മൃതിയിലേക്ക് പോവാൻ സംഘ് പരിവാർ ശ്രമിക്കുന്നത് മനസ്സിലാക്കാം. എന്നാൽ, ജഡ്ജിമാർ അവർക്കിഷ്ടപ്പെടും പോലെ വിധി പറയുന്നത് ഭരണഘടന സംരക്ഷിക്കാമെന്ന സത്യപ്രതിജ്ഞയുടെ ലംഘനമാണെന്നും എം.എ. ബേബി പറഞ്ഞു. എളമരം കരീം എം.പി അധ്യക്ഷത വഹിച്ചു. സമിതി കൺവീനർ കെ.ടി. കുഞ്ഞിക്കണ്ണൻ സ്വാഗതവും ഡോ.യു.ഹേമന്ത് കുമാർ നന്ദിയും പറഞ്ഞു. മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ, പി.കെ. പാറക്കടവ്, ഡോ. ഖദീജ മുംതാസ്, കെ.അജിത, ഡോ. ജി.മോഹൻ ഗോപാൽ, എ.സജീവൻ, ടി.എം. ഹർഷൻ, അലി അബ്ദുല്ല, വി.ബി. പരമേശ്വരൻ, മനില.സി.മോഹൻ, ജോജോസഫ് പുന്നവേലി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.