തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ പഞ്ച് ചെയ്ത് മുങ്ങുന്ന ഉദ്യോഗസ്ഥർക്ക് തടയിടാൻ പുതിയ സംവിധാനം ഉടനെന്ന് സൂചന. ആക്സസ് കൺട്രോൾ സിസ്റ്റം നടപ്പിലാക്കുന്നതിന് മാർഗനിർദേശത്തിന്റെ കരട് തയാറായെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ജീവനക്കാരുടെ സഞ്ചാരത്തെ കുറിച്ചാണ് കരട് മാർഗനിർദേശത്തിൽ വിവരിക്കുന്നത്. ആക്സസ് കൺട്രോൾ ഗേറ്റ് വഴിയുള്ള പ്രവേശനം ഉറപ്പാക്കാൻ എല്ലാ ജീവനക്കാരും തിരിച്ചറിയൽ കാർഡ് കൈയിൽ സൂക്ഷിക്കണം. ഏതെങ്കിലും ജീവനക്കാർ ഐ.ഡി കാർഡ് മറന്നാൽ, അയാൾക്ക് 'പെൻ' വിശദാംശങ്ങൾ നൽകി സിസ്റ്റം ആക്സസ് ചെയ്യാൻ കഴിയും. ദിവസത്തിലെ ആദ്യ പഞ്ചിങ് ഹാജർ മാർക്കിങായും അവസാനത്തേത് പഞ്ച് ഔട്ട് ആയും കണക്കാക്കും.
ഒരു ജീവനക്കാരൻ ഇടയ്ക്ക് പഞ്ച് ചെയ്താൽ, പഞ്ച് ചെയ്യുന്നതുവരെ അയാൾ ഓഫിസിന് പുറത്തുള്ളയാളായും ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിൽക്കുന്നയാളായും കണക്കാക്കും. മറ്റ് ഓഫിസുകളിൽ ഓഫിസ് ഡ്യൂട്ടിക്കായി പോയിട്ടുണ്ടെങ്കിൽ, തിരികെ എത്തിയ ഉടൻ തന്നെ സ്പാർക്കിൽ "ഒ.ഡി" എന്ന് അടയാളപ്പെടുത്തണം.
എന്നാൽ, സെക്രട്ടേറിയറ്റ് മെയിൻ ബ്ലോക്കിനും അനെക്‌സിനും ഇടയിലുള്ള യാത്ര ഉറപ്പാക്കാൻ പഞ്ച് ചെയ്യുന്നതിനും പുറത്തേക്ക് പോകുന്നതിനുമിടയിലുള്ള 10 മിനിറ്റ് ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിൽക്കുന്നതായി കണക്കാക്കില്ല. ഇത് ഒരു ദിവസത്തിൽ മൂന്ന് തവണ മാത്രമേ അനുവദിക്കൂ.
ഒരു ജീവനക്കാരന് പുറത്ത് പോകേണ്ടതുണ്ടെങ്കിൽ ഒരു ദിവസം പരമാവധി 2.15 മണിക്കൂർ (ഉച്ചഭക്ഷണ സമയം 45 മിനിറ്റ് ഉൾപ്പെടെ) വരെയാണ്. അത്രയും സമയം പുറത്ത് തുടരാം. അതിനപ്പുറം സമയം എടുത്താൽ പകുതി ദിവസ അവധിയായി കണക്കാക്കും.
പുറത്തുള്ള സമയം നാലു മണിക്കൂറിൽ കൂടുതലാണെങ്കിൽ, അത് മുഴുവൻ ദിവസത്തെ അവധിയായി കണക്കാക്കും. ഈ രണ്ട് സാഹചര്യങ്ങളിലും ജീവനക്കാരുടെ അക്കൗണ്ടിലേക്ക് ഗ്രേസ് സമയം സ്വയമേവ തിരികെ അയയ്ക്കും.
ഒരു ദിവസം ജീവനക്കാരൻ ജോലി ചെയ്യുന്ന അധിക മണിക്കൂറുകൾക്കാണ് ഗ്രേസ് സമയം കണക്കാക്കുന്നത്. ജോലിക്കാരൻ അധിക സമയം ജോലി ചെയ്ത് ഗ്രേസ് ടൈം നേടാം. പരമാവധി രണ്ട് മണിക്കൂർ മാത്രം ഗ്രേസ് ടൈമായി ഒരു ദിവസം സ്വന്തമാക്കാം. ഗ്രേസ് ടൈം നേടുന്നതിന് ഒരു മാസം ആവശ്യമുള്ളതിനാൽ, ആദ്യം ഒരു മാസത്തെ ഗ്രേസ് ടൈം ജീവനക്കാരന്റെ അക്കൗണ്ടിൽ ചേർക്കും.
സെക്രട്ടേറിറ്റ് സന്ദർശിക്കുന്ന മന്ത്രിമാർക്കും മറ്റ് വി.ഐ.പികൾക്കും പഞ്ചിങ് ബാധകമല്ല. പ്രത്യേക ഗേറ്റിലൂടെ സഞ്ചരിക്കാൻ ബന്ധപ്പെട്ട സെക്യൂരിറ്റിക്ക് മാസ്റ്റർ പഞ്ചിങ് കാർഡ് നൽകും. എന്നാൽ ആ ഗേറ്റിൽ ക്യാമറ നിരീക്ഷണം ഉണ്ടാകും. ഈ സംവിധാനത്തിൽ ദുരുപയോഗം നടക്കുന്നില്ലെന്ന് ഉറപ്പാക്കും.
സന്ദർശകരുടെ സഞ്ചാരം
സന്ദർശകർ സന്ദർശക മുറികളിൽ (വി.എഫ്.സി) എത്തുകയും വിശദാംശങ്ങൾ രേഖപ്പെടുത്തുകയും അവരുടെ തിരിച്ചറിയൽ കാർഡ് വി.എഫ്.സി ജീവനക്കാർക്ക് നൽകുകയും ചെയ്യണം. വി.എഫ്.സി ജീവനക്കാർ ഐഡന്റിറ്റി കാർഡ് സൂക്ഷിക്കുകയും സന്ദർശകർക്ക് നിശ്ചിത ബ്ലോക്കിലേക്ക് പ്രവേശിക്കാൻ കഴിയുന്ന സന്ദർശക തിരിച്ചറിയൽ കാർഡ് നൽകുകയും ചെയ്യും. ഉപയോഗം അവസാനിച്ചുകഴിഞ്ഞാൽ, സന്ദർശകൻ കാർഡ് തിരികെ നൽകണം.
സന്ദർശക കാർഡ് തിരിച്ച് നൽകാതിരുന്നാൽ, നഷ്ടപ്പെട്ടാൽ അതിന് 500 രൂപ പിഴ ചുമത്തുമെന്നാണ് കരടിലെ മാർഗ നിർദേശങ്ങൾ. ഇ-ഓഫിസ് സംവിധാനത്തിലൂടെയാവും എല്ലാം നിയന്ത്രിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.