കോഴിക്കോട്: വികസനത്തിനായി ആനകളുടെ ആവാസ മേഖലകൾവരെ കൈയടക്കിയെന്ന് സി.എ.ജി റിപ്പോർട്ട്. ആസൂത്രിതമല്ലാത്ത വികസനം മനുഷ്യ-വന്യജീവി സംഘർഷങ്ങളിലേക്കും നയയിച്ചുവെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. സർക്കാരിന്റെ മൂന്ന് പദ്ധതികൾ ഇതിന് ഉദാഹരണായി ചൂണ്ടിക്കാണിച്ചു. അതിലൊന്നാണ് ആറളം ഫാമിലെ ഭൂരഹിതരായ ആദിവാസികളുടെ പുനരധിവാസം.
കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 7,000 ഏക്കർ ആറളം ഫാം ട്രൈബൽ (ടി.എസ്.പി) ഫണ്ടിൽനിന്ന 42 കോടി രൂപ നൽകിയാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. ഇതിൽ, ആറളം വന്യജീവി സങ്കേതത്തോട് ചേർന്നുള്ള മൊത്തം 3,375 ഏക്കർ ഭൂമി 1,500 ആദിവാസി കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ വിതരണം ചെയ്തു. ഇതിൽ വനവിസ്തൃതിയിലുൾപ്പെട്ട ഭൂമി കൂടിയുണ്ടായിരുന്നു.
ബാക്കി സ്‌ഥലം ആറളം ഫാമിങ് കോർപ്പറേഷൻ (കേരള) ലിമിറ്റഡ് (പി.എസ്.യു) ആയി നിലനിർത്തി. ആനകൾ സ്ഥിരമായി വരുന്നതിനാൽ പ്രദേശത്ത് താമസിക്കുന്ന ആദിവാസി കുടുംബങ്ങൾ നിരന്തരം ആക്രമണം നേരിടുകയാണ്. ജീവിതം ഭീതിയുടെ നിഴലിൽ ആണ്. ഏകദേശം 40-ഓളം കാട്ടാനകൾ കൃഷിയിടത്തിനുള്ളിൽ ഭൂരിഭാഗം സമയവും തമ്പടിക്കുകയാണ്. 2014-22 കാലയളവിൽ ആനയുടെ ആക്രമണത്തിൽ പതിമൂന്ന് പേർ കൊല്ലപ്പെട്ടത്.
പാലക്കാട് ജില്ലയിൽ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) കാമ്പസ് സ്‌ഥാപിക്കുന്നതിനായി 2015-ൽ 500 ഏക്കർ ഭൂമി നീക്കിവച്ചിരുന്നു. നിലമ്പൂർ ആന സങ്കേതത്തിന്റെ ഭാഗമായ ആനകളുടെ സാന്നിധ്യമുള്ള 18.14 ഹെക്ടർ നിക്ഷിപ്ത വനഭൂമിയും ഇതിൽ ഉൾപ്പെട്ടു. ഇതിന്റെ ഫലമായി, ആനക്കൂട്ടങ്ങൾ കാമ്പസിലെ സന്ദർശകരാണെന്ന് പരിശോധനയിൽ വ്യക്തമായി. കാമ്പസിനുള്ളിലെ കുളങ്ങളിലെ വെള്ളത്തിന് വേണ്ടി ആനകൾ ഇടക്കിടെ കാമ്പസിൻറെ ചുറ്റുമതിൽ നശിപ്പിച്ചെത്തുന്നത്.
എൻ.സി.സി കേഡറ്റുകളുടെ പറക്കൽ പരിശീലനത്തിനായി എൻ.സി.സി എയർസ്ട്രിപ്പിൻറെ നിർമാണം നടത്തിയത് പെരിയാർ ടൈഗർ റിസർവിനോട് ചേർന്നാണ്. 2017-ൽ, കേരള പൊതുമരാമത്ത് വകുപ്പ്, പെരിയാർ കടുവാ സങ്കേതത്തിൻ്റെ അതിർത്തിയിൽ നിന്ന് 630 മീറ്റർ മാത്രം അകലെ, വനം വകുപ്പിൻ്റെ കൈവശമുള്ള സ്ഥലത്ത് എയർസ്ട്രിപ്പ് നിർമിക്കാൻ തുടങ്ങി.
പരിസ്‌ഥിതി ആഘാത വിലയിരുത്തൽ നടത്താതെയും, ആവശ്യമായ പരിസ്ഥിതി അനുമതികൾ നേടാതെയുമാണ് പദ്ധതി ആരംഭിച്ചതെന്ന് കോട്ടയത്തെ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (വന്യജീവി), പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്‌റ്റിന് മുമ്പാകെ റിപ്പോർട്ട് ചെയ്ത (2021 ഒക്ടോബർ). ആന, കടുവ തുടങ്ങിയ മുൻനിര ഇനങ്ങളുൾപ്പെടെയുള്ള, ജൈവവൈവിധ്യത്താൽ സമ്പന്നമായ ഒരു പരിസ്‌ഥിതിയുടെ ശബ്ദപശ്ചാത്തലത്തെ എയർസ്ട്രിപ്പിന്റെ പ്രവർത്തനം ബാധിക്കും. ഇത് മനുഷ്യ-വന്യജീവി സംഘർഷം കൂടുതൽ വർദ്ധിപ്പിക്കും. ! വന്യജീവികളുടെ സംരക്ഷണത്തിനുള്ള പ്രാധാന്യത്തെക്കുറിച്ചും അവയിലുണ്ടായേക്കാവുന്ന പ്രതികൂല ആഘാതത്തെക്കുറിച്ചും യഥാസമയം സർക്കാരിനെ അറിയിക്കുന്നതിൽ വകുപ്പ് പരാജയപ്പെട്ടു. 2021 ഒക്ടോബറിൽ, പദ്ധതി ഏതാണ്ട് പൂർത്തിയായപ്പോൾ മാത്രമാണ്. ആവശ്യമായ അനുമതികളെക്കുറിച്ചും പരിസ്ഥിതിക്ക് ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും വകുപ്പ് സർക്കാരിനെ അറിയിച്ചത്.
വനത്തിന് സമീപം വികസന പദ്ധതികൾ ആരംഭിക്കുന്നതിന് മുമ്പ് ആസൂത്രണത്തിൻറെയും ആഘാത പഠനങ്ങളുടെയും അഭാവം വന്യജീവികളുടെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു. ഇത് മനുഷ്യ-വന്യജീവി സംഘർഷങ്ങളുടെ വർധനവിന് ഇടയാക്കിയെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. സർക്കാർ നൽകിയ മറുപടി പ്രകാരം ആസൂത്രിതമല്ലാത്ത വികസനം. എക്കോ-ടൂറിസം, റിസോർട്ടുകളിൽനിന്ന് ആളുകൾക്ക് വനത്തിനുള്ളിലേക്ക് പ്രവേശിക്കാനുള്ള ട്രെക്കിങ് പാതകൾ തുടങ്ങിയവ കാരണം സ്വാഭാവിക ആനത്താരകൾ നശിപ്പിക്കപ്പെട്ടു. വന്യജീവി ആവാസ വ്യവസ്‌ഥയിലേക്കുള്ള മനുഷ്യരുടെ കടന്നുകയറ്റവും പ്രവർത്തനങ്ങളുമാണ് മനുഷ്യ-വന്യജീവി സംഘർഷങ്ങൾ വർധിക്കുന്നതിന്റെ പ്രധാന കാരണമെന്നും റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.