പരിസ്ഥിതി പുനരുദ്ധാരണ പദ്ധതി നടത്തിപ്പിൽ വനംവകുപ്പ് പരാജയമെന്ന് റിപ്പോർട്ട്

കോഴിക്കോട് : പരിസ്ഥിതി പുനരുദ്ധാരണ പദ്ധതി നടത്തിപ്പിൽ വനംവകുപ്പ് പരാജയമെന്ന് സി.എ.ജി റിപ്പോർട്ട്. മനുഷ്യനും വന്യജീവിക്കും അപകടകരമായ അക്കേഷ്യ വാറ്റിൽ യൂക്കാലിപ് തോട്ടങ്ങൾ ഘട്ടംഘട്ടമായി പ്രകൃതിദത്ത വനങ്ങളാക്കി മാറ്റണമെന്ന് നിർദേശം നൽകിയെങ്കിലും വകുപ്പ് അത് കൃത്യമായി പാലിക്കുന്നില്ലെന്നാണ് റിപ്പോർട്ട് അടിവരയിടുന്നത്. വനം വകുപ്പ് 1995 മുതൽ വാറ്റിൽ നടുന്നത് നിർത്തി. 2018 മുതൽ അക്കേഷ്യ, യൂക്കാലിപ്റ്റസ് എന്നിവ നടുന്നതും അവസാനിപ്പിച്ചു. എല്ലാ ടെറിട്ടോറിയൽ ഡിവിഷനുകളുടെയും വർക്കിങ് പ്ലാനുകളിൽ വാറ്റിൽ, യൂക്കാലിപ്റ്റസ്, അക്കേഷ്യ തോട്ടങ്ങൾ ഘട്ടം ഘട്ടമായി പ്രകൃതിദത്ത വനങ്ങളാക്കി മാറ്റാനും നിർദ്ദേശിച്ചു. എന്നാൽ, അതെല്ലാം കടലാസിൽ ഒതുങ്ങിയെന്നാണ് പരിശോധനയിലെ കണ്ടെത്തൽ.

2016 ലെയും 2021 ലെയും വനം സ്റ്റാറ്റിക്സിലെ കണക്കുകൾ പരിശോധിച്ചതിൽ 2021 മാർച്ച് 31 വരെ അക്കേഷ്യ 3,076.68 ഏക്കറും(1,245.09 ഹെക്ടറും) വാറ്റിൽ 2,068.14 ഏക്കറും( 836.95 ഹെക്ടറും) വർധിച്ചു. തിരുവനന്തപുരം ഡിവിഷനു കീഴിലുള്ള മൂന്ന് അക്കേഷ്യ തോട്ടങ്ങളിൽ, പെരിങ്ങമല സെക്ഷനിൽ 2010-ൽ ഔഷധച്ചെടികളും (4.16 ഹെക്ടർ), ഭരതന്നൂർ സെക്ഷനിൽ 2017-ൽ മുളയും (4.18 ഹെക്ടർ), വിവിധ ഇനം ചെടികളും (49.4 ഹെക്ടർ) നട്ടുപിടിപ്പിച്ച് പരിസ്ഥിതി പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. എന്നാൽ, 2021ലെ സംയുക്ത പരിശോധനയിൽ, പല പ്രദേശങ്ങളിലും വീണ്ടും നട്ടുവളർത്തിയ തദ്ദേശീയ ഇനങ്ങളുടെ വളർച്ച അക്കേഷ്യ മൂലം മുരടിച്ചുവെന്ന് കണ്ടെത്തി. ഇത് അക്കേഷ്യ തോട്ടങ്ങളിലെ പരിസ്ഥിതി പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ആസൂത്രണം, നടപ്പാക്കൽ എന്നിവയിൽ വനംവകുപ്പിന് സംഭവിച്ച വീഴ്ചയാണ്.

പൊതുമേഖലയിലെ വിവിധ വ്യവസായങ്ങൾക്ക് അസംസ്കൃത വസ്‌തുക്കൾ വിതരണം ചെയ്യുന്നതിനാണ് അക്കേഷ്യ, യൂക്കാലിപ്റ്റസ്, വാറ്റിൽ എന്നിവ നട്ടുപിടിപ്പിച്ചത്. വന്യമ്യഗങ്ങൾക്ക് വെള്ളം, ഭക്ഷണം എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും അവയുടെ ആവാസവ്യവസ്‌ഥ മെച്ചപ്പെടുത്തുന്നതിനുമായി വിദേശ സസ്യങ്ങൾ ഘട്ടം ഘട്ടമായി നീക്കം ചെയ്യുന്നതിന് സംസ്ഥാനം പരിസ്ഥിതി പുനരുദ്ധാരണ നയം രൂപീകരിച്ചു. തോട്ടങ്ങളിലെ വിദേശ ഇനങ്ങളുടെ വിസ്തൃതിയിലുള്ള വർധനവ് സംബന്ധിച്ച ഓഡിറ്റ് നടത്തിയ നിരീക്ഷണത്തിന്മേൽ സർക്കാർ സംവിധാനം നിശബ്ദരാണ്.

സംസ്ഥാനത്തെ വനഭൂമി അശാസ്ത്രീയമായി ഏകവിളത്തോട്ടങ്ങളാക്കി മാറ്റുന്നത് ജലത്തിന്റെയും ഭക്ഷണത്തിന്റെയും ലഭ്യതയെ ബാധിച്ചു. പുൽമേടുകളെ തോട്ടങ്ങളാക്കി മാറ്റുക, യൂക്കാലിപ്റ്റസ്, വാറ്റിൽ തുടങ്ങിയ തദ്ദേശീയമല്ലാത്ത ഇനങ്ങളെ വ്യാപകമായി നട്ടുപിടിപ്പിക്കുക എന്ന നയം വനം വകുപ്പിന് നേരത്തെ ഉണ്ടായിരുന്നു. ഇത്തരം തോട്ടങ്ങൾ കുറഞ്ഞ കാലത്തിനുള്ളിൽ പടർന്നു പിടിക്കുകയും, പുൽമേടുകളേയും ചോല വനങ്ങളേയും നശിപ്പിക്കുകയും ചെയ്തു. ഇത്തരം തോട്ടങ്ങൾ പുൽമേടുകളുടെ വിസ്തീർണം കുറച്ചു. സസ്യഭുക്കുകളായ മൃഗങ്ങളുടെയും തീറ്റ കണ്ടെത്തുന്നതിനുള്ള പ്രധാന പ്രദേശം നഷ്ടപ്പെട്ടു.

പുൽമേടിന്റെ ജലശാസ്ത്രപരമായി പ്രവർത്തനങ്ങളെ ഇത് പ്രതികൂലമായി ബാധിച്ചു. അത് മണ്ണിന്റെ ഈർപ്പം വൻതോതിൽ കുറയുന്നതിന് കാരണമായി. പുൽമേടുകളുടെ വിസ്തൃതി കുറയുന്നത് ആനകളുടെയും മറ്റ് സസ്യഭുക്കുകളായ മൃഗങ്ങളുടെയും വന്യജീവി ആവാസവ്യവസ്‌ഥയെ നശിപ്പിക്കുകയും ഭക്ഷണവും വെള്ളവും തേടി കാട്ടിൽ നിന്ന് പുറത്തുവരാൻ നിർബന്ധിതരാക്കുകയും ചെയ്യുന്നു. എന്നാൽ, ഇതിനൊന്നും പരിഹാരം കാണാൻ വനംവകുപ്പിന് കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ട്. 

Tags:    
News Summary - It is reported that the forest department has failed in implementing the environmental restoration project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.