കോഴിക്കോട് : അടിമാലിയിൽ ട്രൈബൽ വികസന ഓഫീസ് ആദിവാസികളുടെ കോർപ്പസ് ഫണ്ട് ചെലവഴിച്ചതിൽ വൻവീഴ്ച വരുത്തിയെന്ന് ധനകാര്യ റിപ്പോർട്ട്. ഈ പട്ടിക പരിശോധിച്ചാൽ വിവിധ ഗ്രാമപഞ്ചായത്തുകൾക്ക് കോർപ്പസ് ഫണ്ട് ഇനത്തിൽ അനുവദിച്ച് നൽകിയ 95,95,000 രൂപയുടെ പ്രവർത്തികൾ നാളിതുവരെ ആരംഭിച്ചിട്ടില്ല. ചില പദ്ധതികൾ പൂർത്തീകരിച്ചതിന് ശേഷവും ബന്ധപ്പെട്ട നിർവഹണ ഏജൻസികളുടെ പക്കൽ 7,89,261 രൂപ അവശേഷിക്കുന്നു. പട്ടിക വർഗ വിഭാഗത്തിനായി ചെലവഴിക്കേണ്ട തുകകൾ നിഷ് ക്രിയമായി സൂക്ഷിച്ചിരിക്കുകയാണ്.
കോർപ്പസ് ഫണ്ടിൽനിന്ന് മാങ്കുളം ഗ്രാമപഞ്ചായത്തിലെ മാങ്ങപ്പാറ വാലായ്മപുര നിർമാണത്തിന് 12 ലക്ഷം രൂപ അനുവദിച്ചു. പ്രവർത്തി ആരംഭിച്ചിട്ടില്ല. പദ്ധതി ആരംഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ പൂർത്തിയാക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് 2017 സെപ്റ്റംബർ 27, 2018 ഒക്ടോബർ 30, 2021 ജനുവരി 22 എന്നീ തീയതികളിൽ കത്ത് നൽകിയിരുന്നു. റിപ്പോർട്ട് നൽകിയിട്ടില്ല. മാങ്കുളം ഗ്രാമഞ്ചായത്തിൽ വേലിയാം പാറ കൊച്ചുരാമൻപടി റോഡിന് 4.95 ലക്ഷം അനുവദിച്ചു. പ്രവർത്തി ഇപ്പോഴും ആരംഭിച്ചില്ല. പദ്ധതി ആരംഭിക്കുന്നതിനാൽ ഇടുക്കി കളക്ടർക്കും ഡി.ഡി.പിക്കും 2021ലും 2023ലും റിപ്പോർട്ട് ചെയ്തു. ഒന്നും സംഭവിച്ചില്ല.
ഇടമലക്കുടി ഹെൽത്ത് കെയറിന് ചിത്തിരപുരം സി.എച്ച്.സി മെഡിക്കൽ ഓഫിസർക്ക് 7,33,917 രൂപ അനുവദിച്ചു. അതിൽ 2,20,856 രൂപ ചെലവഴിച്ചു. ബാക്കി 5,13,061 രൂപ ഇടമലക്കുടിയിൽ പ്രവർത്തിക്കുന്ന പി.എച്ച്.സിയിലേക്ക് കൈമാറുന്നതിനോ തിരിച്ചടക്കുന്നതിനോ അനുമതിക്കായി മെഡിക്കൽ ഓഫീർ കത്ത് നൽകി. പാലപ്പെട്ടിക്കുടി ഏകാധ്യാപക സ്കൂൾ നവീകരണത്തിന് 34 ലക്ഷം രൂപ അനുവദിച്ചു. ഇതുവരെ പ്രവർത്തി ആരംഭിച്ചിട്ടില്ല. 2018, 2020, 2021.2022 വർഷങ്ങളിൽ തുക തിരിച്ചടക്കുന്നതിന് സെക്രട്ടറിക്ക് നിർദേശം നൽകി. തുക നാളിതുവരെ തിരിച്ചടച്ചിട്ടില്ല.
കമ്പിനിക്കുടി ഏകാധ്യാപക സ്കൂൾ നവീകരണത്തിന് 35 ലക്ഷം അനുവദിച്ചു. പ്രവർത്തി ഇതുവരെ ആരംഭിച്ചിട്ടില്ല. ആരംഭിക്കാത്തതിനാൽ പദ്ധതി നടപ്പാക്കേണ്ടതില്ലെന്ന് 2022 ഫെബ്രുവരിയിൽ ഓഫീസിൽ നിന്നും നിർദേശം നൽകി. പുതിയ പദ്ധതികൾ നടപ്പാക്കുന്നതിന് അനുമതിക്കായി പട്ടികവർഗ ഡയറക്ടർക്ക് കത്ത് നൽകി. വേലിയാമ്പാറ സാമൂഹ്യ പഠനം മുറി നവീകരണത്തിന് 10.10 ലക്ഷം നൽകി. നിർമാണം പൂർത്തീകരിച്ചിട്ടില്ല.
നിർമ്മാണം പാതിവഴി കഴിഞ്ഞപ്പോൾ എസ്റ്റിമേറ്റ് അധികരിച്ചതായി ഗ്രാമപഞ്ചായത്ത് റിപ്പോർട്ട് ചെയ്തു. ഭിത്തി നിർമ്മാണം പൂർത്തീകരിച്ചിട്ടില്ല. അടിമാലി ഗ്രാമപഞ്ചായത്തിൽ കൊരങ്ങാട്ടി പാടശേഖരം കനാൽ നിർമാണം 10 ലക്ഷം രൂപ അനുവദിച്ചു. പ്രാഥമിക പ്രവർത്തികൾ മാത്രം ആരംഭിച്ചു. പ്രവർത്തി പൂർത്തീകരിച്ച് നൽകാൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിർദേശം നൽകി.
പട്ടികവർഗ മേഖലയിലെ പദ്ധതികളുടെ മോണിറ്ററിങ് കാര്യക്ഷമായി നടക്കുന്നുമില്ല. ഉദാഹരണത്തിന് മാങ്കുളം ഗ്രാമപഞ്ചായത്തിലെ വേലിയാംപാറ സാമൂഹ്യ പഠനമുറി നവീകരണം എന്ന പ്രവർത്തിക്കായി ഗ്രാമ പഞ്ചായത്തിന് 10,10,000 രൂപ അനുവദിച്ച് നൽകിയെങ്കിലും ഈ പ്രവർത്തി പാതിവഴി കഴിഞ്ഞപ്പോൾ എസ്റ്റിമേറ്റ് തുക അധികരിച്ചതായി ഗ്രാമപഞ്ചായത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. റൂഫ് കോൺക്രീറ്റ് ചെയ്തിട്ടുള്ളതാണ്. ഭിത്തി നിർമാണം പൂർത്തീകരിച്ചിട്ടില്ല. അതിനാൽ ഈ പ്രവർത്തിക്കായി ചെലവഴിക്കുന്ന തുകകൾ പാഴായി.
കോർപ്പസ് ഫണ്ട് 25 ലക്ഷം രൂപ വരെയുള്ള പദ്ധതികൾക്ക് പട്ടിക വർഗ വികസനത്തിനു വേണ്ടി ജില്ലകളിൽ രൂപീകരിച്ചിട്ടുള്ള ജില്ലാതല കമ്മിറ്റികൾക്ക് അനുവാദം നൽകാം. ജില്ലകൾക്ക് അനുവദിക്കുന്ന തുക റോഡ്, എന്നിവയുടെ നിർമാണത്തിന് ഉപയോഗിക്കാൻ പാടില്ല. റോഡുകളുടെയും പാലങ്ങളുടെയും നിർമാണത്തിനുള്ള പദ്ധതികൾ ജില്ലാതല വർക്കിങ് ഗ്രൂപ്പുകളുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ സംസ്ഥാനതല വർക്കിങ് ഗ്രൂപ്പാണ് അനുവാദം നൽകുന്നത്.
സംസ്ഥാനതല വർക്കിങ് ഗ്രൂപ്പുകളുടെ അംഗീകാരം ലഭിക്കുന്ന പ്രോജക്ടുകൾക്ക് പട്ടിക വർഗ ഡയറക്ട്റേറ്റിൽ നിന്നുമാണ് തുകകൾ അനുവദിക്കുന്നത്. ഈ പദ്ധതി പ്രകാരം നടപ്പിലാക്കുന്ന പ്രവർത്തികൾ നിരീക്ഷിക്കുന്നതിന് സ്ഥലത്തെ എം.എൽ.എ ചെയർമാനായ സമിതി നിലവിലുണ്ട്. എന്നാൽ, എല്ലാ സംവിധാനവും നിഷ്ക്രിയമാണെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.