അക്ഷയ സെന്‍ററുകളിൽ പിഴവെന്ന് ഐ.ടി മിഷൻ; വ്യാജ കേന്ദ്രങ്ങൾക്ക് തടയിടണമെന്ന് സംരംഭകർ

കോട്ടയം: അക്ഷയ സെന്‍ററുകൾ വഴി പ്രഫഷനൽ കോഴ്സുകളിലേക്ക് അപേക്ഷ സമർപ്പിക്കുമ്പോൾ പിഴവുകൾ സംഭവിക്കുന്നതായും ഇത് ഒഴിവാക്കണമെന്നും സംസ്ഥാന ഐ.ടി മിഷൻ. പ്രഫഷനൽ കോഴ്സുകളിലേക്കുള്ള കീം അപേക്ഷ സമർപ്പണ നടപടികൾ ജനുവരി ഒന്നുമുതൽ ആരംഭിക്കുകയാണ്. വിവിധ സംവരണാനുകൂല്യങ്ങൾ ലഭിക്കുന്നതിന് വിദ്യാർഥികൾ പല തരം സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം നൽകണം.

ഇത്തരത്തിൽ അപേക്ഷ സമർപ്പിക്കുമ്പോൾ വ്യാജ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യുക, ഫോട്ടോ മാറിപ്പോവുക, രേഖകൾ മാറിപ്പോവുക, ടൈപ് ചെയ്യുന്ന വിവരങ്ങൾ തെറ്റുക തുടങ്ങിയ പിഴവുകൾ സംഭവിക്കുന്നതായും ഇതുമൂലം വിദ്യാർഥികൾക്ക് ആനുകൂല്യങ്ങൾ നഷ്ടപ്പെടുകയും നിയമനടപടികൾ നേരിടേണ്ടിവരുകയും ചെയ്യുന്നു എന്ന് പ്രവേശന പരീക്ഷാ കൺട്രോളർ അറിയിച്ചിരുന്നു.

ഇത് കണക്കിലെടുത്താണ് ഐ.ടി മിഷൻ അക്ഷയ ജില്ല പ്രോജക്ട് മാനേജർമാർക്ക് നിർദേശം നൽകിയത്. ഇതിനെതിരെ അക്ഷയ സംരംഭകർ പ്രതിഷേധവുമായി രംഗത്തെത്തി. അക്ഷയ സെന്‍ററുകളെക്കാൾ കൂടുതൽ വ്യാജ സേവനകേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സംസ്ഥാനത്ത് അതിനെതിരെ നടപടിയില്ലാത്തതാണ് സംരംഭകരെ ചൊടിപ്പിക്കുന്നത്. അക്ഷയ സെന്‍ററുകളിൽ പിഴവ് കണ്ടെത്തിയാൽ നടപടിയെടുക്കാനാകുമെന്ന് സംരംഭകർ ചൂണ്ടിക്കാട്ടുന്നു. കോമൺ സർവിസ് സെന്‍ററുകൾ എന്ന വ്യാജേന അംഗീകാരമില്ലാത്ത നിരവധി കേന്ദ്രങ്ങളാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്. ഈ വ്യാജകേന്ദ്രങ്ങൾ വഴി വൻതോതിൽ അപേക്ഷ സമർപ്പിക്കപ്പെടുന്നുണ്ട്.

സർക്കാർ സേവനങ്ങൾ നൽകുന്നതിനും വിലപ്പെട്ട സർട്ടിഫിക്കറ്റുകൾ കൈകാര്യം ചെയ്യുന്നതിനും ഈ കേന്ദ്രങ്ങൾക്ക് അനുമതിയില്ല. ഇവയെ തടയാൻ ഐ.ടി മിഷൻ തയാറാവുന്നില്ല. ഇത്തരം കേന്ദ്രങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കാനോ ഫീസ് ഘടന നിശ്ചയിക്കാനോ സംവിധാനങ്ങളുമില്ല. വാണിജ്യാടിസ്ഥാനത്തിൽ അപേക്ഷകൾ സമർപ്പിക്കാൻ അക്ഷയ സെന്‍ററുകൾക്ക് മാത്രമാണ് സർക്കാർ അനുമതിയെന്നിരിക്കെയാണ് കോമൺ സർവിസ് സെന്‍ററുകൾ ഇത്തരം സേവനങ്ങൾ നൽകുന്നത്.

ഇവക്കെതിരെയോ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുന്ന കേന്ദ്രങ്ങൾക്കെതിരെയോ നടപടിയെടുക്കാതെ പഴി അക്ഷയ സെന്‍ററുകളുടെ തലയിലിടുകയാണെന്നാണ് സംരംഭകരുടെ പരാതി.

Tags:    
News Summary - IT mission says issue in Akshaya centers; Entrepreneurs want to stop fake centers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.