കൊച്ചി: ഒരു മുന്നണിക്കും പരസ്യ പിന്തുണ പ്രഖ്യാപിച്ചില്ലെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിൽ യാക്കോബായ വിശ്വാസികളുടെ മനസ്സ് എൽ.ഡി.എഫിനൊപ്പമായിരുന്നു. കോട്ടയം, എറണാകുളം ജില്ലകളിൽ യാക്കോബായ വിഭാഗത്തിന് പ്രാമുഖ്യമുള്ള സ്ഥലങ്ങളിൽ എൽ.ഡി.എഫ് നേടിയ മുന്നേറ്റം ഇതിന് തെളിവാണ്. സഭ തർക്കത്തിൽ സർക്കാർ സ്വീകരിച്ച മൃദുസമീപനത്തിന് പ്രത്യുപകാരമായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പിലെ പിന്തുണ. നിയമസഭ തെരഞ്ഞെടുപ്പിലും ഇതേ നിലപാട് തുടരണോ എന്ന കാര്യത്തിൽ തങ്ങളുടെ ആവശ്യങ്ങളിൽ സർക്കാർ സ്വീകരിക്കുന്ന സമീപനംനോക്കി തീരുമാനമെടുക്കാനാണ് സഭയുടെ നീക്കം.
എറണാകുളം ജില്ലയിൽ പിറവം, കൂത്താട്ടുകുളം, കോതമംഗലം നഗരസഭകളിൽ എൽ.ഡി.എഫിന് ഭരണം ലഭിച്ചത് യാക്കോബായ വിഭാഗത്തിെൻറ പിന്തുണയോടെയാണ്. വർഷങ്ങളായി യു.ഡി.എഫ് ഭരിക്കുന്ന മുളന്തുരുത്തി, ചോറ്റാനിക്കര പഞ്ചായത്തുകളും ഇത്തവണ എൽ.ഡി.എഫിനൊപ്പമാണ്. കുന്നത്തുനാട് മണ്ഡലത്തിൽ ട്വൻറി20 പിടിച്ച നാല് പഞ്ചായത്തുകൾ മാറ്റിനിർത്തിയാൽ എൽ.ഡി.എഫ്-യു.ഡി.എഫ് നേരിട്ട് ഏറ്റുമുട്ടിയ വടവുകോട്-പുത്തൻകുരിശ്, തിരുവാണിയൂർ എന്നിവിടങ്ങളിൽ എൽ.ഡി.എഫാണ് മുന്നിൽ. പൂതൃക്കയിൽ ആയിരം വോട്ടിെൻറ മാത്രം ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് മേൽക്കൈ നേടിയത്.
പള്ളിത്തർക്കം സജീവമായ മണ്ഡലങ്ങളാണ് പിറവം, കോതമംഗലം, കുന്നത്തുനാട് എന്നിവ. കോട്ടയം ജില്ലയിൽ യാക്കോബായ പക്ഷത്തിന് നിർണായക സ്വാധീനമുള്ള മണർകാട് പഞ്ചായത്തിൽ ആദ്യമായി എൽ.ഡി.എഫിന് ഭരണം ലഭിച്ചു. പള്ളം, പാമ്പാടി ബ്ലോക്കുകളും എൽ.ഡി.എഫിനാണ്. ചങ്ങനാശ്ശേരി, ഏറ്റുമാനൂർ നഗരസഭകളിൽ യാക്കോബായയുടെ യു.ഡി.എഫ് വിരുദ്ധ നിലപാട് എൽ.ഡി.എഫിനെ തുണച്ചു. യാക്കോബായ വിഭാഗത്തിന് സ്വാധീനമുള്ള വയനാട് അടക്കം മറ്റ് ജില്ലകളിലും ഇവരുടെ വോട്ട് എൽ.ഡി.എഫിനാണ് ലഭിച്ചത്.
കോടതി വിധി ഉണ്ടായിട്ടും കോതമംഗലം പള്ളിയടക്കം ഓർത്തഡോക്സ് വിഭാഗത്തിന് ഏറ്റെടുത്തു നൽകുന്നതിൽ സർക്കാർ താൽപര്യം കാണിക്കാതിരുന്നതാണ് യാക്കോബായ വിഭാഗത്തെ ഇടതുപക്ഷത്തേക്ക് അടുപ്പിച്ചത്. പള്ളിത്തർക്കത്തിൽ സർക്കാറും സി.പി.എമ്മും തങ്ങൾക്കൊപ്പം നിൽക്കുന്നുവെന്ന തോന്നൽ യാക്കോബായക്കാർക്കുണ്ട്. ആരാധന സ്വാതന്ത്ര്യം ഉൾപ്പെടെ ആവശ്യങ്ങൾ ഉന്നയിച്ച് വയനാട്ടിൽനിന്ന് തിരുവനന്തപുരത്തേക്ക് നടത്തിവരുന്ന അവകാശ സംരക്ഷണ യാത്രയോട് സർക്കാർ പുലർത്തുന്ന സമീപനം കണക്കിലെടുത്ത് ഭാവി രാഷ്ട്രീയനയം രൂപവത്കരിക്കാനാണ് സഭ നേതൃത്വത്തിെൻറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.