തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നുവെന്ന് അമ്മ വൈസ് പ്രസിഡന്റ് ജഗദീഷ്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തേണ്ടതാണെന്നും അക്കാര്യത്തിൽ നിന്ന് അമ്മക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ചേംബറിനും ഒഴിഞ്ഞു മാറാൻ കഴിയില്ലെന്നും ജഗദീഷ് പറഞ്ഞു.
അമ്മയുടെ പ്രതികരണം വൈകിതെന്ന് സമ്മതിച്ചുവെന്നും അതിന് ക്ഷമചോദിക്കുന്നുവെന്നും പറഞ്ഞു കൊണ്ടാണ് ജഗദീഷ് സംസാരം തുടങ്ങിയത്. സിനിമയിൽ ഉന്നത സ്ഥാനങ്ങളിലെത്തിയ നടിമാരിൽ പലരും വഴിവിട്ട ബന്ധങ്ങൾ വഴിയാണെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒരിടത്തും പറഞ്ഞിട്ടില്ല. ഹോട്ടൽ മുറിയിൽ വാതലിൽ മുട്ടിയെന്ന് റിപ്പോർട്ടിൽ നടിമാർ പരാതിപ്പെടുന്നുണ്ടെങ്കിൽ എവിടെ വെച്ച് എന്ന് നമ്മൾ ചോദിക്കേണ്ട കാര്യമില്ല. അതിനെ കുറിച്ച് അന്വേഷിക്കുകയാണ് വേണ്ടത്. ഇത് ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് മാറ്റിനിർത്തുന്നത് ശരിയല്ല. മറിച്ച് ഈ ഒറ്റപ്പെട്ട സംഭവം പോലും അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ട് വന്ന് കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കണമെന്നാണ് അഭിപ്രായം. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണം. അതിൽ നിന്ന് ഈ മേഖലയിലെ ആർക്കും ഒഴിഞ്ഞുമാറാൻ കഴിയില്ല. എല്ലായിടത്തും ഇതൊക്കെ നടക്കുന്നില്ലേ എന്ന പൊതുവത്കരണം ആവശ്യമില്ല. റിപ്പോർട്ടിലെ ഇരകളുടെ വിവരമാണ് രഹസ്യമാക്കി വെക്കേണ്ടത്. വേട്ടക്കാരുടെ വിവരങ്ങൾ പുറത്തുവിടണമെന്നും ജഗദീഷ് ആവശ്യപ്പെട്ടു.
തൊട്ടുമുമ്പ് നടന്ന അമ്മ പ്രതിനിധികളുടെ വാർത്താസമ്മേളനത്തിൽ മുറിയുടെ വാതിലിൽ മുട്ടിയെന്ന നടിയുടെ പരാതി ഒറ്റപ്പെട്ട സംഭവമാണെന്ന് ജനറൽസെക്രട്ടറി സിദ്ദീഖ് അഭിപ്രായപ്പെട്ടിരുന്നു. ഇതാണ് അമ്മയുടെ വൈസ് പ്രസിഡന്റ് കൂടിയായ ജഗദീഷ് തള്ളിയത്.
കോടതി കുറ്റവാളിയെന്ന് തീരുമാനിക്കുന്ന ആർക്കെതിരെയും അമ്മ നടപടിയെടുക്കും. കാസ്റ്റിങ് കൗച്ച് ചിലവനിതകൾ നേരിട്ടുണ്ടാകും. അവർക്ക് പരാതി രേഖപ്പെടുത്താം. ഇത്തരം പരാതികൾ ആവർത്തിക്കാതെ നോക്കുകയാണ് വൈസ് പ്രസിഡന്റ് എന്ന നിലയിൽ അമ്മയിൽ തന്റെ ചുമതലയെന്നും ജഗദീഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.