പാലക്കാട് നഗരസഭ ഓഫിസിന്​ മുകളിൽ സ്ഥാപിച്ച ‘ജയ്​ ശ്രീറാം’ ഫ്ലക്​സ്​ 

നഗരസഭയിൽ ജയ് ശ്രീറാം ഫ്ലക്സ്: ജാമ്യം കിട്ടാവുന്ന വകുപ്പ്​, ബി.ജെ.പി കൗണ്‍സിലര്‍മാരും പ്രതികളാകും

പാലക്കാട്: പാലക്കാട് നഗരസഭാ കെട്ടിടത്തിൽ ബി.ജെ.പി പ്രവർത്തകർ ജയ് ശ്രീറാം ഫ്ലക്സ് തൂക്കിയ സംഭവത്തില്‍ ബിജെപി കൗണ്‍സിലര്‍മാരും പോളിങ് ഏജന്‍റുമാരും പ്രതികളാകും. നഗരസഭ സെക്രട്ടറിയുടെ പരാതിയില്‍ ജാമ്യം കിട്ടാവുന്ന വകുപ്പു ചേര്‍ത്താണ് ടൗണ്‍ സൗത്ത് പൊലീസ്​ കേസെടുത്തത്.

ഭരണഘടനാ സ്ഥാപത്തിന് മുകളില്‍ മത ചിഹ്നങ്ങള്‍ ഉള്‍പ്പെടുന്ന ഫ്ളക്സ് കെട്ടിയെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് നഗരസഭ സെക്രട്ടറി രഘുരാമനാണ് ടൗണ്‍ സൗത്ത് പൊലീസില്‍ പരാതി നല്‍കിയത്. ഐ.പി.സി 153 ാം വകുപ്പ് പ്രകാരം ഇരുവിഭാഗങ്ങള്‍ തമ്മില്‍ ലഹളക്ക്​ കാരണമാകുന്ന തരത്തില്‍ പ്രവര്‍ത്തിച്ചു എന്നതാണ് കേസ്. ഒരുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റകൃത്യത്തില്‍ ബി.ജെ.പി പോളിങ്​ ഏജന്‍റുമാരും നിയുക്​ത കൗൺസിലർമാരും ഉള്‍പ്പടെ പത്തോളം പേര്‍ പ്രതികളാവും. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാവും പ്രതിചേര്‍ക്കുക.

ബുധനാഴ്ച തെരഞ്ഞെടുപ്പ്​ ഫലം പുറത്തുവന്നതിനു പിന്നാലെയാണ് പാലക്കാട് നഗരസഭ കെട്ടിടത്തിന്​ മുകളിൽ ബിജെപി പ്രവര്‍ത്തകര്‍ 'ജയ്​ശ്രീറാം' ബാനർ ഉയർത്തിയത്.​ വോ​െട്ടണ്ണൽ കേന്ദ്രം കൂടിയായിരുന്ന നഗരസഭ ഓഫിസി​െൻറ ഒരുഭാഗത്ത് 'ജയ് ശ്രീറാം' എന്ന ബാനറും മറ്റൊരു ഭാഗത്ത് നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും ചിത്രങ്ങളുള്ള ബാനറുമാണ് ഉയർത്തിയത്. പൊലീസെത്തി ഫ്ലക്സ് നീക്കിയെങ്കിലും പരാതി ലഭിക്കാതെ കേസെടുക്കില്ലെന്നായിരുന്നു ആദ്യ നിലപാട്. സംഭവത്തിൽ പരാതി നൽകില്ലെന്ന നിലപാടിലായിരുന്നു നഗരസഭ സെക്രട്ടറി രഘുരാമൻ. അതിനിടെ, കോണ്‍ഗ്രസും വി.കെ. ശ്രീകണ്​ഠൻ എം.പിയും ആദ്യം പരാതി നൽകി. പിന്നാലെ സി.പി.എമ്മും പരാതിയുമായെത്തി. വ്യാഴാഴ്​ച രാത്രിയോടെയാണ്​ നഗരസഭ സെക്രട്ടറി പരാതിനൽകിയത്​. തുടർന്ന്​ രാത്രി 9.30 ഓടെ കേസ്​ രജിസ്​റ്റർ ചെയ്യുകയായിരുന്നു​.

52 വാർഡുകളുള്ള നഗരസഭയിൽ ഇക്കുറി കേവല ഭൂരിപക്ഷത്തിനാവശ്യമായ 27 സീറ്റുകളിൽ ഒരെണ്ണമധികം നേടിയാണ് ബി.ജെ.പി ഭരണത്തുടർച്ച നേടിയത്​​. കഴിഞ്ഞ തവണ 24 സീറ്റാണുണ്ടായിരുന്നത്. യു.ഡി.എഫിന്​ 12 സീറ്റുകളും എൽ.ഡി.എഫിന്​ ആറുസീറ്റുകളുമാണുള്ളത്​.

വർഗീയ ചേരിതിരിവുണ്ടാക്കുകയാണ്​ ബി.ജെ.പിയുടെ ലക്ഷ്യമെന്നും നടപടി സ്വീകരിക്കണമെന്നും വി.കെ. ശ്രീകണ്​ഠൻ എം.പി പാലക്കാട്​ എസ്​.പിക്ക്​ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. നഗരസഭ ഒരു മതവിഭാഗത്തി​െൻറ കീഴിലായെന്ന സ​ന്ദേശം നൽകുന്നതാണ്​ ഇതെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പി നേതാക്കളുടെ അറിവോടെ ഒരു മതവിഭാഗത്തിെൻറ ചിഹ്നങ്ങളും മുദ്രാവാക്യവും ഉയർത്തിയത്​ സമൂഹത്തിൽ മതസ്പർധ വളർത്താനാണെന്ന്​ സി.പി.എം ആരോപിച്ചു​. പ്രകോപനവും കലാപവും സൃഷ്​ടിക്കാൻ ശ്രമിച്ച സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കണെമെന്ന് സി.പി.എം മുനിസിപ്പൽ സെക്രട്ടറി ടി.കെ. നൗഷാദ് ആവശ്യപ്പെട്ടു. ബാനർ ഉയർത്തിയതിനെതിരെ രാഷ്​ട്രീയ, സാംസ്​കാരിക മേഖലകളിലും സമൂഹ മാധ്യമങ്ങളിലും കടുത്ത പ്രതിഷേധവുമുയർന്നു.

എന്നാൽ, ഫ്ലക്​സ്​ ഉയർത്തിയത്​ നേതൃത്വത്തി​െൻറ അറിവോടെയല്ലെന്ന്​ ബി.ജെ.പി ജില്ല പ്രസിഡൻറ്​ ഇ. കൃഷ്ണദാസ്‌ പറഞ്ഞു. 1500ലധികം പ്രവർത്തകരാണ്​ നഗരസഭ പരിസരത്ത്​ തടിച്ചുകൂടിയത്​. അവർ നഗരസഭ ഓഫിസിനകത്ത്​ കടന്നിട്ടുണ്ടെങ്കിൽ ​െപാലീസിനാണ്​ ഉത്തരവാദിത്തമെന്നും കൃഷ്​ണദാസ്​ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.