ജലീൽ മലപ്പുറത്തെ ഒറ്റുകൊടുക്കുന്നു; പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്നും യൂത്ത് ലീഗ്

തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കെ.ടി. ജലീൽ എം.എൽ.എ നടത്തിയ പരാമർശത്തിനെതിരെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ്. ജലീൽ മലപ്പുറത്തെ ഒറ്റുകൊടുക്കുകയാണെന്നും പ്രസ്താവന പിൻവലിച്ച് കേരളീയ സമൂഹത്തോട് മാപ്പു പറയണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

ജലീലിന്റെ മുസ്ലിം വിരുദ്ധ പ്രസ്താവന വിദ്വേഷം ഉണ്ടാക്കുന്നതാണ്. മുഖ്യമന്ത്രിയുടെ കൈ പൊള്ളിയപ്പോൾ പി.ആർ. ഏജൻസി ഏൽപിച്ച ദൗത്യമാണ് ജലീൽ ഇപ്പോൾ ചെയ്യുന്നത്. ജലീൽ ഏറ്റെടുത്തത് ബി.ജെ.പിയുടെ പ്രചാരണമാണ്. സമുദായത്തിലെ ആരെങ്കിലും ചെയ്യുന്ന കുറ്റത്തിന് എല്ലാവരും എങ്ങനെ ഉത്തരവാദി ആകുമെന്നും ഫിറോസ് ചോദിച്ചു.

‘സമുദായത്തിനോ, നേതൃത്വത്തിനോ, വിശ്വാസത്തിനോ യാതൊരു പങ്കുമില്ലാത്ത കുറ്റകൃത്യത്തിൽ സമുദായ നേതാക്കന്മാർ മതവിധി പുറപ്പെടുവിക്കണമെന്ന് പറയാൻ ഇതെന്താ മതരാഷ്ട്രവാദമാണോ? അതിനകത്ത് ദുരുദ്ദേശ്യമുണ്ട്. കേരളത്തിൽ ധ്രുവീകരണമുണ്ടാക്കാൻ സി.പി.എം ക്വട്ടേഷൻ കൊടുത്ത വ്യക്തിയായി ജലീൽ മാറി. യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിനെ പോലെ ഒരു സമുയാദത്തെ ഒറ്റികൊടുക്കുന്ന വ്യക്തിയായി ജലീൽ മാറിയിരിക്കുന്നു. സർക്കാറിനെതിരെയും പൊലീസിനെതിരെയും ആപ്പ് തുടങ്ങിയ വ്യക്തി, മലപ്പുറത്തിനെതിരെയും ആപ്പുമായി വന്നിരിക്കുകയാണ്. പ്രസ്താവന പിൻവലിച്ച് സമുദായത്തോട് മാപ്പു പറയാൻ ജലീൽ തയാറാകണം’ -ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ, ജലീലിനെതിരെ മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമും രംഗത്തുവന്നിരുന്നു. സ്വർണക്കടത്ത് കേസുകളിൽ പിടിക്കപ്പെടുന്നവരിൽ കൂടുതലും മുസ്‍ലിം സമുദായത്തിൽ നിന്നുള്ളവരാണെന്ന ജലീലിന്‍റെ പരാമർശമാണ് വിവാദമായത്. സ്വർണക്കടത്തിൽ പങ്കാളികളാകുന്ന ഭൂരിഭാഗം മുസ്‍ലിംകളും ഇത് മതവിരുദ്ധമല്ലെന്നാണ് വിശ്വസിക്കുന്നതെന്ന് ജലീൽ പറഞ്ഞിരുന്നു.

ഒരു സമുദായത്തെ മുഴുവൻ കുറ്റവാളികളാക്കുന്നതാണ് ജലീലിന്‍റെ പ്രസ്താവനയെന്നും ഇത് അപകടകരമാണെന്നും സലാം പ്രതികരിച്ചു. എന്നാൽ, തന്‍റെ പരാമർശം മോശമായി ചിത്രീകരിച്ചെന്നും മുസ്ലിം സമൂഹത്തിന്‍െ നന്മക്കുവേണ്ടിയാണ് താൻ പറഞ്ഞതെന്നും ജലീൽ മറുപടി നൽകിയിരുന്നു.

താൻ സദുദ്ദേശ്യത്തോടെയുള്ള ഒരു പരാമർശമാണ് നടത്തിയത്. എന്നാൽ, തന്‍റെ വാക്കുകൾ വളച്ചൊടിച്ചു. സൈബർ ഇടത്തിൽ പരാമർശം തെറ്റായി പ്രചരിച്ചു. സ്വർണം കടത്തിയവരിൽ മത പണ്ഡിതനുമുണ്ട്. ഹജ്ജ് കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് സ്വർണം കടത്തിയത്. ലീഗ് വേദികളിൽ അദ്ദേഹം സംസാരിക്കാനെത്തി. ലീഗിന് ഇത് ഇപ്പോഴും തെറ്റാണെന്നറിയില്ല. ലീഗ് നിഷേധിച്ചാൽ പണ്ഡിതന്‍റെ പേര് വെളിപ്പെടുത്തും. തിരുത്തൽ വേണ്ടത് സമുദായത്തിൽനിന്ന് തന്നെയാണെന്നും ജലീൽ കൂട്ടിച്ചേർത്തു.

Tags:    
News Summary - Jaleel betrays Malappuram; must apologize -The youth league

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.