സർക്കാർ പറഞ്ഞിട്ടാണ് 20രൂപക്ക് ഊൺ വിളമ്പിയത്- ജനകീയ ഹോട്ടൽ ആക്ഷൻ കൗൺസിൽ

മലപ്പുറം: യു.ഡി.എഫോ ബി.ജെ.പിയോ നിർദേശിച്ചിട്ടല്ല കേരളത്തിൽ ജനകീയ ഹോട്ടലുകൾ തുടങ്ങി 20 രൂപക്ക് ജനങ്ങൾക്ക് ഊണ് കൊടുത്തതെന്നും സി.പി.എം നേതൃത്വം നൽകുന്ന സർക്കാർ പറഞ്ഞിട്ടാണ് ഈ പരിപാടി നടത്തിയതെന്നും ജനകീയ ഹോട്ടൽ ആക്ഷൻ കൗൺസിൽ. ബാഹ്യശക്തികളുടെ nപ്രേരണയാലാണ് ഞങ്ങൾ സമരം നടത്തിയത് എന്നാണ് എൽ.ഡി.എഫ് കൺവീനർ ഇ. പി ജയരാജന്റെ പ്രസ്താവന. ഇത് മുറിവിൽ മുളക് പുരട്ടുന്നതിന് സമാനമായി മാറിയെന്നും ജനകീയ ഹോട്ടൽ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.

20 രൂപക്ക് ഊണ് കൊടുക്കാൻ പറഞ്ഞ സർക്കാറിനോട് അതിനുവേണ്ടി സർക്കാർ വാഗ്ദാനം ചെയ്ത പണം ആവശ്യപ്പെട്ടു കൊണ്ടാണ് സെക്രട്ടേറിയറ്റിനു മുന്നിൽ സമരത്തിനും പോയത്. ബാഹ്യ ശക്തികളുടെ പ്രേരണയാൽ അല്ല സമരം ചെയ്തത്. വനിതകളുടെ സ്വന്തം ശക്തിയുടെ പിൻബലത്താലാണെന്നും അവർ പറഞ്ഞു. കോടികൾ ചെലവഴിച്ച് കേരളീയം ആഘോഷിച്ചു തിമർത്ത തിരുവനന്തപുരത്ത് അതിൻ്റെ പിറ്റേന്ന് തന്നെ വിശപ്പുരഹിത കേരളത്തിനുവേണ്ടി ചോറു വിളമ്പിയതിന്റെ പണം ചോദിച്ച് സമരം നടന്നത് സംസ്ഥാന സർക്കാറിന് നാണക്കേട് സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ, ഈ നാണക്കേട് ഞങ്ങളായിട്ട് വരുത്തി വെച്ചതല്ലെന്നും സർക്കാർ ഇരന്നു വാങ്ങിയതാണെന്നും ആക്ഷൻ കൗൺസിൽ ചെയർമാൻ പറമ്പൻ ലക്ഷ്മിയും കൺവീനർ സി എച്ച് സൈനബയും പറഞ്ഞു. ലഭിക്കുവാനുള്ള പണം വൈകിയാൽ കടുത്ത നടപടികളിലേക്ക് പോകുമെന്നും ആക്ഷൻ കൗൺസിൽ വ്യക്തമാക്കി.

വീട്ടിലേക്ക് യാചിച്ചു വന്നവന് പിച്ചയൊട്ട് കൊടുത്തതുമില്ല, പട്ടിയെ വിട്ട് കടിപ്പിക്കുകയും ചെയ്ത അനുഭവം പോലെയാണ് ഇടതുപക്ഷ സർക്കാറിന് നേതൃത്വം നൽകുന്ന എൽ ഡി എഫ് മുന്നണിയുടെ കൺവീനർ ഇ.പി ജയരാജന്റെ പ്രസ്താവനയിലൂടെ സംഭവിച്ചിട്ടുള്ളതെന്ന് അവർ ആക്ഷേപിച്ചു. ഇനിയും പറയിപ്പിക്കാൻ അവസരം ഉണ്ടാക്കാതെ പാവപ്പെട്ട കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് നൽകുവാനുള്ള പണം അനുവദിച്ചു നൽകുന്നതാണ് സർക്കാരിന്റെ മുഖം കൂടുതൽ വികൃതമാവാതിരിക്കാൻ നല്ലത്.

25കോടി രൂപ ഓണത്തോട് അനുബന്ധിച്ച് കുടുംബശ്രീ സംസ്ഥാന മിഷന് ധനകാര്യ വകുപ്പ് നൽകിയിട്ടുണ്ടെന്നാണ് ധനകാര്യ വകുപ്പ് മന്ത്രി ഞങ്ങൾ നിവേദനം നൽകിയപ്പോൾ മറുപടി പറഞ്ഞതെന്നും ഈ പണം നിങ്ങളുടെ കുടിശ്ശിക തീർക്കാൻ നൽകാതെ മറ്റെന്തിനാണ് ചെലവഴിച്ചത് എന്ന് അന്വേഷിക്കും എന്നുമാണ് അദ്ദേഹം പറഞ്ഞത്. ഓണത്തോട് അനുബന്ധിച്ച് ഒരു രൂപ പോലും സബ്സിഡി കുടിശ്ശികയിലേക്ക് കുടുംബശ്രീ സംസ്ഥാന മിഷനിൽ നിന്ന് ലഭിക്കുകയുണ്ടായിട്ടില്ല എന്ന് ഞങ്ങൾ മന്ത്രിയോട് മറുപടി പറഞ്ഞു. ഞങ്ങൾക്ക് ലഭിക്കുവാനുള്ള പണം ലഭിക്കുന്നത് ഇനിയും വൈകിയാൽ കടുത്ത നടപടികളിലേക്ക് പോകുമെന്നും ആക്ഷൻ കൗൺസിൽ വ്യക്തമാക്കി.

Tags:    
News Summary - Janakeeya Hotel Action Council against ldf govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.