തിരുവനന്തപുരം: വിശപ്പ് രഹിത കേരളത്തിനായി സംസ്ഥാന സർക്കാർ ആരംഭിച്ച ജനകീയ ഹോട്ടലുകൾ അടച്ചുപൂട്ടൽ വക്കിൽ. ഓരോ ഹോട്ടലിനും സർക്കാർ നൽകാനുള്ള കുടിശ്ശിക ലക്ഷങ്ങൾ കടന്നതോടെ രണ്ടു വർഷത്തിനിടെ മാത്രം സംസ്ഥാനത്ത് പൂട്ടിയത് 165 സ്ഥാപനങ്ങൾ. സർക്കാറിന്റെയും കുടുംബശ്രീയുടെയും വാക്ക് വിശ്വസിച്ച് ഇറങ്ങിയ അയ്യായിരത്തോളം വീട്ടമ്മമാരാണ് കടത്തിലായത്. പലരും ആത്മഹത്യയുടെ വക്കിലാണ്.
സാധാരണക്കാർക്ക് ന്യായമായ നിരക്കിൽ ഭക്ഷണം എന്ന പ്രഖ്യാപനവുമായാണ് മൂന്നു വർഷം മുമ്പ് കുടുംബശ്രീ നേതൃത്വത്തിൽ ജനകീയ ഹോട്ടലുകൾ തുറന്നത്. 20 രൂപക്ക് ഊണും 25 രൂപക്ക് ഊണ് പാർസലായും നൽകുന്ന ജനകീയ ഹോട്ടലുകൾക്ക് ഓരോ ഊണിനും 10 രൂപ വീതമാണ് സർക്കാർ സബ്സിഡി. ഇതു കൃത്യമായി നൽകാതെ വന്നതോടെ 1198ൽ 165 ഹോട്ടലും പൂട്ടി. ശേഷക്കുന്ന 1033 ജനകീയ ഹോട്ടലുകൾക്ക് സബ്സിഡി ഇനത്തിൽ നൽകാനുള്ളത് 35 കോടിയോളം രൂപയാണ്.
എറണാകുളം, തിരുവനന്തപുരം ജില്ലയിലെ പല ഹോട്ടലുകൾക്കും 14 മാസമായി സബ്സിഡി നൽകിയിട്ടില്ല. തിരുവനന്തപുരത്ത് ഡി.പി.ഐ ജങ്ഷനിൽ പ്രവർത്തിക്കുന്ന ഹോട്ടലിന് മാത്രം 32 ലക്ഷം കൊടുക്കാനുണ്ട്. മുഖ്യമന്ത്രിക്കും തദ്ദേശമന്ത്രിക്കും കുടുംബശ്രീക്കും നിരവധി പരാതി നൽകിയെങ്കിലും തിരിഞ്ഞുനോക്കുന്നില്ലെന്ന് വനിത ജീവനക്കാർ പറയുന്നു.
തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളുടെ വൈദ്യുതി, വെള്ളക്കരം അതത് തദ്ദേശസ്ഥാപനങ്ങൾ അടക്കണമെന്നാണ് നിബന്ധന. എന്നാൽ, പലയിടത്തും ഇത് പാലിക്കുന്നില്ല. തിരുവനന്തപുരം കോർപറേഷന്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലിന്റെ വൈദ്യുതി ബിൽ കോർപറേഷന് അടക്കാത്തതിന് തുടർന്ന് കെ.എസ്.ഇ.ബി മാർച്ചിൽ ഫ്യൂസ് ഊരി. തുടർന്ന് ജീവനക്കാർ ആഭരണം പണയം വെച്ചാണ് ബിൽ അടച്ച് കട തുറന്നത്.
പച്ചക്കറി അടക്കം അവശ്യസാധനങ്ങളുടെ വിലവർധനക്കു പുറമെ, പാചകവാതക വിലയിലും വൈദ്യുതി, വെള്ളം നിരക്കുകളിലുമുണ്ടായ വർധനയും തിരിച്ചടിയായി. കിലോക്ക് 10.90 രൂപ നിരക്കിൽ സപ്ലൈകോ അരി നൽകുന്നതാണ് ഏക ആശ്വാസം. വിലക്കയറ്റം പരിഗണിച്ച് ഊണിന് വില വർധിപ്പിക്കണമെന്നും അല്ലാത്തപക്ഷം കടകൾ അടച്ചുപൂട്ടേണ്ടിവരുമെന്നും ജീവനക്കാർ പറയുന്നു.കുടിശ്ശിക ഘട്ടം ഘട്ടമായി നൽകുമെന്നാണ് തദ്ദേശ വകുപ്പിന്റെ വിശദീകരണം.
ഞങ്ങളുടെ ഹോട്ടലിന് മാത്രം 14 മാസത്തെ സബ്സിഡിയായി സർക്കാർ തരാനുള്ളത് 32 ലക്ഷമാണ്. ഹോട്ടൽ അടക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും സർക്കാർ സമ്മതിക്കുന്നില്ല. കട അടച്ചാൽ സബ്സിഡി വൈകുമെന്നാണ് മന്ത്രി ഓഫിസിൽനിന്ന് പറയുന്നത്. കുറച്ചെങ്കിലും കിട്ടുന്നതിനുവേണ്ടിയാണ് വീണ്ടും കടംവാങ്ങി മുന്നോട്ടുകൊണ്ടുപോകുന്നത്. കടം തീർക്കാൻ ഭർത്താവിന്റെ ജീവനോപാധിയായിരുന്ന കാറും ഓട്ടോയും വിറ്റു.മക്കൾക്ക് സ്കൂൾ ഫീസ് അടക്കാൻ നിവൃത്തിയില്ലെന്ന് പറഞ്ഞപ്പോൾ സർക്കാർ സ്കൂളിലയച്ച് പഠിപ്പിക്കാനാണ് മന്ത്രി പറഞ്ഞത്. കടയിലെ ആറു പേരും ലക്ഷങ്ങളുടെ കടക്കാരികളാണ്. ഒരാൾ വാഹനം രണ്ടു ലക്ഷം രൂപക്ക് പണയം വെച്ചാണ് കഴിഞ്ഞ മാസം പച്ചക്കറി കടയിലെ കടം തീർത്തത്. പണം നൽകാനുള്ളവർ വീടുകൾ കയറിയിറങ്ങിത്തുടങ്ങി. ആത്മഹത്യ മാത്രമേ മുന്നിലുള്ളൂ.
-ജീന ചന്ദ്രൻ, ജനകീയ ഹോട്ടൽ ജീവനക്കാരി, തിരുവനന്തപുരം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.