പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമകളെ ആക്രമിച്ച് മൂന്നു കിലോ സ്വർണം കവർന്നു

പെരിന്തൽമണ്ണ: ജ്വല്ലറി അടച്ച് വീട്ടിലേക്കു പോവുകയായിരുന്ന ഉടമകളെ ആക്രമിച്ച് മൂന്നു കിലോഗ്രാം സ്വർണം കവർന്നു. പെരിന്തൽമണ്ണ ഊട്ടി റോഡിലെ കെ.എം ജ്വല്ലറി ഉടമകളായ യൂസുഫ്, സഹോദരൻ ഷാനവാസ് എന്നിവരെയാണ് പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ അലങ്കാർ തിയറ്ററിനു സമീപം വാഹനത്തിലെത്തിയവർ ആക്രമിച്ചത്.

സ്കൂട്ടറിന് വാഹനം വിലങ്ങിട്ട് മൂക്കിനിടിച്ചുവീഴ്ത്തി പിറകിലുള്ളയാളുടെ കൈവശമുണ്ടായിരുന്ന ബാഗ് കൈക്കലാക്കി കടന്നുകളയുകയായിരുന്നു. ഇതിനിടയിൽ മുഖത്തേക്ക് ഒരു സ്പ്രേയടിക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രി 8.45ഓടെയാണ് സംഭവം. പഴയ അലങ്കാർ തിയറ്ററിനു സമീപമാണ് ഇവരുടെ വീട്. വീടിനടുത്ത് എത്തുന്നതിന് അൽപം മുമ്പായിരുന്നു ആക്രമണവും കവർച്ചയും. മഹേന്ദ്ര കമ്പനിയുടെ വാഹനത്തിലാണ് ആക്രമികളെത്തിയത്. വാഹനം വിലങ്ങിട്ട് ഇറങ്ങലും സ്കൂട്ടറിലുള്ളവരെ ഇടിച്ചുവീഴ്ത്തലും ബാഗ് കൈക്കലാക്കി കടന്നുകളയലും ഏതാനും നിമിഷങ്ങൾകൊണ്ട് കഴിഞ്ഞിട്ടുണ്ട്.

വിവരമറിഞ്ഞ ജ്വല്ലറി അസോസിയേഷൻ ഭാരവാഹികൾ പൊലീസിൽ ബന്ധപ്പെട്ടതോടെ ആക്രമികളെ പിടികൂടാൻ പൊലീസ് പല സംഘങ്ങളായി അന്വേഷണം തുടങ്ങി. വാഹനം തിരിച്ചറിയാൻ കഴിഞ്ഞെങ്കിലും നമ്പർ വ്യാജമാണെന്ന സൂചനയുണ്ട്. പെരിന്തൽമണ്ണ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണ നടപടികൾ.

പെരിന്തൽമണ്ണ ഊട്ടി റോഡിൽ ചെറിയ ഷോറൂമിൽ വർഷങ്ങളായി ജ്വല്ലറി നടത്തിവരുന്നവരാണിവർ. വൈകീട്ട് എട്ടോടെ കടയടച്ച് മുഴുവൻ ആഭരണങ്ങളും തൂക്കിക്കണക്കാക്കി രേഖപ്പെടുത്തി ബാഗിൽ വീട്ടിലേക്ക് കൊണ്ടുപോകാറാണ് പതിവ്. യൂസുഫാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. ആക്രമികളുടെ മർദനത്തിൽ യൂസുഫിന് മുഖത്ത് പരിക്കേറ്റ് രക്തമൊഴുകി. പിന്നിലിരുന്നിരുന്ന ഷാനവാസിന്റെ ചുണ്ടും പൊട്ടി. അക്രമത്തിനിരയായവരിൽനിന്ന് പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തി.

Tags:    
News Summary - Jewellers attacked in Perinthalmanna, three kilos of gold stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.